ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തി പ്രാപിച്ച് ബിജെപി. തമിഴ്നാട്ടിൽ നിന്നുള്ള 15 മുൻ എംഎൽഎമാരും ഒരു മുൻ എംപിയും ഉൾപ്പെടെ നിരവധി നേതാക്കൾ ബുധനാഴ്ച ബിജെപിയിൽ ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ സാന്നിധ്യം തമിഴ്നാട്ടിൽ ശക്തമാക്കാൻ ബിജെപി ശ്രമിക്കുന്നതിന്റെ വിജയമാണ് ഇത്രയും നേതാക്കൻമാർ ഒരുമിച്ച് ചേർന്നതെന്ന് ബിജെപി സംസ്ഥാന ഘടകം വ്യക്തമാക്കി.
ഈ നേതാക്കളിൽ ഭൂരിഭാഗവും സംസ്ഥാനത്തെ എഐഎഡിഎംകെയിൽ നിന്നുള്ളവരാണ്. സംസ്ഥാന ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയെ കൂടാതെ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, എൽ മുരുകൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവർക്ക് സ്വീകരണവും തുടർന്ന് അംഗത്വവും നൽകിയത്.
തമിഴ്നാട് ഭാരതീയ ജനതാ പാർട്ടിയുടെ വഴിക്ക് പോകുന്നു എന്ന് വ്യക്തമാക്കിയ അണ്ണാമലൈ ഈ നേതാക്കളുടെ അനുഭവസമ്പത്ത് മുഴുവൻ ബിജെപിക്ക് നൽകാൻ കഴിയുമെന്നും തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് കൂടുതൽ ശക്തി പകരാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അവരെ സ്വാഗതം ചെയ്തുകൊണ്ട് അണ്ണാമലൈ പറഞ്ഞു. തമിഴ്നാട്ടിലെ സംഭവങ്ങൾ തങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി പരമ്പരാഗതമായി വലിയ ശക്തിയല്ലാത്ത തമിഴ്നാട് പോലുള്ള സംസ്ഥാനത്ത് മോദിയുടെ ജനപ്രീതിയാണ് ഇത്രയും വലിയ തോതിൽ നേതാക്കളെ പാർട്ടിയിൽ എത്തിക്കാൻ പ്രേരിതമായതെന്ന് കേന്ദ്രമന്ത്രി ചന്ദ്രശേഖർ പറഞ്ഞു. വരുന്ന ലോക്സഭയിൽ ബിജെപി 370 സീറ്റുകൾ നേടുമെന്നും എൻഡിഎ 400 കടക്കുമെന്നും മോദി പ്രവചിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിൻ ലഭിക്കുന്ന പുതിയ സീറ്റുകളിൽ പലതും തമിഴ്നാട്ടിൽ നിന്നായിരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ കഴിഞ്ഞ 10 വർഷത്തെ പരിവർത്തനം തുടരണമെന്നാണ് ഭാരതത്തിലെ ഓരോ പൗരനും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: