തിരുവനന്തപുരം: എക്‌സാലോജിക്ക് കമ്പനിക്കും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്നും വാങ്ങിയ മാസപ്പടിക്കും പൂര്‍ണ പിന്തുണ നല്‍കി സിപിഎം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന ശില്‍പശാലയില്‍ വിതരണം ചെയ്യുന്ന രേഖയിലാണ് വീണയ്‌ക്കും കമ്പനിക്കും പാര്‍ട്ടിയുടെ ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’.
സാധാരണ ഇത്തരം വിഷയങ്ങള്‍ പാര്‍ട്ടി രേഖയിലൂടെ വിശദീകരിക്കുന്ന സമീപനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ല. നേതാക്കള്‍ക്കെതിരെയോ കുടുംബാംഗങ്ങള്‍ക്കെതിരെയോ ഗുരുരതരമായ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ പാര്‍ട്ടി ചുമതലകളില്‍ നിന്നും ബന്ധപ്പെട്ട നേതാവ് മാറിനില്‍ക്കണം. വിഷയം ബന്ധപ്പെട്ട ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് സംസ്ഥാനത്തിന് റിപ്പോര്‍ട്ട് ചെയ്തായിരിക്കും തീരുമാനം കൈക്കൊള്ളുക. എന്നാല്‍ വീണാ വിജയനോ മുഖ്യമന്ത്രിക്കോ ഇതൊന്നും ബാധമല്ലെന്ന തരത്തിലാണ് രേഖ വഴി വിശദീകരിക്കുന്നത്.
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ കേസുകളില്‍പെട്ടപ്പോള്‍ സംരക്ഷിക്കാതിരിക്കുകയും മാസപ്പടി വാങ്ങിയ വീണാ വിജയനെ സംരക്ഷിക്കുകയും ചെയ്യുന്നതില്‍ ഏരിയാ കമ്മിറ്റികളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങി. കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്താല്‍ ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാകില്ലെന്ന് നേതൃത്വത്തിന് അറിയാം. ഇതോടെയാണ് മുഖ്യമന്ത്രിയെയും വീണാവിജയനെയും പ്രകീര്‍ത്തിക്കുന്നത് രേഖകളില്‍ സ്ഥാനം പിടിച്ചത്. കമ്മിറ്റികളില്‍ വിഷയം ഉയര്‍ന്നാല്‍ എല്ലാം രേഖയില്‍ വിശദീകരിച്ചിരുന്നതാണെന്നും അതിന്മേല്‍ ഇനി ചര്‍ച്ച വേണ്ടെന്നും പറഞ്ഞ് നേതാക്കള്‍ക്ക് തടിയൂരാം.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ഉന്നംവച്ചാണ് മാസപ്പടി ആരോപണം കൊണ്ടുവന്നതെന്ന് രേഖയില്‍ വിശദീകരിക്കുന്നു. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ എക്‌സാലോജിക് കമ്പനിയുടെ ഇടപാടുകളെ പോലും തെറ്റിദ്ധരിപ്പിക്കുന്നു.
കമ്പനിക്ക് പോലും പരാതിയില്ല. വിഷയത്തില്‍ അവരുടെ വാദം പോലും കേള്‍ക്കാതെയാണ് പ്രചാരണം നടത്തിയത്. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനത്തെയും, സംസ്ഥാന സര്‍ക്കാരിനെയും തേജോവധം ചെയ്യുന്നതിനാണ് ആരോപണം ഉയര്‍ത്തിയതെന്നും രേഖയില്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനേയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു. വ്യക്തിപരമായി തേജോവധം ചെയ്യാന്‍ കേന്ദ്രഏജന്‍സികളും അതുപോലെയുള്ള സ്ഥാപനങ്ങളും കള്ളക്കഥ മെനയുന്നു. സ്വര്‍ണക്കടത്ത് ആരോപണം സംബന്ധിച്ച അന്വേഷണം എന്തായെന്നും വിണാ വിജയനെ രക്ഷിക്കാന്‍ ഉദാഹരണമായി രേഖയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: