കൊച്ചി: കലൂര്‍ കത്രിക്കടവിലെ ഇടശേരി ബാറിലുണ്ടായ വെടിവെപ്പിൽ രണ്ടു ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സുജിൻ ജോൺസൺ, അഖില്‍ നാഥ് എന്നിവർക്കാണ് പരിക്കേറ്റത്. ബാറിലെ മാനേജർക്ക് ക്രൂരമായി മർദ്ദനമേൽക്കുകയും ചെയ്തു. ബാറില്‍ മദ്യപിക്കാനെത്തിയവരാണ് വെടി വെച്ചത്. എയര്‍ പിസ്റ്റളില്‍ നിന്നാണ് വെടിയുതിര്‍ത്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയാണ് വെടിവെപ്പുണ്ടായത്. ബാര്‍ ജീവനക്കാരുമായുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് വിവരം. മാനേജരെ ആക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാർക്ക് വെടിയേറ്റത്. എറണാകുളം നോര്‍ത്ത് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചാണ് അന്വേഷണം.
വെടിയുതിർത്ത ശേഷം പ്രതികൾ കാറിൽ കടന്നുകളയുകയായിരുന്നു. വെടിയേറ്റവരിൽ ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. മൂവാറ്റുപുഴയിൽ നിന്നെടുത്ത റെന്റ് എ കാറിലാണ് ആക്രമി സംഘമെത്തിയത്. KL 51 B 2194 നമ്പരിലുള്ള കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഉടൻ പ്രതികളിലേക്ക് എത്താനായേക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കൈത്തോക്ക് കൊണ്ട് പരിക്കേല്‍പ്പിച്ചെന്നാണ് പോലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുളളത്. കരുതിക്കൂട്ടിയുള്ള വധശ്രമം, ആയുധം കൈവശം വയ്‌ക്കല്‍ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: