ഭുവനേശ്വര്‍: ഫെഡറലിസത്തോട് ആഴത്തിലുള്ള പ്രതിബദ്ധതയുള്ള നേതാക്കളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജു ജനതാദള്‍ നേതാവുമായ വി.കെ. പാണ്ഡ്യന്‍. മോദി ഫെഡറലിസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുമ്പോഴാണ് പാണ്ഡ്യന്റെ ഈ പ്രതികരണം.
രാജ്യത്തിന്റെ ഫെഡറലിസത്തെ തകര്‍ക്കാനുള്ള വലിയ ശ്രമങ്ങള്‍ നടന്നത് രണ്ടാം യുപിഎ കാലത്തായിരുന്നു. പി. ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. കോണ്‍ഗ്രസ് ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ പിടിമുറുക്കാന്‍ നാഷണല്‍ കൗണ്ടര്‍ ടെററിസം ആക്ട് അവതരിപ്പിക്കാന്‍ തീരുമാനിച്ചു. ചിദംബരമായിരുന്നു അതിന് പിന്നില്‍.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് കൂടുതല്‍ അധികാരങ്ങള്‍ നല്കി സംസ്ഥാന പരിധിയില്‍ കേന്ദ്രത്തിന്റെ സ്വാധീനമുറപ്പിക്കാനുള്ള നീക്കമായിരുന്നു അത്. ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ നിന്ന് മോദിയും നവീനും ജയലളിതയും ഇറങ്ങിപ്പോയത് ഓര്‍ക്കുന്നു, പാണ്ഡ്യന്‍ പറഞ്ഞു.
പ്രധാനമന്ത്രിയായതിനു ശേഷവും മോദിയും നവീനും അടുത്ത സുഹൃത്തുക്കളായി തുടര്‍ന്നെന്ന് പാണ്ഡ്യന്‍ പറഞ്ഞു. അതില്‍ രാഷ്‌ട്രീയമില്ല. ഏറെക്കാലത്തിനു ശേഷം കണ്ടാലും തൊട്ടുതലേന്ന് ഏറെനേരം സംസാരിച്ചു പിരിഞ്ഞ സുഹൃത്തുക്കളെപ്പോലെ ഇരുവരും ഇടപെടും. അതിനു പലവട്ടം താന്‍ സാക്ഷിയായിട്ടുണ്ടെന്നും പാണ്ഡ്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: