പോങ്ങ്യാങ്: ദക്ഷിണ കൊറിയയുമായി നയതന്ത്രബന്ധം പുലർത്താൻ ആഗ്രഹമില്ലെന്ന് അറിയിച്ച് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. പ്രകോപിപ്പിച്ചാൽ തങ്ങളുടെ എതിരാളിയെ പൂർണമായും ഉന്മൂലനം ചെയ്യുമെന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ആവർത്തിച്ചു പറഞ്ഞു.
സമീപ മാസങ്ങളിൽ കൊറിയൻ ഉപദ്വീപിൽ പിരിമുറുക്കങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് കിമ്മിന്റെ ഭീഷണി ഉയർന്നിരിക്കുന്നത്. വ്യാഴാഴ്ച ഉത്തരകൊറിയയുടെ പ്രതിരോധ മന്ത്രാലയം സന്ദർശിച്ചപ്പോൾ, ദക്ഷിണ കൊറിയയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് തന്റെ നീക്കങ്ങൾ എന്ന് എടുത്ത് പറഞ്ഞ കിം പ്രകോപനങ്ങൾ ഉണ്ടായാൽ എപ്പോൾ വേണമെങ്കിലും ആക്രമണം നടത്താൻ തന്റെ സൈന്യത്തെ അനുവദിക്കുന്നുവെന്ന് പറഞ്ഞിരുന്നു. നമ്മുടെ റിപ്പബ്ലിക്കിന്റെ തകർച്ചയ്‌ക്ക് ശ്രമിച്ച ദക്ഷിണ കൊറിയൻ പാവകളുമായുള്ള സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും ആവശ്യകത ഇല്ലാതാക്കാൻ താൻ മുൻകൈ എടുത്തതായി കിം പറഞ്ഞതായി ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സന്ദർശന വേളയിൽ കിം തന്റെ മകൾ കിം ജുഎയ്‌ക്ക് ഒപ്പമാണ് എത്തിയത്. ദക്ഷിണ കൊറിയയുമായുള്ള സമാധാനപരമായ ഏകീകരണം എന്ന ദീർഘകാല ലക്ഷ്യം ഉത്തരകൊറിയ ഉപേക്ഷിക്കുകയാണെന്ന് പാർലമെൻ്റിൽ പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് കിം ജോങ് ഉന്നിന്റെ പ്രസ്താവന വീണ്ടും വന്നത്.
അതേ സമയം യുഎസും ദക്ഷിണ കൊറിയയും ജപ്പാനും പ്രതികരണമായി അവരുടെ സംയുക്ത സൈനികാഭ്യാസങ്ങൾ കൊറിയൻ ഉപദ്വീപിൽ ശക്തിപ്പെടുത്തുന്നുണ്ട്. കിമ്മിന് ഒരു യുദ്ധത്തിൽ ഏർപ്പെടാനുള്ള യഥാർത്ഥ ഉദ്ദേശം കുറവാണെങ്കിലും, ദക്ഷിണ കൊറിയയിലും അമേരിക്കയിലും തിരഞ്ഞെടുപ്പ് എത്തിയ സാഹചര്യത്തിൽ പ്രകോപനം സൃഷ്ടിച്ച് സമ്മർദം വർധിപ്പിക്കാൻ ഉത്തര കൊറിയ ശ്രമിച്ചേക്കുമെന്നതിനാൽ ആശങ്കകൾ വർദ്ധിച്ചു വരുന്നുണ്ടെന്ന് ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥരും വിദഗ്ധരും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: