പാണ്ഡിത്യമാണ് അറിവെന്ന് കരുതുന്നവരാണ് അധികവും. ‘അറിവിലുമേറിയറിഞ്ഞിടുന്നവര്’ പണ്ഡിതന്മാരില് ചുരുക്കവുമായിരിക്കും. ആരെങ്കിലുമൊക്കെ പറഞ്ഞുവച്ചിട്ടുള്ളത് ഹൃദിസ്ഥമാക്കുകയും, അത് അനുവാചകര്‍ക്കും ശ്രോതാക്കള്‍ക്കുമായി ആവര്‍ത്തിക്കുന്നതാണ് അറിവിന്റെ ലക്ഷണമെന്ന് കരുതുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്. ആത്മീയരംഗത്ത് ഈ ശൈലി പ്രബലമാണ്.
അഗ്നിക്ക് ചൂടില്ലെന്ന് നാല് വേദങ്ങള്‍ വന്നുപറഞ്ഞാലും അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചയാളാണല്ലോ ശ്രീശങ്കരന്. പക്ഷേ സത്യമായ ബ്രഹ്മത്തെക്കുറിച്ചും മിഥ്യയായ ജഗത്തിനെക്കുറിച്ചും, നിര്‍ഗുണ ബ്രഹ്മത്തെക്കുറിച്ചും ത്രിഗുണാത്മകമായ പ്രപഞ്ചത്തെക്കുറിച്ചും തൃപ്തികരമായി വിശദീകരിക്കേണ്ടിവരുമ്പോള്‍ പല അദ്വൈത പണ്ഡിതന്മാരും ഉരുണ്ടുകളിക്കാറുണ്ട്. അദ്വൈത ദര്‍ശനം ശരിയായി മനസ്സിലാക്കാതെ ആചാര്യന് പറഞ്ഞതുകൊണ്ടുമാത്രം അത് ശരിയെന്ന് വിചാരിക്കുന്നവരാണ് ഏറെപ്പേരും.
ഷഡ്ദര്‍ശനങ്ങളെ വിശദീകരിക്കുമ്പോള്‍ വാക്കുകളിലും വ്യാകരണത്തിലും അഭയം തേടുന്നവരുണ്ട്. ഭാഷാപരമായ പാണ്ഡിത്യമാണ് അറിവെന്ന് തെറ്റിദ്ധരിക്കുന്ന ഇവര്‍ തങ്ങളുടെ വൃഥാസ്ഥൂലമായ എഴുത്തില്‍ അഭിരമിക്കുന്നു. ഇങ്ങനെയുള്ളവര്‍ അറിയേണ്ടത് അറിഞ്ഞവരല്ല. ഇതിനൊരു അപവാദമാണ് ഡോ.വി.സുജാത. ‘ഉപനിഷത്തുകള്‍-ഈശാവാസ്യവും മാണ്ഡൂക്യവും’ എന്ന പുസ്തകം വായിക്കുന്നവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടും. രണ്ട് ഉപനിഷത്തുകളിലെയും മന്ത്രങ്ങള്‍, ഭാഷാര്‍ത്ഥം, വിവര്‍ത്തനം, ഭാവാര്‍ത്ഥം എന്നീ ക്രമത്തില്‍ വിവരിക്കുന്ന ഉള്ളടക്കം സുതാര്യവും സൂക്ഷ്മവും ആധികാരികവുമാണ്. പല കിടയറ്റ പണ്ഡിതന്മാരും തപ്പിത്തടയുന്ന ദാര്‍ശനിക പ്രശ്നങ്ങള്‍ക്ക് വളച്ചുകെട്ടാത്ത മറുപടികള്‍ ഈ പുസ്തകത്തിലുണ്ട്.
ആചാര്യന്മാരെ ആദരിക്കുകയും അവരുടെ വ്യാഖ്യാനങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ തന്നെ അവയെല്ലാം മനഃപാഠമാക്കിയശേഷം പുറത്തേക്കിടുകയല്ല ഗ്രന്ഥകാരി ചെയ്യുന്നത്. ഇക്കാര്യത്തില്‍ എന്താണ് തന്റെ സമീപനമെന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ആത്യന്തികമായ ബ്രഹ്മവും ആനുഭവിക ലോകവും തമ്മിലെ ബന്ധത്തെക്കുറിച്ചു പറയുമ്പോള്‍ ആശയക്കുഴപ്പങ്ങളും അവ്യക്തതയുമില്ല: ‘പരബ്രഹ്മം അതായത് ഈശ്വരന് മൂന്നു ഗുണങ്ങള്‍ക്കും വിധേയനല്ല, അവയ്ക്കതീതനാണ്. അതിനാലാണ് നിര്‍ഗുണനെന്ന് ഉപനിഷത്തുകളില്‍ വിശേഷിപ്പിക്കുന്നത്. അല്ലാതെ ബ്രഹ്മം ഗുണമില്ലാത്തവനാണ് എന്നല്ല. ബ്രഹ്മം അനന്തമായ അലൗകിക ഗുണവിശേഷങ്ങളോടുകൂടിയതാണ്. അനന്തഗുണമൂര്ത്തിയായ ഈശ്വരന് തന്നെയാണ് ഉപനിഷത്തിലെ പരബ്രഹ്മം.’
നിര്‍ഗുണവും ചേഷ്ടാഹീനവും സങ്കല്പ്പഹീനവുമായ ബ്രഹ്മത്തില്‍നിന്ന് എങ്ങനെയാണ് ഇത്രയും ഗുണവിശേഷങ്ങളോടുകൂടിയതും, ഇത്രയേറെ സൃഷ്ടി നൈപുണ്യം നിറഞ്ഞതുമായ ഈ ലോകവും ജീവജാലങ്ങളും പൊട്ടിപ്പുറപ്പെട്ടതെന്ന പ്രസക്തമായ ചോദ്യത്തിനുള്ള മറുപടിയാണിത്. മായയുടെ അസ്തിത്വത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ ചില അദൈ്വത പണ്ഡിതന്മാര് വരുത്തുന്ന അബദ്ധങ്ങള്‍ ഇവിടെ സംഭവിക്കുന്നില്ല.
‘അഹം ബ്രഹ്മാസ്മി’ എന്ന മഹാവാക്യത്തിലെ ‘അഹം’ അഹങ്കാരമായി തെറ്റിദ്ധരിച്ച് സാധകന്റെ ഈശ്വരസാക്ഷാല്‍ക്കാരത്തിന് വിഘാതമാവുന്ന അപകടത്തിലേക്ക് ഗ്രന്ഥകാരി വിരല്‍ചൂണ്ടുന്നു. ആത്മാവിന്റെ നിഴല്‍മാത്രമായ അഹംബോധം നീങ്ങിയാല്‍ മാത്രമേ സത്യത്തിന്റെ ലോകം തുറക്കപ്പെടുകയുള്ളൂവെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.
ഉപനിഷദ് മന്ത്രങ്ങളിലേക്ക് നേരിട്ട് പ്രവേശിച്ച് അര്‍ത്ഥവിചാരം ചെയ്യുകയാണ് ഡോ. സുജാത. ഉപനിഷത്തിന്റെ പ്രതിപാദ്യം വേദാന്തമാണെന്നും, ദൈ്വതവും അദൈ്വതവും വിശിഷ്ടാദൈ്വതവുമൊക്കെ ഇതിനെ ഉപജീവിച്ചുണ്ടായതാണെന്നുമുള്ള ഉറച്ച നിലപാടാണ് ഗ്രന്ഥകാരിക്കുള്ളത്.
ഈശാവാസ്യോപനിഷത്തിലെ ‘ഈശാവാസ്യമിദം സര്‍വം’ എന്നതിനെ വ്യാഖ്യാനിക്കുന്നത് നോക്കുക: ”എല്ലാം ഈശ്വരശക്തിയാല്‍ നിറഞ്ഞിരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അയാളും മറ്റുള്ളവരും അതില്‍ ഭാഗഭാക്കുകളാണ്. തന്റെ അസ്തിത്വം സമഗ്ര സൃഷ്ടിയോടും ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കുക വഴി ഞാന്‍, എന്റേത് എന്നുള്ള മനോഭാവത്തിന് ശിഥിലീകരണം സംഭവിക്കുന്നു. അതോടെ അന്യരെ അംഗീകരിക്കാനും അവരോട് സദ്ഭാവന പുലര്‍ത്താനും തുടങ്ങുന്നു.” ഈ ചിന്തയ്ക്കനുസൃതമായി വ്യക്തിയുടെ ആത്മീയവും സാമൂഹ്യവും പ്രാപഞ്ചികവുമായ അസ്തിത്വത്തെ നിര്‍ണയിക്കുന്ന വ്യാഖ്യാനമാണ് ഈശാവാസ്യത്തിലെ പതിനെട്ട് മന്ത്രങ്ങള്‍ക്കും ഗ്രന്ഥകാരി നല്‍കുന്നത്. മാണ്ഡൂക്യത്തിന്റെ വ്യാഖ്യാനത്തിലേക്കു വരുമ്പോഴും പാണ്ഡിത്യപ്രകടനമില്ലാതെ പന്ത്രണ്ട് മന്ത്രങ്ങളിലെയും ആത്മീയ തത്വങ്ങളെ ഇഴവിടര്‍ത്തി കാണിക്കുകയാണ്. ജിജ്ഞാസുക്കള്‍ക്കും സാധകര്‍ക്കും പ്രയോജനകരമാണിത്.
ഫിലോസഫി അധ്യാപികയെന്ന നിലയില്‍ പാശ്ചാത്യ തത്വചിന്തയുമായുള്ള പതിറ്റാണ്ടുകളുടെ ഗാഢമായ പരിചയം മൂലം താരതമ്യ പഠനത്തിലൂടെ ഭാരതീയ തത്വചിന്തയുടെ വ്യതിരിക്തതയും സമഗ്രതയും ശരിയായി അവതരിപ്പിക്കാന്‍ ഡോ. സുജാതക്ക് കഴിയുന്നു. ആധുനിക ശാസ്ത്രത്തിനോ മറ്റേതെങ്കിലും വിജ്ഞാനശാഖയ്ക്കോ കഴിയാത്ത വിധം മനുഷ്യനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പഠിക്കാന്‍ ഉപനിഷത് ഋഷിമാര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നു പറയുന്നതിലെ ഗ്രന്ഥകാരിയുടെ ആത്മവിശ്വാസം അപാരമാണ്.
യഥാക്രമം ശരീരം, പ്രാണന്, മനസ്സ്, ബുദ്ധി, ആനന്ദം എന്നിവയെ പ്രതിനിധീകരിക്കുന്ന അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവ ആത്മാവിന്റെ ആവരണങ്ങളാണെന്ന് ഉപനിഷത്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടുത്തെങ്ങുമെത്താനാവാതെ ആശയക്കുഴപ്പങ്ങളിലും വൈരുധ്യങ്ങളിലും ആണ്ടുകിടക്കുകയാണ് പാശ്ചാത്യ തത്വചിന്തയെന്നു പറയാനുള്ള അവഗാഹം ഡോ. സുജാതയ്ക്കുണ്ട്. സ്വന്തം വീടിന് ‘വേദനിലയം’ എന്നു പേരിട്ടത് യാദൃച്ഛികമാകാമെങ്കിലും ഈ എഴുത്തുകാരിയുടെ തിരിച്ചറിവുകള്‍ അത് അന്വര്‍ത്ഥമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: