കണ്ണൂര്‍: ദളിത് യുവതി ചിത്രലേഖയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷ തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ ജില്ലാ അധികാരികളോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്. 2023 ഒക്ടോബര്‍ 25ന് ചിത്രലേഖ നല്കിയ പരാതിയിലാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മിഷന് നോട്ടീസ് അയച്ചത്. 2023 ആഗസ്ത് 25ന് രാത്രിയിലാണ് കണ്ണൂര്‍ കാട്ടാമ്പള്ളിയിലുള്ള ചിത്രലേഖയുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചത്.
കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ലെന്നും പ്രതികളെ ഇതുവരെ പിടികൂടിയില്ലെന്നും ചിത്രലേഖ നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് താമസസ്ഥലത്ത് നേരിട്ട സാമൂഹ്യ ബഹിഷ്കരണം ഇല്ലാതാക്കാന്‍ ഭരണ സംവിധാനങ്ങള്ക്കായില്ലെന്നും പരാതിക്കാരി സൂചിപ്പിച്ചിട്ടുണ്ട്. കേസില്‍ എസ്സി, എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമ പ്രകാരം കേസെടുക്കാനും അധികാരികള്‍ തയാറായില്ല. അനീതി നിറഞ്ഞ അന്വേഷണവും സാമൂഹ്യ ബഹിഷ്കരണവും പരാതിക്കാരി ഉന്നയിക്കുന്നതിനാല്‍ ജില്ലാ കളക്ടര്‍ക്കും പൊലീസ് കമ്മീഷണര്‍ക്കും നാല് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കത്തയച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏതെങ്കിലും അധികാരി പരാജയപ്പെടുകയാണെങ്കില്‍ അവര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ആക്റ്റ് 1993 പ്രകാരം കമ്മിഷന് മുന്നില്‍ നേരിട്ട് ഹാജരാകേണ്ടി വരും.
2005 ഡിസംബര്‍ 30ന് പയ്യന്നൂര്‍ എടാട്ട് താമസിക്കുമ്പോഴും ചിത്രലേഖയുടെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിക്കപ്പെട്ടിരുന്നു. ആ കേസിലെ പ്രതികള്‍ പയ്യന്നൂരിലെ സിഐടിയു നേതാക്കളായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ ജാതിവിവേചനത്തെയും അധിക്ഷേപങ്ങളെയും എതിര്‍ത്തതിനെ തുടര്‍ന്നാണ് ചിത്രലേഖയുടെ ഓട്ടോറിക്ഷ നശിപ്പിക്കപ്പെടുന്നത്.
ഇതിനിടയില്‍ ഏറെ പ്രയാസപ്പെട്ട് പയ്യന്നൂരില്‍ നിന്ന് കണ്ണൂര്‍ നഗരത്തിനടുത്ത കാട്ടാമ്പള്ളിയിലേക്ക് താമസം മാറിയെങ്കിലും അവിടെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിച്ചില്ലെന്ന് ചിത്രലേഖ പറയുന്നു. ഓട്ടോറിക്ഷ കത്തിച്ച് ആറ് മാസം കഴിഞ്ഞിട്ടും കേസിലെ പ്രതികളെ പിടികൂടാതെ പരാതിക്കാരിയായ തന്റെയും കുടുംബത്തിന്റെയും നുണ പരിശോധന നടത്താനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നീക്കം നടത്തുതെന്നും ഇത് കേട്ട് കേള്‍വിയില്ലാത്തതാണെന്നും ചിത്രലേഖ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: