പൂനെ : അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ സംസ്ഥാന ക്യാബിനറ്റ് മന്ത്രിമാർ ഉടൻ സന്ദർശനം നടത്തുമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പൂനെയിലെ അലണ്ടിയിൽ ഗീതാ ഭക്തി അമൃത് മഹോത്സവത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച പിംപ്രി ചിഞ്ച്‌വാഡിലെത്തിയതായിരുന്നു അദ്ദേഹം.
അയോധ്യയിലെ രാമക്ഷേത്രത്തെപ്പറ്റിയും അതിന്റെ നിയമ പോരാട്ടങ്ങളെക്കുറിച്ചും ഏറെ വിവരിച്ച ഫട്നാവിസ് കാശിയിലെയും മഥുരയിലെയും സമാനമായ ക്ഷേത്ര തർക്കങ്ങളെക്കുറിച്ച് വാചാലനായി. മഥുര, കാശി, അയോധ്യ എന്നിവയെല്ലാം പുണ്യസ്ഥലങ്ങളാണെന്ന് പറഞ്ഞ ഫഡ്‌നാവിസ്, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിന് ശേഷം, മഥുരയിലെ കൃഷ്ണ ജന്മഭൂമി തർക്കത്തിന് പരിഹാരം പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമഫലമായി രാമക്ഷേത്രം നിർമ്മിച്ചത് പോലെ, ശ്രീകൃഷ്ണ ജന്മഭൂമിയും യോജിപ്പോടെയും നിയമത്തിന്റെ വഴിയിലൂടെ പരിഹരിക്കപ്പെടുമെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. കാശി വിശ്വനാഥിൽ ഒരു പുതിയ ഇടനാഴി നിർമ്മിച്ചിരിക്കുന്നു. അവിടെയും ആരാധനയ്‌ക്ക് അനുവാദം ലഭിച്ചിട്ടുണ്ട് കൂടാതെ അനുകൂലമായ അന്തരീക്ഷം രൂപപ്പെടുന്നുണ്ട്. ഇതെല്ലാം നിയമം അനുശാസിച്ചാണ് നടക്കുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു.
മഥുരയിലെ ഷാഹി ഈദ്ഗാ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ഇടത്താണ് നിർമ്മിച്ചതെന്ന് ഹിന്ദു പണ്ഡിതർ പറയുന്നു. മസ്ജിദിനോട് ചേർന്ന് ഒരു കൃഷ്ണ ക്ഷേത്രം നിലകൊള്ളുന്നുണ്ട്. കൂടാതെ, ഔറംഗസേബിന്റെ ഭരണകാലത്ത് ഒരു ക്ഷേത്രം തകർത്തതിന് ശേഷമാണ് വാരണാസിയിലെ ജ്ഞാനവാപി മസ്ജിദ് നിർമ്മിച്ചതെന്ന് അടുത്തിടെ കോടതി ഉത്തരവിട്ട ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള മുസ്ലീം പള്ളിയെച്ചൊല്ലിയുള്ള നിയമപോരാട്ടത്തിലെ സുപ്രധാന സംഭവവികാസമാണ് ജ്ഞാനവാപി മസ്ജിദിലെ നിലവറയിലെ വിഗ്രഹങ്ങൾക്ക് മുന്നിൽ പുരോഹിതന് പ്രാർത്ഥന നടത്താമെന്ന് വാരണാസിയിലെ ജില്ലാ കോടതി കഴിഞ്ഞ മാസം വിധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: