പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഏഴാമത്തെ യുഎഇ സന്ദര്‍ശനം ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. സ്വാമിനാരായണ്‍ വിഭാഗം നിര്‍മിച്ചിരിക്കുന്ന ക്ഷേത്രം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമായും ആ രാജ്യം സന്ദര്‍ശിച്ചതെങ്കിലും അവിടെ കഴിയുന്ന മലയാളികളടക്കമുള്ള ഭാരതീയരുടെയെല്ലാം മനം കവര്‍ന്നാണ് പ്രധാനമന്ത്രി മോദി മടങ്ങുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ നടന്ന ‘അഹ്ലന് മോദി’ പരിപാടി ജനപങ്കാളിത്തംകൊണ്ടും അവര്‍ പ്രകടിപ്പിച്ച ആവേശംകൊണ്ടും വ്യത്യസ്തമായി. പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം 2015 ലാണ് മോദി ആദ്യമായി യുഎഇ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ സംബന്ധിക്കാനും യുഎഇ സന്ദര്‍ശിച്ചിരുന്നു. അഹ്ലാന് മോദി അഥവാ ഹലോ മോദി പരിപാടിയില്‍ അരലക്ഷത്തിലേറെപ്പേരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഭേദഭാവങ്ങളേതുമില്ലാതെ സ്വന്തം ജനതയെ ഒരു ഭരണാധികാരി എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു. പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ ഭാരത്മാതാ കി ജയ്, മോദി മോദി വിളികളോടെയാണ് അവര്‍ എതിരേറ്റത്. ഭാരതം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് മലയാളം ഉള്‍പ്പെടെയുള്ള ഭാരതീയ ഭാഷകളിലും അറബിയിലും പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ സ്റ്റേഡിയം കരഘോഷങ്ങളാല്‍ പ്രകമ്പനംകൊള്ളുകയായിരുന്നു. ഭാരതത്തിന്റെ സുഗന്ധം ഈ മണ്ണിലേക്ക് കൊണ്ടുവന്നിരിക്കുന്ന എന്റെ കുടുംബാംഗങ്ങളെ കാണാനാണ് താന്‍ വന്നിരിക്കുന്നതെന്ന മോദിയുടെ വാക്കുകള്‍ കാതുകൊണ്ടല്ല, ഹൃദയംകൊണ്ടാണ് അവര്‍ കേട്ടതും ഉള്‍ക്കൊണ്ടതും.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭാരതവും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുകയുണ്ടായി. ഇരുരാജ്യങ്ങളും വലിയ വ്യാപാര പങ്കാൡകളാണ്. 2022-23 ല്‍ പതിനാറ് ശതമാനത്തിന്റെ വര്‍ധനവാണ് വാണിജ്യ ഇടപാടുകളില്‍ ഉണ്ടാ യിരിക്കുന്നത്. യുഎഇയിലേക്കുള്ള ഭാരതത്തിന്റെ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പന്ത്രണ്ട് ശതമാനമാണ് വര്‍ധന. 2022-23 ലെ കണക്കനുസരിച്ച് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷ വിദേശനിക്ഷേപം നടത്തിയിട്ടുള്ള നാല് രാജ്യങ്ങളില്‍ ഒന്ന് യുഎഇയാണ്. യുഎഇയിലെ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും കാര്‍ബണ്‍ ബഹിര്‍ഗമനത്തെക്കുറിച്ചുമൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ ഹന്യാനും പ്രത്യേകം ചര്‍ച്ച നടത്തുകയുണ്ടായി. ഭാരതം അധ്യക്ഷപദവിയിലിരിക്കുമ്പോള്‍ യുഎഇയെ ജി-20 അംഗമാക്കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വലിയതോതില്‍ ശക്തിപ്പെടുത്തുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ഇസ്ലാമിക തീവ്രവാദ ശക്തികളെ നേരിടുന്നതിന് യുഎഇ അംഗമായ ഗള്‍ഫ് കോ-ഓപ്പറേഷന് കൗണ്‍സില്‍ രാജ്യങ്ങളിലുള്ള ഭാരതത്തിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനം സഹായകമാവുകയും ചെയ്യുന്നു. ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് ഭാരതീയരെ മോചിപ്പിക്കുന്നതിന് ഈ സ്വാധീനവും ഒരു ഘടകമാണ്. മതേതരത്വത്തിന്റെ വക്താക്കള്‍ ചമയുന്ന ഭരണാധികാരികള്‍ക്കൊന്നും ഇതിന് കഴിഞ്ഞിട്ടില്ലെന്ന് പ്രത്യേകം ഓര്‍ക്കണം.
യുഎഇ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഊഷ്മള ബന്ധവും, അബുദാബിയിലെ പൊതുപരിപാടിയില്‍ മോദിക്ക് ലഭിച്ച അത്യുജ്വല സ്വീകരണവും ഇവിടുത്തെ മോദിവിരോധികള്‍ കണ്ണുതുറന്ന് കാണട്ടെ. ഒരു ഇസ്ലാമിക രാജ്യമായ യുഎഇയുടെ പ്രസിഡന്റ് പ്രോട്ടോക്കോള്‍ മാറ്റിവച്ചാണ് വിമാനത്താവളത്തില്‍ വന്ന് മോദിയെ സ്വീകരിച്ചത്. മോദിയുടെ പ്രസംഗം കേള്‍ക്കാനെത്തിയവരില്‍ വലിയൊരളവോളം മുസ്ലിംവിശ്വാസികളായിരുന്നു. ഭാരത്മാതാ കി ജയ് എന്നു വിളിക്കാനും മോദി മോദി എന്നു മുദ്രാവാക്യം വിളിക്കാനും അവര്‍ക്ക് യാതൊരു മടിയുമുണ്ടായില്ല. മതവിഭാഗീയത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന്റെ ഭാഗമാണ് ഇവിടുത്തെ മോദിവിരോധമെന്ന് ഇതില്‍നിന്ന് വ്യക്തമാവുന്നു. പ്രധാനമന്ത്രി മോദി ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്ന അബുദാബിയിലെ സ്വാമിനാരായണ്‍ ശിലാക്ഷേത്രം മധ്യപൂര്‍വ ദേശത്തെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രമാണ്. 2015 ലെ സന്ദര്‍ശന സമയത്ത് നരേന്ദ്ര മോദിയാണ് അബുദാബിയില്‍ ഒരു ക്ഷേത്രമെന്ന ആവശ്യം മുന്നോട്ടുവച്ചത്. അത് അപ്പോള്‍ത്തന്നെ യുഎഇ പ്രസിഡന്റ് അംഗീകരിക്കുകയുണ്ടായി. ഏഴ് വര്‍ഷത്തിനുശേഷം മോദിതന്നെ ആ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിലും ചരിത്രപരമായ പ്രസക്തിയുണ്ട്. കടുത്ത ഇസ്ലാമിക മതവിശ്വാസങ്ങള്‍ പുലരുന്ന ഒരു നാട്ടില്‍ ഇങ്ങനെയൊരു ക്ഷേത്രം ഉയര്‍ന്നുവരാന്‍ ഇടയാക്കിയ മാറ്റം അഭൂതപൂര്‍വമാണ്. മോദി ഭരണത്തില്‍ ‘വിശ്വബന്ധു’ എന്ന നിലയ്ക്കുള്ള ഭാരതത്തിന്റെ ഉയര്‍ച്ചയാണ് ഇത്തരം മാറ്റങ്ങളില്‍ പരിണമിക്കുന്നതെന്ന് നിസ്സംശയം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: