പാലക്കാട്: മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും അപ്രായോഗികമെന്ന് തെളിയിക്കപ്പെട്ടതിനാല്‍ ഏകാത്മ മാനവദര്‍ശനം ഉള്‍പ്പടെയുള്ള ഭാരതീയ ദര്‍ശനങ്ങളിലധിഷ്ഠിതമായ മൂന്നാം മാര്‍ഗമാണ് രാജ്യത്തിന് അഭികാമ്യമെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ എസ്. ആദികേശവന്‍ പറഞ്ഞു. ബിഎംഎസ് 20-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സംതൃപ്ത തൊഴിലാളി സമൃദ്ധ കേരളം’ എന്ന ബിഎംഎസിന്റെ വീക്ഷണം പരസ്പര പൂരകമായ ഭാരതീയ സാമ്പത്തിക കാഴ്ചപ്പാടിന്റെ അടിസ്ഥാനതത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ വലിയ സംരംഭങ്ങള്‍ കൊണ്ടുവരാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഈവര്‍ഷം കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം 13 ലക്ഷം കോടിയാണ്. സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനവുമായി ബന്ധപ്പെട്ട് പരിശോധിച്ചാല്‍ കൃഷി അനുബന്ധ വ്യവസായങ്ങളുടെ തോത് വെറും 9 ശതമാനമാണ്. കേരളത്തില്‍ കാര്‍ഷികമേഖല പിന്നിലേക്ക് പോവുകയാണ്. നാമമാത്രമായ വളര്‍ച്ച മാത്രമാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കാര്‍ഷികമേഖലയിലുള്ളത്. വ്യാവസായിക മേഖലയിലെ വളര്‍ച്ച 28 ശതമാനവും സേവനമേഖലയില്‍ 63 ശതമാനവുമാണ്. രാജ്യത്ത് പ്രതിശീര്‍ഷ വരുമാനം 2.08 ലക്ഷമാണെങ്കില്‍ കേരളത്തില്‍ 3.91 ലക്ഷമാണ്. അഖിലേന്ത്യ പ്രതിശീര്‍ഷ വരുമാനത്തിന്റെ രണ്ടുമടങ്ങ് കൂടുതലാണ് കേരളത്തിലുള്ളത്. അതേസമയം, സംസ്ഥാനത്ത് പ്രവാസികളില്‍ നിന്നുള്ള വിദേശനിക്ഷേപം കുറയുകയും ചെയ്തു.
സംസ്ഥാനത്ത് 29 ലക്ഷം പേരാണ് തൊഴിലില്ലായ്മ പ്രശ്നം നേരിടുന്നത്. സംസ്ഥാന ബജറ്റിലെ വരവുചെലവുകള്‍ അടിസ്ഥാനപ്പെടുത്തുമ്പോള്‍ 45,000 കോടിയാണ് അടുത്തവര്‍ഷത്തെ കടമായി സര്‍ക്കാര്‍ കണക്കാക്കുന്നത്. ഓരോ വര്‍ഷവും ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനത്തില്‍ കൂടുതല്‍ കടമെടുക്കാന്‍ പാടില്ലെന്നിരിക്കെയാണ് കേരളം അതിന്റെ ഇരട്ടി കടമെടുക്കുന്നത്. അടുത്തവര്‍ഷം കേരളത്തിന്റെ പൊതുകടം 45,000 കോടിയാവും. ചുരുക്കത്തില്‍ ശമ്പളം, പെന്‍ഷന്‍, ക്ഷേമ പെന്‍ഷന്‍ തുടങ്ങിയവ നല്കാനുള്ള പണം സര്‍ക്കാരിന്റെ പക്കലില്ല. വരവും ചെലവും നോക്കാതെയാണ് സംസ്ഥാനത്ത് ധൂര്‍ത്ത് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതത്തിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി മേനി പറയുന്നതും 62 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നു എന്ന കണക്കും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. ദാരിദ്ര്യംകുറഞ്ഞ സംസ്ഥാനം, കേരള മോഡല്‍ എന്നെല്ലാം പ്രശംസിക്കുമ്പോള്‍ പല കണക്കുകളിലും വൈരുദ്ധ്യമുണ്ട്. കേരളത്തില്‍ അഞ്ചിലൊരാള്‍ 1600 രൂപ ക്ഷേമപെന്‍ഷനായി കൈപ്പറ്റുന്നു. അര്‍ഹതയുള്ളയാളാണോ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നതെന്ന കാര്യത്തില്‍ ഉറപ്പില്ല. കേന്ദ്രം ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് അര്‍ഹരായവര്‍ക്ക് ആനുകൂല്യം എത്തിക്കുമ്പോള്‍ കേരളത്തില്‍ ഇന്നും അത്തരം ഒരു കൃത്യമായ സംവിധാനമില്ല. അതിനാല്‍തന്നെ പലതരത്തിലുള്ള ചോര്‍ച്ചകളും തടയാന്‍ കഴിയുന്നില്ല.
സംരംഭക സൗഹൃദ സംസ്ഥാനമല്ല എന്ന ദുഷ്‌പേര് കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് തടസം സൃഷ്ടിക്കുന്നു. 2022-23 വര്‍ഷത്തില്‍ അഖിലേന്ത്യാ തലത്തില്‍ ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടായപ്പോള്‍ കേരളത്തിലേത് അതിലും കുറവാണ്. സംസ്ഥാനത്തിന്റെ വളര്‍ച്ച പുറകോട്ടാണ്. ബജറ്റില്‍ പറയുന്ന നികുതി വരുമാനത്തേക്കാളും 4000 കോടിയുടെ കുറവാണ് നേടുവാന്‍ കഴിയുന്നത്. കേരളത്തില്‍ ജിഎസ്ടിയിലൂടെ ലഭിക്കുന്ന വരുമാനം അഞ്ചുശതമാനം മാത്രമേ കൂടിയിട്ടുള്ളൂ. ആളോഹരി വരുമാനത്തിന്റെയും ജനസംഖ്യയുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടിയുടെ വീതംവെപ്പ് നടക്കുന്നതെന്നും കേന്ദ്രം കേരളത്തോട് ഇക്കാര്യത്തില്‍ യാതൊരു വിവേചനവും കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഗോപീഷ് ഉണ്ണി, അഡ്വ. എം.ആര്‍ മണികണ്ഠന്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: