ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് തള്ളിക്കളഞ്ഞ സ്വാമിനാഥന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവന കോണ്‍ഗ്രസിന് തിരിച്ചടിയാവുന്നു. കോണ്‍ഗ്രസിന്റെ കാപട്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്വാമിനാഥന് കമ്മിഷന്റെ ശിപാര്‍ശപ്രകാരം കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പു നല്‍കുമെന്നാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. എംഎസ്പി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകള്‍ ദല്‍ഹി മാര്‍ച്ച് നടത്തുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇതിലൂടെ 15 കോടി കര്‍ഷകരുടെ ജീവിതത്തിന് ക്ഷേമാഭിവൃത്തി ലഭിക്കുമെന്നും നീതിവഴിയിലൂടെയുള്ള യാത്രയില്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ ഗാരന്റിയാണെന്നുമാണ് രാഹുല്‍ പറഞ്ഞത്.
എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്ന യുപിഎ സര്‍ക്കാര്‍ മിനിമം താങ്ങുവില സംബന്ധിച്ച സ്വാമിനാഥന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കാനാവില്ലെന്നാണ് വ്യക്തമാക്കിയ വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2010ല്‍ കൃഷി സഹമന്ത്രിയായിരുന്ന പ്രൊഫ. കെ.വി. തോമസ് രാജ്യസഭയെ അറിയിച്ചത് ഈ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചില്ല എന്നാണ്. വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയും പ്രസക്തമായ വിവിധ ഘടകങ്ങള്‍ പരിഗണിച്ചും കമ്മിഷന് ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ്സ് ആന്‍ഡ് പ്രൈസ് (സിഎസിപി) ആണ് എംഎസ്പി ശിപാര്‍ശ ചെയ്തത്. അതിനാല്‍, ചെലവില്‍ കുറഞ്ഞത് 50ശതമാനം വര്‍ധനവ് നിര്‍ദേശിക്കുന്നത് വിപണിയെ ബാധിച്ചേക്കാം. എംഎസ്പിയും ഉല്പാദനച്ചെലവും തമ്മിലുള്ള മെക്കാനിക്കല്‍ ബന്ധം ചില സന്ദര്‍ഭങ്ങളില്‍ വിപരീതഫലം ഉണ്ടാക്കിയേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ശിപാര്‍ശ തള്ളിയത്. സ്വാമിനാഥന് കമ്മിഷന് ശിപാര്‍ശ നടപ്പാക്കുന്നത് സംബന്ധിച്ച ചോദ്യം ബിജെപി നേതാവ് പ്രകാശ് ജാവദേക്കറാണ് ഉന്നയിച്ചത്.
എന്നാല്‍ ഇതെല്ലാം മറച്ചുവച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും ജയറാം രമേശുമെല്ലാം രംഗത്തുവന്നിരിക്കുന്നത്. ഈ നിലപാടാണിപ്പോള്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: