മാനന്തവാടി: വനം വകുപ്പിനേയും സര്‍ക്കാരിനേയും വിമര്‍ശിച്ച് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട അജീഷിന്റെ അച്ഛന് ജോസഫ്. ഞങ്ങള്‍ മനുഷ്യരല്ലേ, ഞങ്ങള്‍ക്ക് ജീവിക്കണ്ടേ എന്ന് ചോദിച്ച ജോസഫ്, ആളുകളുടെ ജീവന് നഷ്ടപ്പെട്ട ശേഷം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടെന്താണ് കാര്യമെന്ന് ചോദിച്ചു. വനം മന്ത്രി എ.കെ. ശശീന്ദ്രന് ഉത്തരവാദിത്വമില്ലെന്നും രാജിവെക്കണമെന്നും വരെ ജോസഫ് പറഞ്ഞു.
ആനയുടെ വോട്ടുകള്‍ നേടിയല്ല, മനുഷ്യരുടെ വോട്ടുകൊണ്ടാണ് ജയിക്കുന്നതെന്ന് മന്ത്രി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ജീവന് നഷ്ടമായ ശേഷം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടെന്തുകാര്യം. അജീഷിന്റെ അമ്മ അസുഖമായി കിടപ്പാണ്. എട്ടിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. ഞങ്ങള്‍ക്ക് ജീവിക്കണ്ടേ? ആനയിറങ്ങിയിട്ടും വനംവകുപ്പ് വിവരമറിയിച്ചില്ല. സര്‍ക്കാര്‍ ജനങ്ങളെ പറഞ്ഞ് വഞ്ചിക്കരുത്. വോട്ടിനു വേണ്ടി മാത്രം ഓടി വന്നിട്ട് കാര്യമില്ല, ജോസഫ് പറഞ്ഞു.
വന്യമൃഗങ്ങളുടെ ശല്യം കാരണം ഒരു കൃഷിയും ചെയ്യാനാകാത്ത സ്ഥിതിയാണ്. ഓന്തിനെ കൊന്നാല്‍പ്പോലും കേസെടുക്കുന്ന വനംവകുപ്പ് ഒരു മനുഷ്യന് മരിച്ചിട്ട് എന്താണ് കാര്യമെന്ന് അന്വേഷിക്കാന്‍പോലും വരുന്നില്ല. ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലാനാണ് ഇവരുടെ പരിപാടിയെന്നും അദ്ദേഹം ആരോപിച്ചു.
ശനിയാഴ്ച രാവിലെ 7.10 ഓടെയാണ് മാനന്തവാടിക്ക് സമീപം ചാലിഗദ്ദയില്‍ ആളെ ഓടിച്ച് പിന്തുടര്ന്നാണ് പടികടന്ന് വീട്ടുമുറ്റത്തെത്തിയ കാട്ടാന കര്‍ഷകനും ട്രാക്ടര്‍ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്നത്. കര്‍ണാടകയില്‍ ജനവാസമേഖലയില്‍നിന്ന് വനംവകുപ്പ് പിടിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട മോഴയാനയാണ് ആക്രമിച്ചത്. പിന്തുടര്ന്ന് വീട്ടിലേക്കുള്ള പടവുകള്‍ കയറി ഗേറ്റ് പൊളിച്ചെത്തിയ ആന അജിയെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: