കാഞ്ഞങ്ങാട്: നെല്ലിത്തറ പൂങ്കാവനം സഭാമണ്ഡപത്തില്‍ (മഹാകവി പി നഗറില്‍) രണ്ട് ദിവസമായി നടന്ന തപസ്യ കലാസാഹിത്യ വേദി 48 ാമത് സംസ്ഥാന വാര്‍ഷികാഘോഷം സമാപിച്ചു. മലയാള കലാ-സാഹിത്യ രംഗത്ത് ദേശീയത മുദ്രണം ചെയ്യാന്‍ നിര്‍ണായക സ്വാധീനമുള്ള സംഘടനയായി തപസ്യ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് കെ.പി. രാധാകൃഷ്ണന് സമാപന സഭയില്‍ പറഞ്ഞു.
വരാന്‍ പോകുന്നത് ആഘോഷങ്ങളുടെ വര്‍ഷമാണ്. തപസ്യയുടെ മാതൃസംഘടനയായ ആര്‍എസ്എസ് നൂറാം വര്‍ഷം ആഘോഷിക്കുമ്പോള്‍ അതിന്റെ മഹത്വം അറിഞ്ഞ് നിര്‍ണായക സ്ഥാനം വഹിക്കാന്‍ തപസ്യയുടെ എല്ലാ പ്രവര്‍ത്തകരും തയ്യാറാകണം. വര്‍ത്തമാന കാലം നേരിടുന്ന സാംസ്കാരികമായ വെല്ലുവിളികളെ പ്രതിരോധിക്കാന്‍ പഞ്ചമുഖ കാര്യപദ്ധതിയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് തപസ്യ പോലുള്ള സാംസ്കാരിക പ്രസ്ഥാനങ്ങള്‍ ആവിഷ്കരിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബ പ്രബോധനം, സാമൂഹ്യ സമരസത, സ്വദേശി, പരിസ്ഥിതി, പൗരബോധം എന്നീ വിഷയങ്ങളില്‍ ഉറച്ച് നിന്ന് മാത്രമേ കാലഘട്ടം ആവശ്യപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ തപസ്യക്ക് സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. ഖജാന്‍ജി അനൂപ് കുന്നത്ത് പരിചയഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന് വാര്‍ഷിക റിപ്പോര്‍ട്ടും കെ.പി. ശശിധരന് കണക്കവതരണവും നടത്തി.
2025 ല്‍ നടക്കുന്ന തപസ്യയുടെ സുവര്‍ണ ജയന്തി ആഘോഷങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു. സംസ്ഥാന സെക്രട്ടറി ശ്രീജിത്ത് ത്രണ്ടായി, കെ.കെ. സുധാകരന് എന്നിവര്‍ സംസാരിച്ചു. ഗോപി കൂടല്ലൂര്‍ നാന്ദിഗീതം അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന് സ്വാഗതവും ജില്ലാ സെക്രട്ടറി പി. ദിനേശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: