പത്തനംതിട്ട: പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം മുന്‍ പ്രസിഡന്റ് പി.ജി ശശികുമാരവര്‍മ്മ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ മൂലം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കൊട്ടാരത്തിലെ കുടുംബാംഗം അന്തരിച്ചതിലുള്ള അശൂലം മൂലം വലിയ കോയിക്കല്‍ ക്ഷേത്രം അടച്ചു.
കോട്ടയം കിടങ്ങൂർ പാറ്റിയാൽ ഗോദശർമ്മൻ നമ്പൂതിരിപ്പാടിന്റെയും പന്തളം അംബികാവിലാസം കൊട്ടാരത്തിൽ അംബിക തമ്പുരാട്ടിയുടെയും മകനായി 1952 മേയ് 13നാണ് ശശികുമാരവർമ്മ തമ്പുരാന്റെ ജനനം. ദേശാഭിമാനിയിൽ സബ് എഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശേഷം സെക്രട്ടേറിയേറ്റിൽ ജോലിയിൽ പ്രവേശിച്ചു. 2007ൽ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു. വിരമിച്ചതിന് ശേഷം വിവിധ സാമൂഹ്യ സംഘടനാ വിഷയങ്ങളിൽ സജീവമായി പങ്കെടുത്ത അദ്ദേഹം ദീർഘകാലം പന്തളം കേരളവർമ്മ സ്മാരക വായനശാലയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ക്ഷത്രിയ ക്ഷേമസംഭ സംസ്ഥാന പ്രസിഡന്റ് , സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. 1996ലെ ഇ കെ നായനാർ സർക്കാരിന്റെ കാലത്ത് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ പി എ ആയും വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പാലൊളിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിലെ മീര വർമ്മയാണ് ഭാര്യ.
സംസ്‌കാരം 14 ബുധനാഴ്‌ച്ച ഉച്ചക്ക് 3 മണിക്ക് നടക്കും. മരണത്തെ തുടർന്ന് വലിയ കോയിക്കൽ ക്ഷേത്രം 11 ദിവസം അടച്ചിടും. 24 ന് ശുദ്ധക്രിയകൾക്ക് ശേഷം ക്ഷേത്രം തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: