കൊടുങ്ങല്ലൂര്‍: അബദ്ധജഡിലവും നികൃഷ്ടവുമായ പദപ്രയോഗങ്ങളിലൂടെ സംസ്‌കൃത ഭാഷയെ അപമാനിച്ച സാഹിത്യകാരന്‍ കെ. ജയമോഹന്‍ നിരുപാധികം മാപ്പ് പറയണമെന്ന് കൊടുങ്ങല്ലൂരില്‍ ചേര്‍ന്ന വിശ്വസംസ്‌കൃത പ്രതിഷ്ഠാനം- സംസ്‌കൃത ഭാരതിയുടെ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
പ്രതിഷ്ഠാന്‍ സംസ്ഥാന അധ്യക്ഷന്‍ ഡോ. പി.കെ. മാധവന്‍, ജനറല്‍ സെക്രട്ടറി വി. കെ. രാജേഷ്, ഉപാധ്യക്ഷന്‍ വി.ജെ. ശ്രീകുമാര്‍ സെക്രട്ടറി വി. ശ്രീകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. മലയാള ഭാഷയുടെ മാതാവായ സംസ്‌കൃതത്തെ സാഹിത്യോത്സവങ്ങളില്‍ അപമാനിക്കുന്ന രീതി ഇക്കാലത്ത് വര്‍ധിച്ചു വരുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.
സംസ്‌കൃതം അധ്യാപക ഫെഡറേഷന്‍
കണ്ണൂര്‍: സംസ്‌കൃത ഭാഷാപ്രേമികളുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുറിവ് സൃഷ്ടിച്ച എഴുത്തുകാരന്‍ ജയമോഹന്‍ മാപ്പു പറയണമെന്ന് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ സംസ്ഥാന ജന:സെക്രട്ടറി സനല്‍ ചന്ദ്രന്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഭാരതീയ ഭാഷകളുടെ മാതാവായ സംസ്‌കൃതത്തെ അവഹേളിക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തുകയും, നടത്തിയ പ്രസ്താവനകള്‍ തന്നെ അവ്യക്തമായ മലയാളത്തില്‍ സംസാരിക്കുകയും 10 മിനിറ്റില്‍ പതിനഞ്ചോളം ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ജയമോഹന്‍ ഇത്തരത്തില്‍ പറയുന്നതിലൂടെ സ്വയം അവഹേളിതനാവുകയാണെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവിച്ചു.
ഇത്രയും വലിയ വേദനാജനകമായ വികാരം സൃഷ്ടിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തുന്നതിലൂടെ മാതൃഭൂമി എന്ന പത്രസ്ഥാപനം പോലും അവഹേളിക്കപ്പെട്ടിരിക്കുകയാണെന്നും പിന്‍വലിച്ച് ഭാഷാ സ്‌നേഹികളോട് പരസ്യമായി മാപ്പ് പറയണമെന്നും കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
മഹത്തായ പാരമ്പര്യവും പൈതൃകവുമുള്ള സംസ്‌കൃത ഭാഷയ്‌ക്ക് ലോകം മുഴുവന്‍ അഗീകാരം നേടിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ സംസ്‌കൃത ഭാഷയെ ഹീനമായ രീതിയില്‍ അധിക്ഷേപിച്ച ജയമോഹനന്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ സംസ്‌കൃത സ്‌നേഹികളുടെ കടുത്ത പ്രതിരോധം നേരിടേണ്ടി വരുമെന്നും സംസ്‌കൃത അധ്യാപകഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സമിതി യോഗത്തില്‍ നീലമന ശങ്കരന്‍ പത്മനാഭന്‍, സി. പി. സുരേഷ് ബാബു, രാജകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു സംസ്ഥാന പ്രസിഡന്റ് രാമന്‍ എന്‍.എന്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: