ന്യൂദൽഹി: തന്റെ സർക്കാർ 10 വർഷത്തിനുള്ളിൽ മുൻ സർക്കാർ ചെയ്തതിനേക്കാൾ 1.5 മടങ്ങ് കൂടുതൽ തൊഴിലുകൾ യുവാക്കൾക്ക് നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റോസ്ഗർ മേള (തൊഴിൽ മേള ) പരിപാടിക്കിടെ വീഡിയോ കോൺഫറൻസിലൂടെ ഒരു ലക്ഷത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലികളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് കത്ത് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിക്രൂട്ട്‌മെൻ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വളരെയധികം സമയമെടുത്തതിന് മുൻ സർക്കാരിനെ മോദി കുറ്റപ്പെടുത്തുകയും അത് കൈക്കൂലി വളർത്തുന്നതിന് കാരണമായെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ
തന്റെ സർക്കാർ സുതാര്യത കൊണ്ടുവന്നിട്ടുണ്ടെന്നും റിക്രൂട്ട്‌മെൻ്റ് സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുവാക്കൾ ഇപ്പോൾ വിശ്വസിക്കുന്നത് തങ്ങൾക്കെല്ലാം തുല്യ അവസരമുണ്ടെന്നും കഠിനാധ്വാനത്തിലൂടെയും കഴിവുകളിലൂടെയും സർക്കാർ സംവിധാനത്തിൽ തങ്ങൾക്കൊരു സ്ഥാനം കണ്ടെത്താൻ കഴിയുമെന്നുമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സർക്കാർ സ്വീകരിച്ച നടപടികൾ, അത് ഒരു കോടി വീടുകൾക്ക് മേൽക്കൂരയിൽ സൗരോർജ്ജം നൽകുന്ന പദ്ധതിയായാലും അടിസ്ഥാന സൗകര്യവികസനത്തിലെ വൻ നിക്ഷേപമായാലും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി തറപ്പിച്ചു പറഞ്ഞു.
ഇതിനു പുറമെ 1.25 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളുള്ള ഭാരതം ഈ മേഖലയിലെ മൂന്നാമത്തെ വലിയ ഇക്കോ സിസ്റ്റമാണ്. ചെറുപ്പക്കാർ ചെറിയ നഗരങ്ങളിൽ പോലും പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നു, ഇത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ നികുതിയിളവ് നീട്ടിയിട്ടുണ്ടെന്നും ഗവേഷണത്തിനും നവീകരണത്തിനുമായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. മുൻ സർക്കാരുകൾ റെയിൽവേയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന് ആരോപിച്ച അദ്ദേഹം ഈ മേഖല മുഴുവൻ പരിവർത്തനത്തിന്റെ പാതയിലാണെന്ന് പറഞ്ഞു.
കൂടാതെ സാധാരണക്കാരുടെ പ്രതീക്ഷകളെ അവർ അവഗണിക്കുകയാണ് ചെയ്തതെന്ന് മുൻ സർക്കാരുകളെ കടന്നാക്രമിച്ചുകൊണ്ട് മോദി പറഞ്ഞു. ഇപ്പോൾ റിക്രൂട്ട് ചെയ്തവർ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ചേരുമെന്ന് നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: