തിരുവനന്തപുരം: സാധനങ്ങള്‍ ലഭിക്കാത്ത മാവേലി സ്റ്റോറിന്റെ പേരില്‍ നിന്നും മാവേലിയെ ഒഴിവാക്കണമെന്നും ‘കെ’ വെച്ച് വല്ല പേര് ഇട്ടാലും ആളുകള്‍ക്ക് വല്യപ്രതീക്ഷയും ഉണ്ടാകില്ലെന്നും പ്രതിപക്ഷം. സപ്ലൈകോയുടെ പ്രതിസന്ധി സംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയനോട്ടീസിനുള്ള ചര്‍ച്ചയിലാണ് പ്രതിപക്ഷം സര്‍ക്കാരിനെ പരിഹസിച്ചത്.
3000 കോടി ബാധ്യതയുള്ള സപ്ലൈകോയ്ക്ക് വിപണി ഇടപെടലിന് ബജറ്റില്‍ നല്‍കിയത് 205 കോടിയാണെന്നും കുത്തക കമ്പനികള്‍ക്ക് വഴിയൊരുക്കാന്‍ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് ദയാവധമൊരുക്കുന്നെന്നും ചൂണ്ടിക്കാട്ടി. വകുപ്പിന് വേണ്ട പണം അനുവദിക്കാതെ സര്‍ക്കാര്‍ തന്നെയാണ് സപ്ലൈകോയെ നശിപ്പിക്കുന്നത്. 2021- 22ലെ ബജറ്റില്‍ 150 കോടി രൂപ നീക്കിവെച്ചിട്ട് നല്‍കിയത് 75 കോടി. 2022-23ല്‍ ഒരു രൂപ പോലും നല്‍കിയില്ല. മാവേലി സ്റ്റോറില്‍ പോകുന്ന ആളുകള്‍ വെറുംകൈയോടെയാണ് മടങ്ങിവരുന്നത്. ദയവായി മാവേലിയെ പറയിപ്പിക്കുന്നത് നിര്‍ത്തണം.
കെ, വെച്ച് കെ റെയിലോ കെ ഫോമോ പോലുള്ള വല്ല പേരും ഇട്ടാലും ആളുകള്‍ക്ക് വല്യപ്രതീക്ഷ ഇല്ല. കേരളത്തില്‍ വിലക്കുറവുള്ള ഏക സാധനം മുഖ്യമന്ത്രിക്ക് മാത്രമാണ്. ബാക്കി എല്ലാത്തിനും വിലക്കൂടുതലാണെന്നും പ്രതിപക്ഷം പരിഹസിച്ചു. സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: