ന്യൂദൽഹി: ബംഗ്ലാദേശ് ശക്തവും സമൃദ്ധവുമായിട്ടിരിക്കാനാണ് ഭാരതത്തിന്റെ താൽപര്യമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാഷ്ട്രപതി ഭവൻ സന്ദർശിച്ച ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഹസൻ മഹമൂദിനെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ഇരു രാജ്യങ്ങളുടെയും ഭരണകൂടം ആഗ്രഹിക്കുന്നതും മികച്ച ബന്ധം തന്നെയാണെന്ന് രാഷ്ട്രപതി പറഞ്ഞു. തുടർച്ചയായ നാലാം തവണയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായതിന് ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രപതി അഭിനന്ദനങ്ങൾ അറിയിച്ചു. ഹസീനയുടെ നേതൃത്വത്തിൽ ബംഗ്ലാദേശ് പുരോഗതിയുടെയും സമൃദ്ധിയുടെയും പുതിയ നാഴികക്കല്ലുകൾ കൈവരിക്കട്ടയെന്ന് രാഷ്രപതി ആശംസിച്ചു.
അതിർത്തി, സുരക്ഷ, വ്യാപാരം, കണക്റ്റിവിറ്റി, വൈദ്യുതി, അടിസ്ഥാന സൗകര്യങ്ങൾ, ജനങ്ങളുമായുള്ള സമ്പർക്കം തുടങ്ങി ഉഭയകക്ഷി സഹകരണത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും ബംഗ്ലാദേശ് കൈവരിച്ച പുരോഗതിയിൽ മുർമു സംതൃപ്തി പ്രകടിപ്പിച്ചതായി രാഷ്ട്രപതിഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇരുവശത്തുമുള്ള ജനങ്ങളെയും സമ്പദ്വ്യവസ്ഥയെയും പരമ്പരാഗതമായി ബന്ധിപ്പിക്കുന്ന റെയിൽ, റോഡ്, ജലപാതകൾ എന്നിവ ഇരുവശത്തും പുനരുജ്ജീവിപ്പിക്കുകയാണെന്നും ഒരേസമയം പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: