കൊച്ചി: കോഴിക്കോട്ടെ കോന്നാട് കടപ്പുറത്തെ ഒരു സംഘം സ്ത്രീകള്‍ ചൂലെടുത്ത് അവിടെ വഴിവിട്ട ബന്ധങ്ങളിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ ഓടിച്ച സംഭവത്തോട് ശക്തമായി പ്രതികരിച്ച് മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി നവ്യ ഹരിദാസ്.
“കോന്നാട് കടപ്പുറത്ത് ചൂലെടുത്ത് സ്ത്രീകള്‍ നടത്തിയ സമരത്തിനെതിരെ പ്രശ്നമുണ്ടാക്കാന്‍ ഡിവൈഎഫ് ഐ ഇറങ്ങുന്നതിന് മുന്‍പ് കോന്നാട് കടപ്പുറത്ത് ഇത്രയും കാലമുണ്ടായിരുന്ന സംഭവവികാസങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് ഒന്ന് പഠിക്കേണ്ടതായിരുന്നു. കോഴിക്കോട് നഗരത്തില്‍ 24 ഡാര്‍ക് സ്പോട്ടുണ്ട്. അത് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ള ഡാര്‍ക് സ്പോട്ടുകളാണ്. അതില്‍ ഒന്നാണ് കോന്നാട് കടപ്പുറം. അവിടെ മയക്കമരുന്ന് കച്ചവടം നടക്കുന്നു എന്ന പരാതി, പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിട്ടുണ്ട്.” – നവ്യ ഹരിദാസ് പറഞ്ഞു.
“നിങ്ങള്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ ഒന്ന് ചെന്ന് അന്വേഷിക്കണം. അവിടെ ബിജെപിയുടെ നേതൃത്വത്തില്‍ കോന്നാട് കടപ്പുറത്തെ മയക്കമരുന്ന് കച്ചവടം സംബന്ധിച്ച് പരാതികള്‍ നല്‍കിയിട്ടുണ്ട്.വെള്ളയില്‍ പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ ഒരു ജനമൈത്രി സംവിധാനമുണ്ട്. ആ ജനമൈത്രീവിഭാഗത്തിലും ബിജെപിയുടെ പരാതികള്‍ എത്തിയിട്ടുണ്ട്. ഈ കോന്നാട് കടപ്പുറത്തെ പ്രദേശവാസികളില്‍ നിന്നും ഒപ്പുശേഖരണം നടത്തി ഈ പരാതി രേഖാ മൂലം വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. അങ്ങിനെ ഭാരതീയ ജനതാ പാര്‍ട്ടി ഈ സാമൂഹിക വിഷയത്തില്‍ എടുക്കേണ്ടതായ എല്ലാ നടപടികളും എടുത്തിട്ടുണ്ട്.” – നവ്യ ഹരിദാസ് പറഞ്ഞതോടെ മഹിളാ മോര്‍ച്ചാ നേതാവിനെ പിച്ചിച്ചീന്താന്‍ വന്ന അവതാരകയ്ക്ക് അതില്‍ കഴമ്പുണ്ട് എന്ന ബോധ്യം വന്നു.
ഈ സമരം ബിജെപി മഹിളാമോര്ച്ചയുടേതാണെന്ന മാധ്യമപ്രചാരണം ശരിയല്ലെന്നും നവ്യ ഹരിദാസ് പറഞ്ഞു. “മഹിളാ മോര്‍ച്ചയുടെ ഒരു നേതാവിനെയെങ്കിലും നിങ്ങള്‍ ആ സമരത്തില്‍ കണ്ടോ? എന്തിന് പ്രാദേശിക നേതാവെങ്കിലും ആ സമരത്തില്‍ ഉണ്ടായിരുന്നോ? മഹിളാ മോര്‍ച്ചയുടെ കൊടിയുണ്ടായിരുന്നോ? ഇല്ല. ഇത് തികച്ചും പ്രാദേശികമായി നടന്ന സമരമാണ്. ബിജെപി മഹിളാമോര്‍ച്ചയുടെ ഏത് പരിപാടിയുണ്ടെങ്കിലും അതില്‍ പാര്‍ട്ടിയുടെ കൊടിയുണ്ടാകും, ബാനറുണ്ടാകും. ഇത് ഒരു പ്രാദേശിക സംഭവമാണ്.” -നവ്യ ഹരിദാസ് പറഞ്ഞു.
ഉടനെ നവ്യ ഹരിദാസിനെ കുടുക്കാന്‍ വീണ്ടും മാധ്യമപ്രവര്‍ത്തക ഇടപെട്ടു. പക്ഷെ ആ പ്രശ്നം ബിജെപി ജില്ലാ നേതൃത്വം ഏറ്റെടുത്തില്ലേ എന്നതായിരുന്നു ചോദ്യം. അതിനും വന്നു നവ്യയുടെ മറുപടി. ” ബിജെപി നേതാവ് വി.കെ. സജീവന് സ്ഥലത്തെത്തി. പ്രദേശവാസികളുമായി പ്രശ്നം ചോദിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ഇതില്‍ ഇടപെട്ടത്. ആ പ്രതിഷേധങ്ങള്‍ കഴമ്പുണ്ടെന്ന് തോന്നി.” – നവ്യ ഹരിദാസ് വിശദീകരിച്ചു.
കോഴിക്കോട് ജില്ലയിലെ കോന്നാട് കടപ്പുറത്ത് വഴിവിട്ട രീതിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നടത്തുന്ന അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ ബീച്ചില്‍ താമസിക്കുന്ന ഏതാനും സ്ത്രീകള്‍ ചൂലെടുത്ത് പ്രതികരിച്ചത് വലിയ വിവാദമായിരിക്കുകയാണ്. ഡിവൈഎഫ് ഐ സ്ത്രീകളുടെ ഈ സമരത്തെ എതിര്‍ത്ത് രംഗത്തെത്തിയതോടെ ഇത് ഒരു രാഷ്ട്രീയ ഏറ്റുമുട്ടലായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: