ന്യൂദല്‍ഹി: കടമെടുപ്പ് നയപരമായ വിഷയമാണെന്നും സുപ്രീംകോടതി ഇടപെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അധിക കടമെടുപ്പിന് കേരളത്തെ അനുവദിച്ചാല്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നുശതമാനം വരെ കടമെടുക്കാനാണ് ഓരോ സംസ്ഥാനങ്ങള്‍ക്കും അനുമതിയുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷവും മൂന്നു ശതമാനം എന്ന പരിധിക്കപ്പുറത്ത് കടമെടുക്കാന്‍ കേരളത്തിന് അനുമതി നല്‍കിയിരുന്നു. 2021-22ല്‍ നാല് ശതമാനവും 2022-23ല്‍ മൂന്നര ശതമാനവുമാണ് കേരളം കടമെടുത്തത്. ഇനിയും കടമെടുക്കാന്‍ കേരളത്തെ അനുവദിച്ചാല്‍ മറ്റു സംസ്ഥാനങ്ങളുടെ കടമെടുപ്പിനെയും ബാധിക്കും. കടമെടുപ്പ് നിയന്ത്രിച്ചത് കേരളം കൂടുതല്‍ പ്രതിസന്ധിയിലാവാതെ ഇരിക്കാനാണ്.
കൂടുതല്‍ കടമെടുക്കാന്‍ അനുമതി തേടി കേരളം നല്കിയ ഇടക്കാല അപേക്ഷ തള്ളണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേരളത്തില്‍ വിവേകപൂര്‍ണമായ ധനവിനിയോഗമില്ല. അടിയന്തര കടമെടുപ്പിന് കേരളത്തിന് അവകാശമില്ല. നികുതി വരുമാനത്തേക്കാള്‍ കേരളത്തില്‍ കടം വര്‍ദ്ധിക്കുന്നു. വിവേകപൂര്‍ണമായ ധനവിനിയോഗം സംസ്ഥാനത്തില്ല. വീണ്ടും അനുമതി നല്കിയാല് ധനസ്ഥിതി കൂടുതല്‍ ഗുരുതരമാകും. കേരളം സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്ഥാനമാണ്. അധിക കടമെടുത്ത തെലങ്കാന, ഈ കടം പ്രതിസന്ധിയെന്ന് തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കിഫ്ബിയുടെ കടം സംസ്ഥാനത്തിന്റെ ബാധ്യതയാണ്. അതിനാലാണ് എതിര്‍ക്കുന്നത്. എന്നാല്‍ സ്വന്തമായി വരുമാനമുള്ള കെഎസ്ആര്‍ടിസി, കെഎസ്ഇബി എന്നിവയുടെ കടമെടുപ്പിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കില്ല. കേരളത്തിന്റെ സാമ്പത്തിക അധികാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തിയിട്ടില്ല. നിയമവിരുദ്ധവും വിവേചനപരവുമായ യാതൊരു നടപടിയും കേരളത്തിനെതിരെ സ്വീകരിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ സമര്‍പ്പിച്ച കേരളത്തിന്റെ ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: