Categories: Main Article

ബജറ്റ്: മാംഗല്യം തന്തുനാനേന

തൊഴില്‍ തിന്നുന്ന യന്ത്രം. കമ്പ്യൂട്ടര്‍ വന്നാല്‍ തൊഴിലില്ലായ്മ കൂടും. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കിട്ടാനേ പോകുന്നില്ല. അതുകൊണ്ട് കമ്പ്യൂട്ടര്‍ വേണ്ട. സിപിഎംകാരുടെ മുദ്രാവാക്യമായിരുന്നു അത്. കമ്പ്യൂട്ടറിനെതിരെ ഘോരഘോരം മുദ്രാവാക്യം വിളിച്ച് മുഷ്ടി ചുരുട്ടി നടത്തിയ സമരം വര്‍ഷങ്ങളോളം നീണ്ടു. ഇപ്പോഴെന്തായി? കമ്പ്യൂട്ടറില്ലാതെ ഒരു കമ്മ്യൂണിസ്റ്റുകാരനും ജീവിക്കാന്‍ കഴിയാത്ത അവസ്ഥ. തൊഴിലിന് ആശ്രയിക്കുന്നത് കമ്പ്യൂട്ടറിനെ.

മെതിയന്ത്രത്തിനും കൊയ്‌ത്ത് യന്ത്രത്തിനും എതിരായ പൊരാട്ടവും ഇമ്മാതിരി തന്നെ. കൊയ്‌ത്ത് യന്ത്രം തമിഴ്‌നാട്ടില്‍ നിന്നെത്താത്തതിനെത്തുടര്‍ന്ന് കുട്ടനാട്ടില്‍ കൊയ്‌ത്തുതന്നെ നിന്നത് വാര്‍ത്തയായത് അടുത്തകാലത്താണ്. പിന്നെയാണോ സ്വാശ്രയ കോളജ്. സ്വകാര്യവിദ്യാഭ്യാസ മേഖലയോട് ഇടതുപക്ഷത്തിനുണ്ടായ മനോഭാവവും മറിച്ചായിരുന്നു? എന്തെല്ലാം കണ്ടു? എന്തെല്ലാം കേട്ടു? എന്തെല്ലാം സംഭവിച്ചു?

വിഴിഞ്ഞം പോര്‍ട്ടാണിപ്പോള്‍ ബാലഗോപാലിന്റെ ബജറ്റിലെ ഓരേഒരാശ്രയം. വിഴിഞ്ഞത്തെക്കുറിച്ചുള്ള മുന്‍ നിലപാടെന്തായിരുന്നു. സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ചുള്ള മുന്‍ നിലപാടെല്ലെ വിചിത്രം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞതെന്താണെന്നു കേള്‍ക്കാം. വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ സര്‍വകലാശാലകള്‍ എന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നത്. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആയിരിക്കും ഇത്തരം സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുക.

ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബജറ്റിലല്ല ആദ്യമായി അവതരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ വിഷയങ്ങള്‍ പൊതുജനങ്ങളുടെ മുന്നില്‍ വച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ മൂന്നു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കേരളത്തിലെ 80% വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ, എയ്ഡഡ് മേഖലകളിലാണ്. ഇവ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സ്വകാര്യ സര്‍വകലാശാലകള്‍ എന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നതെന്നും ആര്‍. ബിന്ദു അഭിപ്രായപ്പെട്ടിരിക്കുന്നു. ബിന്ദു ആരെന്നറിയാമല്ലോ. പിബി മെമ്പര്‍ വിജയരാഘവന്റെ ഭാര്യ കൂടിയാണേ. കമ്പ്യൂട്ടറിനോടെതിര്‍പ്പുമാറി. കൊയ്‌ത്ത് യന്ത്രത്തോടുള്ള വെറുപ്പും തീര്‍ന്നു. ഇപ്പോള്‍ സ്വകാര്യ സ്വാശ്രയവിദ്യാലയങ്ങളോടും. മാംഗല്യം തന്തുനാനേന എന്ന മട്ടിലായി പാര്‍ട്ടി.

പുഷ്പനെ അറിയില്ലെ? 30 വര്‍ഷം മുമ്പത്തെ വെടിവയ്‌പ്പാണ്. സ്വാശ്രയ കോളജിനെതിരായ വികാരം. അഞ്ചുപേര്‍ വെടിയേറ്റു മരിച്ചു. പുഷ്പന്‍ ഇപ്പോഴും കിടപ്പിലാണ്. നട്ടെല്ലിലാണ് വെടിയേറ്റത്. ജീവിക്കുന്നു ഞങ്ങളിലൂടെയല്ല. പുഷ്പനും ജീവിക്കുന്നു. കൂത്തുപറമ്പില്‍ അര്‍ബന്‍ സഹകരണ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി എം.വി. രാഘവന്‍. പിണറായിക്ക് തലങ്ങും വിലങ്ങും നില്‍ക്കുന്ന നികേഷ്‌കുമാറിന്റെ അച്ഛന്‍. ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ട മന്ത്രി എന്‍. രാമകൃഷ്ണന്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെ തുടര്‍ന്നു പിന്‍വാങ്ങുന്നു. പിന്‍മാറാതെ രാഘവന്‍. കൂത്തുപറമ്പിലും പരിസരത്തും വന്‍ പൊലീസ് സന്നാഹം. രണ്ടായിരത്തോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. പകല്‍ 11.55 ആയപ്പോഴേക്കും പൊലീസ് സംരക്ഷണത്തോടെ മന്ത്രിയെത്തി. മുദ്രാവാക്യം മുഴക്കി ഇരമ്പിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. തിരിച്ചു കല്ലേറ്. ചിതറി ഓടിയവര്‍ക്കിടയിലൂടെ വഴിയുണ്ടാക്കി മന്ത്രിയുടെ വാഹനം ടൗണ്‍ഹാളിലേക്ക്. മന്ത്രി ഹാളില്‍ കയറുന്നതിനിടയില്‍ റോഡില്‍ വെടിവയ്പു തുടങ്ങി. ഹാളിനുള്ളിലും ലാത്തിച്ചാര്‍ജ്. പലരും അടിയേറ്റു വീണു.

പൊലീസുകാര്‍ ഒരുക്കിയ വലയത്തിനുളളില്‍നിന്നു നിലവിളക്കുകൊളുത്തി ബാങ്ക് ഉദ്ഘാടനം ചെയ്ത മന്ത്രി പ്രസംഗിച്ചു. സ്വതസിദ്ധ ശൈലിയിലുള്ള ഈ പ്രസംഗവും പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. പൊലീസുകാരുടെ കനത്ത വലയത്തിലൂടെ പുറത്തേക്കിറങ്ങിയ മന്ത്രി തിരിച്ചു കണ്ണൂരിലേക്ക്. ഇതിനിടയില്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടിച്ചു. എന്നിട്ടും പിരിഞ്ഞു പോകാതിരുന്ന ജനക്കൂട്ടത്തിനു നേരെ വീണ്ടും വെടിവയ്പും തുടങ്ങി. രണ്ടുമണിക്കൂറോളം തുടര്‍ന്ന വെടിവയ്പിനൊടുവില്‍ ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാജീവന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. റോഷന്‍, പ്രവര്‍ത്തകരായ വി. മധു, ഷിബുലാല്‍, കുണ്ടുചിറ ബാബു എന്നിവര്‍ മരിച്ചു. പുഷ്പന്‍, മാങ്ങാട്ടിടം മങ്ങാട് സജീവന്‍, കൂത്തുപറമ്പ് ചാലില്‍ സജീവന്‍, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവര്‍ക്കു പരുക്കേറ്റു. 1994 നവംബര്‍ 25 അങ്ങനെ ഒരു ദുഃഖവെള്ളിയാഴ്ചയായി.

കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ പിറന്ന പുഷ്പന് എട്ടാംക്ലാസ് വരെ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം. സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നെങ്കിലും കുടുംബം പോറ്റാന്‍ ജോലി ആവശ്യമാണെന്ന ഘട്ടത്തില്‍ ബെംഗളൂരുവിനു വണ്ടി കയറി. അവിടെ പലചരക്കുകടയിലായിരുന്നു ജോലി. അവധിക്കു നാട്ടിലെത്തിയപ്പോള്‍ സ്വാശ്രയവിദ്യാഭ്യാസ വിരുദ്ധ സമരത്തിന്റെ നടുവിലായിരുന്നു സംഘടന. അതിന്റെ ഒത്തനടുവിലേക്കു തന്നെ പുഷ്പനും എടുത്തുചാടുകയായിരുന്നു. കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്‌ന നാഡിക്കാണു പ്രഹരമേല്‍പിച്ചത്. കഴുത്തിനു താഴേക്കു തളര്‍ന്നു. അന്നു കിടപ്പിലായതാണു പുഷ്പന്‍. പാര്‍ട്ടിയുടെ വലയത്തില്‍, പ്രവര്‍ത്തകരുടെ കൈപിടിച്ചാണ് പിന്നത്തെ ജീവിതം. ബ്രാഞ്ച് സെക്രട്ടറി മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ളവര്‍ അക്കൂട്ടത്തിലുണ്ട്. മന്ത്രി ബിന്ദുവിന്റെ പ്രസ്താവനയും മന്ത്രി ബാലഗോപാലിന്റെ ബജറ്റും ആരെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ പുഷ്പനോട്?

എട്ടുവര്‍ഷം മുമ്പാണത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അധ്യക്ഷന്‍ ടി.പി.ശ്രീനിവാസനു നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തിന്റെ വേദിയിലാണ് അദ്ദേഹത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരണക്കുറ്റി നോക്കി പ്രഹരിച്ചത്. പ്രതിഷേധ പരിപാടിക്കിടെ നടന്നുവരികയായിരുന്ന ശ്രീനിവാസനെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞുവയ്‌ക്കുകയും, പിന്നീട് ഒരു പ്രവര്‍ത്തകന്‍ മുഖത്തടിക്കുകയുമായിരുന്നു. മുഖത്ത് അടിയേറ്റ അദേഹം നിലത്തു വീണു. ആഗോളവിദ്യഭ്യാസ സംഗമത്തിനെത്തിയ അതിഥികളെ സ്വീകരിക്കാനായി പുറത്തേക്കിറങ്ങിയ അദേഹത്തെ തീര്‍ത്തും അപ്രതീക്ഷിതമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ചത്.

വിദ്യാഭ്യാസ സംഗമത്തിനെതിരെയാണ് എസ്എഫ്‌ഐയുടെ പ്രതിഷേധം. അതേ സമയം എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചപ്പോള്‍ പൊലീസുകാര്‍ കാഴ്ചക്കാരായി നിന്നതേയുള്ളൂ. ഇപ്പോള്‍ ഗവര്‍ണറെ ആക്രമിക്കുമ്പോള്‍ പോലീസുകാര്‍ നടത്തുന്ന പെരുമാറ്റം പോലെ. ഗവര്‍ണറെ പക്ഷേ കരണക്കുറ്റിക്കടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെയും. ഇനി നാളെ എന്താവും? ഒന്നും സംഭവിക്കില്ല. അല്ലേ? കേന്ദ്രം അവഗണന തുടര്‍ന്നാല്‍ കേരളം പ്ലാന്‍ ‘ബി’യിലേക്ക് കടക്കുമെന്നാണ് ബജറ്റ് മന്ത്രി പറഞ്ഞിരിക്കുന്നത്. ബി എന്നാല്‍ ബക്കറ്റ് എന്നും അര്‍ത്ഥം ഗണിച്ചെടുക്കാലോ സഖാവേ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക