തിരുവനന്തപുരം: ആര്‍എസ്എസ് മണ്ണന്തല മണ്ഡല് ശാരീരിക് പ്രമുഖ് ആയിരുന്ന രഞ്ജിത്തിനെ കൊലപ്പെടുത്തിയത് അമ്പലമുക്ക് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സിപിഎം ഗുണ്ടകളാണെന്ന് കേസിലെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. ഇന്നലെ മൂന്നാം ദൃക്സാക്ഷിയായ സജിത്തിനെ വിസ്തരിച്ചു.
കൊലപാതക കേസിലെ എല്ലാ പ്രതികളെയും തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്. സുദര്ശന് മുമ്പാകെ തിരിച്ചറിഞ്ഞു. സംഭവദിവസം പുലര്‍ച്ചെ പാല് വാങ്ങാനായി മണ്ണന്തല കോട്ടമുകളിലെ രഞ്ജിത്തിന്റെ പച്ചക്കറി കടയില്‍ എത്തിയിരുന്നു സജിത്ത് എന്ന സാക്ഷി. ഈ സമയം പ്രതികള്‍ കൊടുവാളും കത്തിയും വെട്ടുകത്തികളുമായി കടയിലേക്ക് ഓടിക്കയറി തന്റെ കണ്മുന്നില് വച്ചാണ് രഞ്ജിത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് സജിത്ത് പറഞ്ഞു.
രഞ്ജിത്തിനെ കൊലപ്പെടുത്താനായി എത്തിയ വാഹനങ്ങളും ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും കോടതിയില്‍ തിരിച്ചറിഞ്ഞു. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം താന്‍ ഈ വിവരങ്ങള്‍ പോലീസില്‍ അറിയിച്ചിരുന്നതായി പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തില്‍ വ്യക്തമാക്കിയ സാക്ഷി രഞ്ജിത്തിനെ കൊലപ്പെടുത്തിയത് പ്രതികള്‍ തന്നെയാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിചാരണയില്‍ സാക്ഷികളായ വിനോദും സുരേഷും പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.
2008 ഒക്ടോബര്‍ 17ന് രാവിലെയാണ് മണ്ണന്തല കോട്ട മുകളിലുള്ള വിനായക ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ് കടയില്‍ വച്ച് രഞ്ജിത്ത് വെട്ടേറ്റ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരായ അമ്പലമുക്ക് കൃഷ്ണകുമാര്‍, ഗോപാലന് സുരേഷ്, കണ്ണന് സുരേഷ്, ഫിറോസ് ഖാന്, ശങ്കര്‍, ഗോഡ് വിന്, വിഷ്ണു വിനോദ് എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരായത്. സാക്ഷികള്‍ക്ക് വേണ്ടി അഭിഭാഷകരായ കെ.വി. ഹേമരാജ്, വി.ജി. ഗിരികുമാര്‍ എന്നിവരും ഹാജരാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: