ഇടതുപക്ഷം വരും; എല്ലാം ശരിയാകും. പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ മലയാളികള്‍ക്ക് കൊടുത്ത മോഹന സുന്ദര വാഗ്ദാനമാണ് ഈ മുദ്രാവാക്യം. ഇതേപോലൊരു മുദ്രാവാക്യത്തിലാണ് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ഒരുകാലത്ത് സിപിഎം പാര്‍ട്ടി കൂടാരത്തില്‍ എത്തിച്ചത്. ‘നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ!’ എന്ന ആ വരികള്‍ ഒരിക്കലെങ്കിലും മൂളാത്ത ഗ്രാമീണര്‍ നാല്പത്, അമ്പതുവര്‍ഷം മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്നില്ല. കൊയ്ത പാടങ്ങള്‍ ഒന്നും കൊയ്ത്തുകാരുടേതായില്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം കുറെ പാവങ്ങള്‍ അടിയുമിടിയും വാങ്ങി രോഗികളായതുമിച്ചം. കുറച്ചുപേര്‍ രക്തസാക്ഷികളുമായി. പോലീസ് മര്‍ദ്ദനത്തില്‍ രക്തസാക്ഷിയായ കൊട്ടാരക്കരക്കടുത്ത് കോട്ടാത്തല സുരേന്ദ്രന്റെ ഭാര്യ ആരും നോക്കാതെ അനാഥാവസ്ഥയില്‍ ആയിരുന്നു എന്ന് അന്ന് മാധ്യമങ്ങളില്‍ വന്നിരുന്നു. അന്ന് സാധാരണക്കാരുടെ രാഷ്ട്രീയ പ്രസ്ഥാനം എന്ന പേര് നേടാന്‍ പാവപ്പെട്ടവര്‍ക്കൊപ്പം അണിനിരന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചില നേതാക്കളെങ്കിലും സത്യസന്ധരായിരുന്നു. അഴിമതിക്കാരായിരുന്നില്ല. മക്കള്‍ സ്നേഹം അവര്‍ക്ക് ഉണ്ടായിരുന്നില്ല. പഴയ മുദ്രാവാക്യം ആളെ പറ്റിക്കാന്‍ ഉള്ളതാണെന്ന് മലയാളികള്‍ തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ എടുത്തു. 87ല്‍ ‘കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്.ഗൗരി മുഖ്യമന്ത്രി’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പറ്റിച്ചെന്ന് മാത്രമല്ല, അവരെ പുറത്താക്കുകയും ചെയ്തു.
അപ്പോഴാണ് വീണ്ടും പുതിയ മുദ്രാവാക്യവുമായി വന്നത്. ‘ഇടതുപക്ഷം വരും എല്ലാം ശരിയാകും.’ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക അപവാദ കേസ് കെട്ടിച്ചമച്ച് അദ്ദേഹത്തെ അപമാനിച്ചപ്പോള്‍ അതിനു മേമ്പൊടി കൂട്ടാന്‍ ഉണ്ടാക്കിയതാണ് ഈ മുദ്രാവാക്യം. ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോള്‍ പെന്‍ഷനും ശമ്പളവും ഒന്നും നിര്‍ത്തി വെക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇപ്പോള്‍ കേരളത്തിലെ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് ആറുമാസമായിരിക്കുന്നു. സാമൂഹ്യക്ഷേമ പെന്ഷന് മുടങ്ങിയതില്‍ സംസ്ഥാന സര്‍ക്കാരിന് കാര്യമായ അലോസരമുണ്ടെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ രണ്ടാം നിലയിലേക്ക് ലിഫ്റ്റ് വെക്കാനും എയര്‍കണ്ടീഷന്‍ ചെയ്ത പശുത്തൊഴുത്ത് നിര്‍മ്മിക്കാനും നീന്തല്‍ക്കുളം നവീകരിക്കാന്‍ കോടികള്‍ ചെലവിടാനും ഒന്നും ഒരു മടിയും ഉണ്ടായില്ല.
കഴിഞ്ഞ ദിവസം. സാമൂഹിക ക്ഷേമ പെന്ഷന് ലഭിക്കാത്തതിനെത്തുടര്‍ന്ന് വയോധികരായ വനവാസി ദമ്പതിമാര്‍ ദയാവധം നടത്തി അവയവദാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിമാലിയിലെ പെട്ടിക്കടയ്ക്ക് മുന്നില്‍ ബോര്‍ഡ് വെച്ച് സമരം നടത്തിയിരുന്നു. കൊച്ചി ധനുഷ്കോടി ദേശീയപാതകില് അടിമാലി അമ്പലപ്പടിക്ക് സമീപം വാളിപ്രാക്കല് ശിവദാസന്‍ (82)ഭാര്യ ഓമന (73) എന്നിവരാണ് ബോര്‍ഡ് സ്ഥാപിച്ച് സമരം നടത്തിയത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ വന വിഭവങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന പെട്ടിക്കട നടത്താന്‍ കഴിയാതെവന്നപ്പോള്‍ വികലാംഗയായ ഓമനയ്ക്ക് കിട്ടിയിരുന്ന ക്ഷേമ പെന്ഷന് കൊണ്ടാണ് ജീവിതം തള്ളി നീക്കിയിരുന്നത്. ആറുമാസമായി പെന്ഷന് മുടങ്ങിയതോടെ ജീവിതം വഴിമുട്ടി. ചികിത്സയ്ക്ക് പണമില്ലാതെയായി. ഭക്ഷണം കഴിക്കാന്‍ ഒന്നുമില്ലാത്ത സാഹചര്യം കൂടിയായപ്പോഴാണ് ദയാവധം ആവശ്യപ്പെട്ട് അവരെത്തിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല.
ക്ഷേമ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ വൃദ്ധയായ അമ്മയും മകളും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സത്യഗ്രഹം നടത്തിയതും ശ്രദ്ധേയമാണ് മലമ്പുഴ അകത്തേത്തറ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് താമസക്കാരായ പത്മാവതി കോവിലമ്മ എന്ന 92 വയസ്സുകാരിയും മകള്‍ ഇന്ദിരാ ഭാസ്കരനും (67) ആണ് സമരത്തിന് എത്തിയത്. ഓഫീസിന് മുന്നില്‍ കട്ടിലിട്ട് വൃദ്ധയായ അമ്മയെ കിടത്തി മകള്‍ ഒപ്പമിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. 92 വയസ്സുള്ള അമ്മയെ വീട്ടില്‍ ഒറ്റയ്ക്കാക്കി പുറത്തു പണിക്ക് പോലും പോകാന്‍ കഴിയാത്ത ഈ കുടുംബത്തിന്റെയും ഏക വരുമാനം ക്ഷേമപെന്ഷന് ആയിരുന്നു. മരുന്നിനു പോലും പണമില്ലാത്ത അവസ്ഥയിലാണ് പെന്ഷന് കിട്ടുന്നില്ലെങ്കില്‍ മരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി അവര്‍ സമരത്തിന് എത്തിയത്. പെന്ഷന് കിട്ടുന്നതുവരെ പണം നല്‍കാമെന്ന് ചലച്ചിത്ര നടന് സുരേഷ്ഗോപി ഉറപ്പുനല്‍കി. ഇതേതുടര്‍ന്നാണ് അവര്‍ സമരം അവസാനിപ്പിച്ചത്.
സംസ്ഥാനത്തെ 58 ലക്ഷം വരുന്ന സാമൂഹിക ക്ഷേമപെന്ഷന്കാര്ക്കാണ് ആറുമാസത്തെ പെന്ഷന് തുക കുടിശ്ശികയായിരിക്കുന്നത്. ഇത്രയും പേര്‍ക്ക് പെന്ഷന് തുക വിതരണം ചെയ്യാന്‍ 4600 കോടി രൂപയാണ് വേണ്ടത്. കഴിഞ്ഞ ആഗസ്റ്റിലെ പെന്‍ഷനാണ് ഡിസംബര്‍ മാസം നല്‍കിയത്. അതാകട്ടെ മറിയാമ്മച്ചേടത്തി അടക്കമുള്ള കുറച്ചു പെന്‍ഷന്‍കാരെങ്കിലും ഹൈക്കോടതിയില്‍ എത്തുകയും പിണറായി സര്‍ക്കാരിന്റെ ശരിയാക്കല്‍ മനോഭാവം തുറന്നുകാട്ടുകയും ചെയ്തപ്പോഴാണ്.
ഇപ്പോള്‍ ആറുമാസത്തെ പെന്ഷന് തുകയാണ് കുടിശ്ശികയുള്ളത്. കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പ് പരിധി വെച്ചതോടെ ഉപാധി ഇല്ലാതെ, തോന്നിയ രീതിയില്‍ വായ്പ എടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം പരിമിതപ്പെട്ടു. ഇപ്പോള്‍ കടമെടുപ്പ് സുപ്രീംകോടതിയുടെ പരിഗണനയിലെ ഹര്‍ജിയാണ്. ഒരു മാസത്തെ ക്ഷേമപെന്ഷന് നല്കാന് 775 കോടി രൂപയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം കൊണ്ട് മാത്രം 45.11 ലക്ഷം പേര്‍ക്കാണ് സാമൂഹ്യ സുരക്ഷാ പെന്ഷന് നല്‍കുന്നത്. അതിനുമാത്രം 667 കോടി രൂപയാണ് വേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ 7.42 ലക്ഷം പേര്‍ക്ക് പെന്ഷന് നല്‍കുന്നുണ്ട്. ഇതിന് സംസ്ഥാന വിഹിതമായി കണ്ടെത്തേണ്ടത് 19 പോയിന്റ് കൂടിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ ഗുണഭോക്താക്കളായ 5.6 6 ലക്ഷം പേര്‍ക്ക് പെന്ഷന് നല്കാന്89.40 കോടി രൂപ വേണം.
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനിയും ഏതാണ്ട് ഒന്നര മാസത്തിലേറെ സമയമുണ്ട്. പദ്ധതി വിഹിതത്തിന്റെ തുക ചെലവഴിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ക്ഷേമ പെന്‍ഷനുകള്‍, കരാറുകാരുടെ കുടിശ്ശിക, ശമ്പള ഡിഎ കുടിശ്ശിക തുടങ്ങി എല്ലാത്തിനുമായി ഏതാണ്ട് 25000 കോടി രൂപയെങ്കിലും പുതിയതായി കണ്ടെത്തേണ്ടി വരും. ഈ പണം എങ്ങനെ കണ്ടെത്തും എന്നതാണ് ധനമന്ത്രിയെ ഏറ്റവും കൂടുതല്‍ കുഴപ്പിക്കുന്ന പ്രശ്നം. അതിദാരിദ്ര്യം അനുഭവിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരാണ് ക്ഷേമപെന്ഷന് ലഭിക്കുന്നവരില്‍ ഏറെയും. കിട്ടുന്ന തുച്ഛമായ പണം കൊണ്ട് മരുന്നു വാങ്ങാനും ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാനും മാത്രം കഴിയുന്ന ഇവരുടെ ജീവിത ദുഃഖം കാണാനും അവരുടെ കണ്ണീരൊപ്പാനും ഈ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ പിന്നെ എന്താണ് സര്‍ക്കാരിന്റെ മുന്നിലെ പ്രവര്‍ത്തന പദ്ധതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് മാസപ്പടി പറ്റിയ കേസില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനു വേണ്ടി വാദിക്കാന്‍ വന്ന സുപ്രീംകോടതി അഭിഭാഷകന് ഒരു ദിവസത്തെ ഫീസ് 25 ലക്ഷം രൂപയാണ്. ആ ഫീസും ഈ പാവങ്ങള്‍ക്ക് പെന്ഷന് ആയി നല്കുന്ന 1800 രൂപയും താരതമ്യം ചെയ്യുമ്പോഴാണ് കേരളത്തിലെ ഭരണത്തിന്റെ തലപ്പത്തുള്ളവര്‍ നികൃഷ്ടജീവികളാണെന്ന് ബോധ്യപ്പെടുക.
കേരളത്തിലെ സാധാരണക്കാരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സാധാരണക്കാര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ ചെലവില്‍ നല്‍കാനും ആരംഭിച്ച സപ്ലൈകോയും മാവേലി സ്റ്റോറുകളും ആസന്ന മൃത്യുവിന്റെ വഴിയിലാണ്. സബ്സിഡി സാധനങ്ങള്‍ കിട്ടാനില്ല. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങളേറെ. കുടിവെള്ളത്തിനും വൈദ്യുതിക്കും നിരക്ക് കൂടുന്നു. പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞ് വിദ്യാഭ്യാസ രംഗം അഴിമതിയുടെ തുരുത്താക്കിയിരിക്കുന്നു. നിയമനം ഭരണകക്ഷിക്കാര്‍ക്കും ആശ്രിതര്‍ക്കും മാത്രമായി ചുരുക്കിയിരിക്കുന്നു. ആരാണ് നന്നായത്? എന്താണ് ശരിയായത്? ഇടതുപക്ഷം വന്നിട്ട് കേരളത്തില്‍ എന്തു മാറ്റമാണ് ഉണ്ടായത്?. ഒരു കാര്യം സത്യമാണ്. വിരലില്‍ എണ്ണാവുന്ന ചില കുടുംബങ്ങള്‍ നന്നായി! മാസപ്പടി വിവാദം ഒഴിവാക്കി നിര്‍ത്തിയാല്‍ മുഖ്യമന്ത്രിയുടെ മകളെങ്കിലും നല്ല നിലയില്‍ എത്തി. അഭിമാനിക്കാം ഈ മാറ്റത്തില്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: