Categories: Entertainment

നടൻ മിഥുൻ ചക്രവർത്തി ആശുപത്രിയിൽ

അടുത്തിടെ പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചതിൽ ശേഷം സന്തോഷം പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു

Published by

നടനും രാഷ്‌ട്രീയ നേതാവുമായ മിഥുൻ ചക്രവർത്തിയെആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. നെഞ്ചുവേദന അനുഭവപ്പെടുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് മിഥുനെ കൊൽക്കത്തയിലെ (Kolkata) സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മിഥുൻ ചക്രവർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് അദ്ദേഹത്തിന്റെ ആരാധകർ\ ആശുപത്രി പരിസരത്തേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

73 വയസ്സായ മിഥുൻ ചക്രവർത്തിക്ക് ഇന്ന് രാവിലെ നെഞ്ചിൽ വേദന അനുഭവപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ചെറിയ രീതിയിൽ അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

അടുത്തിടെയാണ് മിഥുൻ ചക്രവർത്തിക്ക് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചത്. പത്മഭൂഷൺ ലഭിച്ചതിൽ ശേഷം സന്തോഷം പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. ഈ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും എല്ലാവരോടും പൂർണ്ണഹൃദയത്തോടെ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും മിഥുൻ ചക്രവർത്തി വ്യക്തമാക്കിയിരുന്നു. എനിക്ക് വേണ്ടി ഞാൻ ആരോടും ഒന്നും ചോദിച്ചിട്ടില്ല. ചോദിക്കാതെ എന്തെങ്കിലും കിട്ടിയതിൽ അതിയായ സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

‘ഇത്രയും സ്നേഹവും ബഹുമാനവും നൽകിയതിന് എല്ലാവർക്കും നന്ദി. ഈ അവാർഡ് ഞാൻ എന്റെ ആരാധകർക്ക് സമർപ്പിക്കുന്നു. എനിക്ക് നിസ്വാർത്ഥ സ്നേഹം നൽകിയ ലോകമെമ്പാടുമുള്ള എന്റെ ആരാധകർക്കുള്ളതാണ് ഈ അവാർഡ്. എന്റെ ഈ അവാർഡ് എല്ലാ അഭ്യുദയകാംക്ഷികൾക്കും സമർപ്പിക്കുന്നു´´- മിഥുൻ ചക്രവർത്തി വ്യക്തമാക്കി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by