മാഡ്രിഡ്: സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ജിറോണയുടെ വീര്യം കെടുത്തി റയല്‍ മാഡ്രിഡ് നേടിയത് 4-0ന്റെ വമ്പന്‍ വിജയം. കളിക്ക് തൊട്ടുമുമ്പ് ജൊസേലു പെനല്‍റ്റി അവസരം നഷ്ടപ്പെടുത്തിയതിനാല്‍ ജിറോണയുടെ തോല്‍വി ഭാരം അത്രയും കുറഞ്ഞു. വിനീഷ്യസ്-റോഡ്രിഗോ ബെല്ലിങ്ഹാം ത്രയത്തിന്റെ മിന്നല്‍ വേഗത്തിലുള്ള ഗോളുകളും കളിയിലുടനീളം നടത്തിയ ചടുല മുന്നേറ്റങ്ങളുമാണ് കളിയുടെ ഹൈലൈറ്റ്.
കളിയിലുടനീളം ഒരു ഓണ്‍ ടാര്‍ജറ്റ് പോലും ഉതിര്‍ക്കാതെയാണ് ജിറോണ റയലിന് മുന്നില്‍ നിറംമങ്ങിയത്. വേഗനീക്കങ്ങളുമായി കളം നിറഞ്ഞ റയല്‍ താരങ്ങള്‍ കളിയെ മൊത്തത്തില്‍ അടക്കിവാഴുകയായിരുന്നു.
ആറാം മിനിറ്റില്‍ റയലിന്റെ ബ്രസീലിയന്‍ സ്ട്രൈക്കര്‍ വിനീഷ്യസ് ജൂനിയറിലൂടെ തുടങ്ങിയ ഗോളടി 61-ാം മിനിറ്റില്‍ റോഡ്രിഗോയില്‍ അവസാനിച്ചു. ഈ രണ്ട് ഗോളുകള്ക്കുമിടെ ഇംഗ്ലണ്ട് സ്ട്രൈക്കര്‍ ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ടഗോള്‍.
കണ്ണഞ്ചിപ്പിക്കുന്ന നാല് ഗോളുകളുമായാണ് റയല്‍ സാന്റിയാഗോ ഗാലറിയിലെത്തിയ ആരാധകക്കൂട്ടത്തിന്റെ മനംകവര്‍ന്നത്. ആറാം മിനിറ്റില്‍ പാസിങ് ഗെയിമിലൂടെ അനായാസം മുന്നേറാനുള്ള സാധ്യത ഉണ്ടായിട്ടും ബോക്സിന് പുറത്ത് നിന്ന് വിനീഷ്യസ് ജൂനിയര്‍ തൊടുത്ത അതിമനോഹര പവര്‍ഷോട്ട് റയലിന് മത്സരത്തിലെ ആദ്യ ഗോള്‍ സമ്മാനിച്ചു. വീണ്ടും വിശ്രമമില്ലാതെ മുന്നേറ്റം തുടര്‍ന്നുകൊണ്ടിരുന്ന റയലിനായി 35-ാം മിനിറ്റില്‍ ബെല്ലിങ്ഹാം അടുത്തവെടി പൊട്ടിച്ചു. വിനീഷ്യസ് ഇടത് വിങ്ങിലൂടെ മദ്ധ്യഭാഗത്ത് നിന്ന് നീട്ടി നല്കിയ പാസുമായി മുന്നേറി ബോക്സിനകത്ത് ഇടത് വശത്ത് നിന്ന് മികച്ചൊരു ഷോട്ടില്‍ പന്ത് വലയിലാക്കി. ആദ്യ പകുതി പിരിയുമ്പോള്‍ റയല്‍ 2-0ന് മുന്നില്‍.
രണ്ടാം പകുതിയില്‍ യന്ത്രംപോല കളത്തില്‍ വാണ വിനീഷ്യസ് നടത്തിയ മറ്റൊരു മുന്നേറ്റം ജിറോണയുടെ അര്‍ജന്റൈന്‍ ഗോളി പോളോ ഗാസിഞ്ച ഒരുവിധത്തില്‍ തടുത്തു. ചെറിയൊരു റീബൗണ്ടിലെക്ക് കുതിച്ചുപാഞ്ഞെത്തിയ ബെല്ലിങ്ഹാമിന്റെ ത്രില്ലര്‍ ഫിനിഷ്. റയല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായി. ബെല്ലിങ്ഹാം ഇരട്ടഗോളും സ്വന്തമാക്കി.
ഒരു ഗോളെങ്കിലും മടക്കാന്‍ റയല്‍ ഗോള്‍ മുഖത്ത് തമ്പടിച്ച ജിറോണയില്‍ നിന്നും പന്ത് റാഞ്ചിയെടുത്ത് റയല്‍ താരങ്ങള്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ പന്തുമായി കുതിച്ചത് റോഡ്രിഗോ. താരം ബോക്സിനകത്ത് പ്രവേശിക്കുന്നേരം മൂന്ന് പ്രതിരോധ താരങ്ങള്‍ വട്ടംകൂടി പിടിക്കാന്‍ നടത്തിയ ശ്രമത്തെ ഭേദിച്ചുകൊണ്ടൊരു ലോങ് റേഞ്ചര്‍. ഒരിക്കല്‍ കൂടി ജിറോണ ഗോള്‍കീപ്പര്‍ തോറ്റുപായി.
കളിയുടെ ഒരു ഘട്ടത്തില്‍ പോലും റയലിന് യാതൊരു ആശങ്കയും സൃഷ്ടിക്കാന്‍ കഴിയാതെയാണ് ജിറോണ കളി അവസാനിപ്പിച്ചത്. ജയത്തോടെ പട്ടികയില്‍ തൊട്ടുതാഴെയുള്ള ജിറോണയ്ക്ക് മേലുള്ള ലീഡ് അഞ്ചാക്കി ഉയര്‍ത്താന്‍ റയലിന് സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: