Categories: Kerala

ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ച് കയറ്റിയ സംഭവം; സിപിഎം നേതാവിന്റെ മകനെതിരെ അന്വേഷണം തുടങ്ങി

Published by

കോഴിക്കോട്: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. സംഭവത്തിന്റെ വിശദാംശങ്ങളും ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നതുമാണ് പരിശോധിക്കുന്നത്. ഇതിന് പുറമേ സംഭവത്തിൽ ശരിയായ നിലപാടാണോ പോലീസ് സ്വീകരിച്ചത് എന്നും പരിശോധിക്കും.

ഞായറാഴ്ച രാത്രി കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്റിനടുത്ത് വെച്ചാണ് മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗവര്‍ണറുടെ വാഹനവ്യൂഹത്തിനിടയിലേക്ക് രണ്ടു തവണ കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിച്ച യുവാവിനെ പോലീസ് ആദ്യതവണ തടഞ്ഞെങ്കിലും വീണ്ടും കാറുമായി വാഹനവ്യൂഹത്തിലേക്ക് കാര്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. യുവാവിനെ കസ്റ്റഡിയിലെടുത്ത് കസബ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പ്രതി നേതാവിന്റെ മകനാണെന്ന് തിരിച്ചറിഞ്ഞത്.

കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഡിവൈഎഫ്‌ഐ നേതാക്കളും സിപിഎം നേതാവായ കൗണ്‍സിലറും സ്റ്റേഷനിലെത്തി. ഇതോടെ 1000 രൂപ പിഴയടച്ച് പ്രതിയെ വിട്ടയക്കുകയായിരുന്നു. സംഭവത്തിൽ ജൂലിയസ് നിഖിതാസിനെ സിപിഎം നേതാവിന്റെ മകൻ ആയതിനാൽ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചത്. വാഹനം മനപ്പൂർവ്വം ഓടിച്ച് കയറ്റിയത് അല്ലെന്നാണ് പോലീസ് പറയുന്നത്. ഇത് സത്യമാണോ എന്ന് ഏജൻസി പരിശോധിക്കും. കുറ്റകൃത്യം തെളിഞ്ഞാൽ തുടർനടപടികളിലേക്ക് കടക്കും.

വാഹനവ്യൂഹത്തിലേക്ക് കെഎല്‍.69 എ 6457 ടൊയോട്ട ഇത്തിയോസ് ലിവ കാര്‍ ഇടിച്ചു കയറ്റിയ യുവാവ് പോലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം ഒതുക്കിത്തീര്‍ത്ത പോലീസ് കേസ് വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായില്ല. അത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു സിറ്റി കമ്മീഷണറുടെ നിലപാട്. 2013-ല്‍ അന്നത്തെ റൂറല്‍ എസ്പി ടി.കെ. രാജ്‌മോഹന്റെ റിപ്പോര്‍ട്ട് പ്രകാരം ഗുണ്ടാ ആക്ടില്‍ നടപടിയെടുത്ത് നാടുകടത്തപ്പെട്ട ആളാണ് കേസിലെ പ്രതി.

ജൂലിയസ് നേരത്തെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെയും മുന്‍ എംഎല്‍എ കെ.കെ. ലതികയുടെയും മകനായ ജൂലിയസിന്റെ പേരില്‍ നേരത്തെ കാപ്പ ചുമത്തിയിരുന്നു. പോലീസിനെ തടഞ്ഞതുള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതിയായ സിപിഎം നേതാവിന്റെ മകനെ രക്ഷിക്കാന്‍ ഉന്നതങ്ങളില്‍ നിന്നും ഇടപെടലുണ്ടായി. പ്രതിക്ക് പിഴ ചുമത്തിയ കസബ സ്റ്റേഷനില്‍ നിന്ന് പോലും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക