കിളിമാനൂര്‍: കല്ലറ ഗ്രാമ പഞ്ചായത്തില്‍ 2023-24 കാലയളവിലെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. ഇതിന്റെയടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഓംബുഡ്സ്മാന് ശുപാര്‍ശ ചെയ്ത് ഉത്തരവിറക്കി. ജോലിയില്‍ ഏര്‍പ്പെടാതെ അനധികൃതമായി മസ്റ്റര്‍ റോളില്‍ ഒപ്പിട്ട് തുക കൈപ്പറ്റിയതിനെതിരെയും, തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കെടുക്കാത്ത തൊഴിലാളികളുടെ പേരില്‍ മേറ്റുമാര്‍ ഹാജര്‍ രേഖപ്പെടുത്തി അക്കൗണ്ടില്‍ വരുന്ന വേതനം തട്ടിയെടുക്കുന്നു എന്ന പരാതിയുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പഞ്ചായത്ത് അംഗം കല്ലറ ബിജുവും കുറുമ്പയം വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും നല്കിയ പരാതിയിലാണ് തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന് എല്‍. സാംഫ്രാങ്കഌന് ഉത്തരവ് പുറപ്പെടുവിച്ചത്. ജോലിക്ക് വരാത്ത ദിവസങ്ങളില്‍ പകരം ആളെ നിര്‍ത്തി ആള്‍മാറാട്ടം നടത്തി ഹാജര്‍ നല്‍കിയെന്നും അടക്കം നിരവധി കുറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഐപിസി 419 പ്രകാരം ആള്‍മാറാട്ടവും പണാപഹരണവും ഉള്‍പ്പെടെ തട്ടിപ്പ് നടത്തിയ മേറ്റുമാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് പോലീസ് കേസെടുത്ത് നടപടി സ്വീകരിക്കേണ്ടതാണെന്നും മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിട്ടുള്ളത് എന്നും പരാമര്‍ശിച്ചിട്ടുണ്ട്. തുടര്‍ നടപടിക്ക് തൊഴിലുറപ്പ് മിഷന് ഡയറക്ടറോടും തിരുവനന്തപുരം ജില്ലാ ജോയിന്റ് പ്രോഗ്രാം കോ ഓഡിനേറ്ററോടും ശുപാര്‍ശ ചെയ്തു.
മൂന്ന് തൊഴിലുറപ്പ് തൊഴിലാളികളെ മേറ്റ് സ്ഥാനത്ത് നിന്നും സ്ഥിരമായും രണ്ട് തൊഴിലുറപ്പ് തൊഴിലാളികളെ രണ്ട് വര്‍ഷക്കാലത്തേക്ക് നീക്കം ചെയ്യാനും ഉത്തരവായിട്ടുണ്ട്. കല്ലറ ഗ്രാമപഞ്ചായത്തില്‍ നിയമാനുസൃതമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചല്ല തൊഴിലുറപ്പ് നിര്‍വഹണം നടത്തുന്നതെന്നും ഉദേ്യാഗസ്ഥതല സംവിധാനം കാര്യക്ഷമമല്ലെന്നും ജനപ്രതിനിധികള്‍ നിയമം കൈയിലെടുത്ത് പ്രവര്‍ത്തിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും പഞ്ചായത്ത് സെക്രട്ടറിയുടെയും ഭരണസമിതിയുടെയും ഭാഗത്തും വീഴ്ച സംഭവിച്ചതായും പരാമര്‍ശ വിധേയര്‍ ഗുരുതര കുറ്റമാണ് ചെയിതതെന്നും ഓംബുഡ്സ് മാന്‍ കണ്ടെത്തിയിട്ടുണ്ട്.
ഇടതുപക്ഷം ആണ് കല്ലറ ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. കല്ലറ ഗ്രമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ കഴിഞ്ഞ മൂന്ന് വര്‍ഷക്കലത്തെ പ്രവര്‍ത്തനങ്ങള്‍ ലോക്കല്‍ ഫണ്ട് ആഡിറ്റ് വിഭാഗത്തിനെക്കൊണ്ടോ, വിജിലന്‍സ് വിഭാഗത്തെക്കൊണ്ടോ അന്വേഷിപ്പിക്കുന്നതിനും ഉത്തരവില്‍ പറയുന്നു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഫണ്ടില്‍ നിന്നും നഷ്ടപ്പെട്ട തുക എത്രയെന്ന് കണ്ടെത്തി മുപ്പത് ദിവസത്തിനകം ഫണ്ടിലേക്ക് തിരിച്ചടക്കുന്നതിനും ഉത്തരവ് സമയ ബന്ധിതമായി നടപ്പിലാക്കി റിപ്പോര്‍ട്ട് ചെയ്യുന്നതിനുമാണ് വാമനാപുരം ബ്ലോക്ക് പ്രോഗ്രം ഓഫീസര്‍ക്കും കല്ലറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ബന്ധപ്പെട്ട ജീവനക്കാര്‍ക്കും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന് ഉത്തരവ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: