എഡിംപെ(ഐവറികോസ്റ്റ്): സെബാസ്റ്റിയന് ഹാളര്‍ ക്ലോസ് റേഞ്ചില്‍ നിന്ന് തൊടുത്ത ഷോട്ടില്‍ ഐവറി കോസ്റ്റ് ചരിത്രത്തിലെ മൂന്നാം ആഫ്രിക്കന്‍ ഫുട്ബോള്‍ കിരീടം സ്വന്തമാക്കി. നൈജീരിയയ്ക്കെതിരായ ഫൈനലില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരികെ രണ്ട് ഗോളടിച്ചുകൊണ്ടാണ് കിരീടം നേടിയെടുത്തത്.
ഇത്തവണത്തെ ആഫ്രിക്കന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഐവറി കോസ്റ്റ് കാഴ്ച്ചവച്ച പ്രകടനത്തിന്റെ ചുരുങ്ങിയ പതിപ്പാണ് ഫൈനലിലും കണ്ടത്. ആദ്യപകുതി ഓറഞ്ച് കുപ്പായക്കാരായ നൈജീരിയ ആണ് കളം കൈക്കലാക്കിയത്. 38-ാം മിനിറ്റില്‍ വില്ല്യം ട്രൂസ്റ്റ്-ഇകോംഗ് നേടിയ ഗോളില്‍ അവര്‍ മുന്നിലെത്തുക കൂടി ചെയ്തു. കളി കണ്ടിരുന്നവര്‍ ഐവറി കോസ്റ്റിനെ തകര്‍ത്ത് നൈജീരിയ കപ്പടിക്കുമെന്ന് പ്രതീക്ഷിച്ചു.
പക്ഷെ കണക്കു കൂട്ടലുകള്‍ പാടെ തെറ്റുന്ന കാഴ്ച്ചയാണ് പിന്നെ കണ്ടത്. 62-ാം മിനിറ്റില്‍ ഫ്രാങ്ക് കെസ്സീ നേടിയ ഗോളില്‍ ആതിഥേയര്‍ ഒപ്പമെത്തി. പിന്നെ ഓറഞ്ച് കുപ്പായക്കാര്‍ക്ക് മേല്‍ ഐവറി കോസ്റ്റ് കളം പിടിക്കാന്‍ തുടങ്ങി. ആ നിമിഷങ്ങളില്‍ ഒന്നില്‍ വിജയഗോള്‍ എന്ന സന്തോഷ നിമിഷവും വന്നെത്തി. സെബാസ്റ്റിയന് ഹാളറിലൂടെ അത് സാധ്യമായി കഴിഞ്ഞതില്‍ പിന്നെ ഫൈനല്‍ വിസില്‍ മുഴങ്ങും വരെ കളി മുന്നേറി. റെഗുലര്‍ ടൈം മത്സരത്തില്‍ ഐവറി കോസ്റ്റ് കിരീടനേട്ടം ആഘോഷിച്ചു.
ചരിത്രത്തില്‍ മൂന്നാം തവണയാണ് ഐവറി കോസ്റ്റ് ആഫ്രിക്കന്‍ കിരീടം നേടുന്നത്. ഇതിന് മുമ്പ് 1992ലും 2015ലും ടീം ജേതാക്കളായിട്ടുണ്ട്.
60,000 കാഴ്ച്ചക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള എഡിംപെയിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ആരാധകര്‍ ഫൈനല്‍ കളി കാണാന്‍ തുടങ്ങിയ ആദ്യ സമയങ്ങളില്‍ ഓറഞ്ച് ജേഴ്സിയണിഞ്ഞും വായുവില്‍ വീശിയും ആഘോഷിച്ചു. പിന്നീട് കളിയിലെ ട്വിസ്റ്റ് പ്രകടമായപ്പോള്‍ എലിഫന്റ് കമാന്‍ഡോ എന്ന പ്ലക്കാര്‍ഡുമായി ഐവറി കോസ്റ്റിനെ പ്രകീര്‍ത്തിക്കുന്ന രംഗമാണ് കണ്ടത്.
ടൂര്‍ണമെന്റ് മൊത്തതിലും ഇതു തന്നെയായിരുന്നു സ്ഥിതി. ആദ്യ റൗണ്ടില്‍ നൈജീരിയയോടടക്കം രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട് നിന്ന ടീം ആണ് ഐവറി കോസ്റ്റ്. ഒരവസരത്തില്‍ ടൂര്‍ണമെന്റിന് പുറത്തെന്ന് പലരും ഉറപ്പിച്ചത് പോലുമാണ്. അവിടെ നിന്നും മികച്ച മൂന്നാം സ്ഥാനക്കാരെന്ന ആനുകൂല്യത്തില്‍ നോക്കൗട്ടിലേക്ക് യോഗ്യത നേടി. ഓരോ ഘട്ടവും കടന്ന് ഒടുവില്‍ ഫൈനലിലും അതേ അത്ഭുതം ആവര്‍ത്തിച്ച് കപ്പ് കൈക്കലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: