ഭക്തിയുടെ മഹാമഹമാണ് മച്ചാട് മാമാങ്കം. ദാരികവധത്തിന്റെ പുരാവൃത്തങ്ങള്‍ പൊയ്ക്കുതിരകളിലൂടെ ആവിഷ്ക്കരിക്കുന്ന കുതിരവേലയാണ് മച്ചാട് മാമാങ്കത്തിന്റെ കാതല്‍. മീനച്ചൂടു വകവെയ്ക്കാതെ ആയിരങ്ങളെത്തുന്ന മാമാങ്കവും അതിന്റെ ഐതിഹ്യവും കൊടുങ്ങല്ലൂര്‍ ഭഗവതിയുമായി ബന്ധപ്പെട്ടതാണ്.
തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് മച്ചാട് ദേശത്താണ് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രമുള്ളത്. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ഉപാസകനായിരുന്ന കോങ്ങോട്ടു നായര്‍, ഒരിക്കല്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങവേ ഭഗവതിയോട് ‘കൂടെ പോരൂ’ എന്ന് പറഞ്ഞു. അദ്ദേഹത്തോടൊപ്പം അമ്മ ഓലക്കുടപ്പുറത്തേറി യാത്ര തിരിച്ചു. ഇക്കാര്യമൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. വഴി മദ്ധ്യേ ദിക്ഭ്രമം ബാധിച്ച കോങ്ങോട്ടു നായര്‍ വഴി തെറ്റി മച്ചാടുള്ള പാലിശ്ശേരി തറവാട്ടില്‍ എത്തി. വിശ്രമം കഴിഞ്ഞ് ഓലക്കുട തറവാടിന്റെ മച്ചില്‍ വച്ച് അദ്ദേഹം യാത്രയായി. മച്ചിലിരുന്ന ഭഗവതിയെ പിന്നീട് അരീക്കര ഇല്ലത്തെ ‘ഇളയത്’ തൊട്ടടുത്തുള്ള തിരുവാണിക്കാവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.
കുംഭ സംക്രമണത്തില്‍ ശിവശക്തിക്കു പ്രാധാന്യമുള്ള മുഹൂര്‍ത്തത്തിലാണ് വിഖ്യാതമായ മച്ചാട് മാമാങ്കത്തിന് കൊടിയേറുന്നത്. ഗജവീരന്മാര് അണിനിരക്കാത്ത ഉത്സവമെന്ന പ്രത്യേകതയുമുണ്ട്. പൊയ്ക്കുതിരകളുടെയും പറപ്പുറപ്പാടിന്റെയും നാട്ടുത്സവമായ കുതിരവേലയാണ് മച്ചാട്ടുവേല. കുംഭത്തിലെ ആദ്യ വെള്ളിയാഴ്ച തുടങ്ങി പിന്നീട് വരുന്ന ബുധനാഴ്ച വരെ ആഘോഷങ്ങള്‍ നീളും. മാമാങ്കം കൊടിയേറിക്കഴിഞ്ഞാല്‍ ആര്‍പ്പുവിളികളുടെ അകമ്പടിയോടെ തിരുവാണിക്കാവ് വലംവച്ച് പൊയ്ക്കുതിരകള്‍ മാമാങ്കത്തിന് ഒരുങ്ങുന്നു. ഏവരും എത്തികഴിഞ്ഞാല്‍ ദേശക്കാരെല്ലാം കുതിരകളെ തോളിലേറ്റി ഓട്ടമാണ്. കൊയ്ത്തു കഴിഞ്ഞ പാടത്തിലൂടെ വളരെ ദൂരം ഓടണം. കൂടെ കാഴ്ചക്കാരും. ആ ഓട്ടം തിരികെ തിരുവാണിക്കാവ് ക്ഷേത്രത്തില്‍ അവസാനിക്കും. ഉത്സവത്തിന്റെ അവസാന നാളില്‍ ഗംഭീരമായി അലങ്കരിച്ച കുതിരക്കോലങ്ങള്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ക്ഷേത്രത്തോട് ചേര്‍ന്നുള്ള വിശാലമായ പാടത്താണ് കുതിര വേല നടത്തുന്നത്. കുട്ടികള്‍ക്ക് എടുക്കാവുന്ന കുഞ്ഞിക്കുതിരകളും ഇക്കൂട്ടത്തില്‍ ഉണ്ടാവും. കഠിനവ്രതശുദ്ധിയോടെയാണ് ആളുകള്‍ മാമാങ്കത്തിനൊരുങ്ങുക.
ഉത്സവത്തിലെ പറയെടുപ്പിനുമുണ്ട് സവിശേഷത. പ്രകൃതിയിലെ ദ്രവ്യങ്ങള്‍ കൊണ്ട് ഭക്തര്‍ പറ കൊടുത്താല്‍ കഠിനദോഷങ്ങളേതും അകലുമെന്നാണ് വിശ്വാസം. ദേവിയുടെ പ്രതിപുരുഷനായ അരീക്കര ഇല്ലത്തെ ‘ഇളയതുകള്‍’ ആണ് എടുപ്പന്മാരുടെ തോളിലേറി പറയെടുക്കാന്‍ ഊരു ചുറ്റുന്നത്. ഇളയതുകള്‍ പുറകോട്ട് സഞ്ചരിക്കാനോ തിരിഞ്ഞു നോക്കാനോ പാടില്ല. നിലം തൊടുന്നതും നിഷിദ്ധം.
മാമാങ്കം കഴിഞ്ഞ് ഏഴാം ദിവസം ക്ഷേത്രം തുറക്കാറില്ല. ശ്രീലകത്ത് കത്തിച്ചവിളക്ക്, വയ്ക്കും. രാത്രിയില്‍ ശ്രീരാമ പട്ടാഭിഷേകത്തെ ആധാരമാക്കി അവതരിപ്പിക്കുന്ന തോല്പ്പാവക്കൂത്തോടു കൂടി മാമാങ്കത്തിന്റെ ആരവമടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: