ശ്രീനഗര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 400ല്‍ അധികം സീറ്റുകള്‍ നേടി മൂന്നാംതവണയും അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസായിരിക്കും ഉത്തരവാദിയെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി ചെയര്‍മാന്‍ ഗുലാം നബി ആസാദ്.
ഇന്‍ഡി സഖ്യമെന്ന പേരില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് നേതൃത്വം നല്കുന്നത് കോണ്‍ഗ്രസാണ്. തെരഞ്ഞെടുപ്പില്‍ ഇത്തവണയും ബിജെപിക്ക് ജയിക്കാനായെങ്കില്‍ അത് സഖ്യത്തെ നയിക്കുന്നവരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നും മുന്‍ കോണ്‍ഗ്രസ് നേതാവു കൂടിയായ ഗുലാംനബി പറഞ്ഞു. ജമ്മുകശ്മീരിലെ പൊതുചടങ്ങില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ പരാജയപ്പെടുത്തുന്നതിനാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്‍ഡി സഖ്യത്തിന് രൂപം നല്കിയത്. ബിജെപിയോ കോണ്‍ഗ്രസുമായോ തനിക്ക് അടുപ്പമില്ല. ഇരുപാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഏതെങ്കിലും വിധത്തിലുള്ള തെറ്റോ ശരിയോ ഉണ്ടായാല്‍ അത് ചൂണ്ടിക്കാട്ടും.
മുന്‍ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, ചൗധരി ചരണ്‍ സിങ് എന്നിവര്‍ക്ക് ഭാരതരത്‌നം നല്കി ആദരിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ട്. ഇരുവരും രാജ്യത്തിനായി മികച്ച സംഭാവനകള്‍ നല്കിയ വ്യക്തികളാണ്. ഇപ്പോഴെങ്കിലും പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. നരസിംഹ റാവു മന്ത്രിസഭയില്‍ താന്‍ ടൂറിസം മന്ത്രിയായിരിക്കേയാണ് മന്‍മോഹന്‍ സിങ് ധനമന്ത്രിയായി എത്തുന്നത്. ഇരുവരും ചേര്‍ന്ന് കൊണ്ടുവന്ന നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഏറെ ഗുണകരമായിരുന്നു.
പാകിസ്ഥാന്‍ രാജ്യം രൂപീകരിച്ചതിന് പിന്നാലെ യുദ്ധത്തിനാണ് അവര്‍ തയാറെടുത്തത്. ഭാരതം സര്‍ക്കാര്‍ രൂപീകരിച്ച് ഭരണത്തിന് ശ്രമിച്ചപ്പോള്‍ പാകിസ്ഥാന്‍ സ്വേച്ഛാധിപത്യത്തിനാണ് ശ്രമിച്ചത്. അവിടെ സൈന്യമാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. ഏത് സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്ന് അവര്‍ തീരുമാനിക്കുമെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: