ലോകസഭാ തെരഞ്ഞെടുപ്പാണ് എല്ലാ പാര്‍ട്ടികളുടെയും വേവലാതി. കൂട്ടലും കിഴിക്കലും തിരുത്തലുമായി എല്ലാവരും തിരക്കിലാണ്. കേരളത്തിലെ ഭരണ മുന്നണിയുടെ ദല്‍ഹി ദര്‍ബാറും പ്രതിപക്ഷ മുന്നണിയുടെ കേരളയാത്രയും എല്ലാമെല്ലാം അതിന്റെ ഭാഗം തന്നെ. ദല്‍ഹി പിടിക്കാന്‍ കോപ്പുകൂട്ടി കൊട്ടിപ്പൊക്കിയ ‘ഇന്‍ഡി’ മുന്നണി വന്നപോലെ പോവുന്നു. ആരൊക്കെ എങ്ങോട്ടൊക്കെ ഓടുന്നു. ഒഴുകുന്നു എന്നാര്‍ക്കും പ്രവചിക്കാന്‍ പോലും കഴിയുന്നില്ല.
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്കു നാനൂറിലേറെ സീറ്റുകളെന്ന ലക്ഷ്യം സാധ്യമാണെന്നു ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍സി) ഉപാധ്യക്ഷനുമായ ഒമര്‍ അബ്ദുല്ല തിരിച്ചറിഞ്ഞിരിക്കുന്നു. പരസ്പരം കലഹിക്കുന്നതു പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യമാണെന്നും ഇതാണു പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ഗുണകരമാവുകയെന്നും ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഒമര്‍ അബ്ദുള്ള വെളിപ്പെടുത്തിയിരിക്കുന്നു. പിതാവ് കേരളത്തിലെ ദര്‍ബാറില്‍ പങ്കെടുക്കവെയാണ് ഒമറിന്റെ പ്രതികരണം.
പ്രതിപക്ഷം ദുര്‍ബലരായതിനാല്‍ ജയം എന്ന ആ ലക്ഷ്യം നേടുക സാധ്യമാണ്, നരേന്ദ്രമോദിക്കെന്നാണ് ഒമറിന്റെ പക്ഷം. ബിജെപിക്കെതിരെ ഐക്യമുന്നണി രൂപപ്പെടുത്തുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. രണ്ടു മാസം മുന്‍പായിരുന്നെങ്കില്‍ സ്ഥിതി മറിച്ചായേനെ. ഇന്‍ഡി മുന്നണി വളരെ ക്ഷീണാവസ്ഥയിലാണ്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു ഇന്‍ഡി മുന്നണി വിട്ടത് അദ്ദേഹത്തിന്റെ സ്വന്തം താല്‍പര്യത്താലാണ്. ശക്തരായ പ്രതിപക്ഷമാകാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും മുന്നണി കരുത്തുറ്റതായിട്ടില്ല. ഭാവിയില്‍ എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണാം. മൂന്നാം തവണയും ബിജെപിക്ക് അധികാരത്തില്‍ വരാന്‍ അനുകൂലമായ ഒരുപാടുകാരണങ്ങളുണ്ട്. പണവും മന്ദിറും അധികാരവും അവരുടെ കൈകളിലാണ്. ഇതിലേതു കാര്‍ഡ് വേണമെങ്കിലും ഉപയോഗിക്കാം. ജമ്മു കശ്മീരില്‍ ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നു തോന്നുന്നില്ല. ജയിക്കുമെന്നു ബിജെപിക്ക് ഉറപ്പുണ്ടെങ്കിലേ തെരഞ്ഞെടുപ്പ് നടത്തൂ” എന്നും ഒമറിന് അഭിപ്രായമുണ്ട്. ഏതായാലും സത്യം തിരിച്ചറിഞ്ഞുള്ള ഒമറിന്റെ അഭിപ്രായം മൊഞ്ചുള്ളതുതന്നെ.
അഭിപ്രായ സര്‍വ്വെകളും ഒമറിന്റെ കണക്കുകൂട്ടലിനോട് ചേര്‍ന്നു തന്നെ. മൂഡ് ഓഫ് ദ നേഷന്‍ എന്ന ഇന്ത്യാ ടുഡെ സര്‍വ്വെയും പറയുന്നത് ഒമറിന്റെ അഭിപ്രായത്തോട് ചേര്‍ച്ചയുള്ളതാണ്. 370ല്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന മോദിയുടെ അവകാശവാദത്തില്‍ ചെറിയ തിരുത്തലുകള്‍ സര്‍വേ പറയുന്നു. വിവിധ ലോക്‌സഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന 35,801 പേരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ എന്‍ഡിഎ സഖ്യം 335 സീറ്റുകള്‍ നേടുമെന്നുമാണു സര്‍വേ പറയുന്നത്. ഇന്‍ഡി മുന്നണി 166 സീറ്റുകള്‍ നേടുമെന്നാണു പ്രവചനം. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്. ജനങ്ങളുടെ മനസ്സറിയാന്‍ ഡിസംബര്‍ 15 മുതല്‍ ജനുവരി 28 വരെയുള്ള തീയതികളില്‍ നടത്തിയ സര്‍വേയിലാണ് എന്‍ഡിഎയ്‌ക്ക് അനുകൂല ഫലം.
ആകെയുള്ള 543 സീറ്റുകളില്‍ ബിജെപി 304 സീറ്റുകള്‍ നേടുമെന്നാണു സര്‍വേ പറയുന്നത്. കഴിഞ്ഞ തവണ(303)ത്തേക്കാള്‍ ഒരു സീറ്റ് ബിജെപി വര്‍ധിപ്പിക്കുമെന്നു പറയുന്നു. 2019ല്‍ 52 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ 19 സീറ്റുകള്‍ കൂട്ടി 71 നേടുമെന്നാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലും ഇന്‍ഡി സഖ്യത്തിന് വന്‍ തിരിച്ചടി നേരിടാന്‍ പോവുകയാണ്. സംസ്ഥാനത്ത് സമാജ്‌വാദി പാര്‍ട്ടി സഖ്യമുപേക്ഷിച്ച് ജയന്ത് ചൗധരിയുടെ ആര്‍എല്‍ഡി, ബിജെപിയുമായി കൈകോര്‍ക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയായതിനെത്തുടര്‍ന്ന് ആര്‍എല്‍ഡി.യും എന്‍ഡിഎ ഘടകകക്ഷിയാകും. ലോക്‌സഭയില്‍ ഉത്തര്‍പ്രദേശില്‍ രണ്ട് സീറ്റുകള്‍ക്ക് പുറമേ ഒരു രാജ്യസഭാ സീറ്റും നല്‍കാമെന്ന ബിജെപിയുടെ വാഗ്ദാനത്തിന് ജയന്ത് ചൗധരി കൈകൊടുത്തുവെന്ന് പറയപ്പെടുന്നു.
ബിഹാറില്‍ ജെഡിയുവിനെ എന്‍ഡിഎയില്‍ എത്തിച്ചതിന് പിന്നാലെയാണ് ബിജെപി രാഷ്‌ട്രീയ ലോക്ദളിനേയും നോട്ടമിട്ടത്. നാലു സീറ്റുകളായിരുന്നു ആര്‍എല്‍ഡിയുടെ ആവശ്യം. പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് മേഖലകളില്‍ സ്വാധീനമുള്ള പാര്‍ട്ടിയെ വശത്താക്കി സംസ്ഥാനത്ത് പരമാവധി നേട്ടമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. കര്‍ഷകസമരം ഈ മേഖലകളില്‍ ബിജെപിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. ജെഡിയുവിനു പിന്നാലെ ആര്‍എല്‍ഡികൂടി പോയാല്‍ പ്രതിപക്ഷത്തെ ഇന്‍ഡിസഖ്യത്തിന് കനത്ത തിരിച്ചടിയാണുണ്ടാവുക എന്ന് തീര്‍ച്ച. കഴിഞ്ഞതവണ യുപിയില്‍ 62 സീറ്റുകളാണ് ബിജെപി നേടിയത്. അയോധ്യ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കിയതോടെ ഇക്കുറി പരമാവധി സീറ്റുകള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം. അതേതായാലും ലഭിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ബിജെപി.
ഉത്തരേന്ത്യയിലാകമാനം ബിജെപി കൊയ്‌ത്തു നടത്തുമ്പോള്‍ കേരളം പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇടതുമുന്നണി. കേരളത്തിലുള്ള ഒന്ന് നിലനിര്‍ത്താനാവുമോ എന്നതിലുപരി കൂടുതല്‍ സീറ്റുറപ്പിക്കാനുള്ള തന്ത്രവും മെനയുന്നു. അതിന്റെ ഭാഗമെല്ലെ ദല്‍ഹി ദര്‍ബാര്‍ എന്ന ചിന്തയാണ് കൂടുതല്‍ പ്രസക്തം. അല്ലാതെ സാമ്പത്തിക ഞെരുക്കത്തിന്റെ കണക്കൊക്കെ പുറംപൂച്ചു മാത്രം.
കേരളത്തിനെതിരായ കേന്ദ്രത്തിന്റെ അവഗണന മറികടക്കാനുള്ള എല്ലാ മാര്‍ഗങ്ങളും പരാജയപ്പെട്ടപ്പോഴാണ് പ്രതിഷേധ സമരത്തിലേക്കു കടക്കാന്‍ കാരണമെന്ന ന്യായം, പറയുന്നവര്‍ പോലും വിശ്വസിക്കുന്നില്ല. കേരളം നേരിടുന്ന നഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു കത്തയച്ചു; നേരില്‍ക്കണ്ടു സംസാരിച്ചു; പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഒരു വര്‍ഷത്തിലേറെ നിരന്തര പരിശ്രമം നടത്തിയിട്ടും കേന്ദ്രം പ്രതികരിച്ചില്ല. ഈ സാഹചര്യത്തില്‍ മറ്റു വഴിയില്ലാതെയാണ് സമരരംഗത്തേക്കിറങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദവും നിലനില്‍ക്കുന്നതല്ല.
കേന്ദ്രത്തിന്റെ രാഷ്‌ട്രീയ, സാമ്പത്തിക നയങ്ങള്‍ പിന്തുടരാത്തതുകൊണ്ടാണ് കേരളത്തെ അവഗണിക്കുന്നത്. ജനങ്ങള്‍ തള്ളിക്കളഞ്ഞ നയങ്ങള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുകയാണ്. ഈ വാദവും എട്ടു നിലയ്‌ക്കാണ് പൊട്ടിയത്.
ദല്‍ഹി ദര്‍ബാറില്‍ ദല്‍ഹി മുഖ്യമന്ത്രിയും പഞ്ചാബ് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയുടെ കൈപിടിച്ചുയര്‍ത്തിയെങ്കിലും അതെല്ലാം ചിത്രത്തിലൊതുങ്ങും. വോട്ടും സീറ്റും നാസ്തി. ഇന്‍ഡി മുന്നണിക്കും അതുകൊണ്ടൊരു പ്രയോജനവുമില്ല. മല്ലികാര്‍ജ്ജുന ഖാര്‍ഗെ കേരളത്തിന്റെ സമരത്തെ പൊക്കി പറഞ്ഞെങ്കിലും കേരളത്തില്‍ അതുകൊണ്ട് മെച്ചമില്ല. പഞ്ചാബിലും ദല്‍ഹിയിലും കോണ്‍ഗ്രസിന് എഎപി ആപ്പ് വച്ചിരിക്കുകയാണ്. ഏതായാലും തെരഞ്ഞെടുപ്പ് വരും മുമ്പേ വിജയം ഉറപ്പിക്കാന്‍ എന്‍ഡിഎയും തോല്‍വി ഉറപ്പുവരുത്താന്‍ ഇന്‍ഡി മുന്നണിയും ഒരുങ്ങി നില്‍പ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: