കോട്ടയം: വരുമാന വര്‍ദ്ധനക്കു വേണ്ടി കോടതിയുടേയും ജനങ്ങളുടേയുംമേല് അമിതഭാരം ചുമത്താനുള്ള ബജറ്റ് നിര്‍ദേശം പിന്‍വലിക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. കുടുംബ ജീവിതത്തിന്റെ താളം തെറ്റലില്‍ സ്വന്തം അവകാശങ്ങളും സ്വത്തും സംരക്ഷിക്കാന്‍ കോടതിയെ ആശ്രയമായിക്കാണുന്ന ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കുള്ള ഇരുട്ടടിയാണ് ധനമന്ത്രിയുടെ കുടുംബക്കോടതി ഫീസ് വര്‍ദ്ധന നിര്‍ദേശം.
സ്ത്രീപക്ഷ നിയമങ്ങളുടെ അന്ത:സത്ത മനസ്സിലാക്കാതെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നു പോലും പണം ഈടാക്കി കീശ വീര്‍പ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. ഏതു ഹീനമാര്‍ഗവും സ്വീകരിച്ച് ദുര്ചെലവിനുള്ള പണം കണ്ടെത്താനുള്ള ഷൈലോക്കിയന്‍ മനസ്സിന്റെ ഉടമയാണ് കേരള ധനമന്ത്രി. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് ബോധിപ്പിക്കുന്ന ചെക്ക് കേസുകള്‍ക്ക് ശതമാന കണക്കില്‍ ഫീസ് ഏര്‍പ്പെടുത്തുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്.
2006ല്‍ കോടിക്കണക്കിന് നികുതിപ്പണം ചെലവഴിച്ച് കെട്ടിപ്പൊക്കിയ ഹൈക്കോടതി സമുച്ചയം 20 വര്‍ഷം തികയുന്നതിന് മുന്‍പ് റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി കൈകോര്‍ത്ത് മാറ്റി സ്ഥാപിച്ച് അഴിമതിപ്പണം കണ്ടെത്താന്‍ ധൃതി കാണിക്കുകയാണ് സര്‍ക്കാര്‍. ജുഡീഷ്യല്‍ സിറ്റിയ്ക്കായി കണ്ടെത്തിയിട്ടുള്ള സ്ഥലം നേവിയുടെ ആയുധസംഭരണശാലയ്ക്ക് തൊട്ടടുത്താണ്. രാജ്യസുരക്ഷയെ തന്നെ ബാധിക്കാവുന്ന തീരുമാനത്തില്‍ നിന്നും ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരും പിന്മാറണമെന്നും അഭിഭാഷക പരിഷത് ആവശ്യപ്പെട്ടു.
മദ്യവും ലോട്ടറിയും കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിലേക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് കോടതികളില്‍ നിന്നാണ്. കോടിക്കണക്കിന് രൂപയാണ് ദിനംപ്രതി പിഴയായും കോര്‍ട്ട് ഫീസായും സര്‍ക്കാരിലേക്കെത്തുന്നത്. എന്നാല്‍ കോടതികളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ കുറ്റകരമായ അലംഭാവമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്.
അഭിഭാഷക ക്ഷേമനിധി വര്‍ദ്ധിപ്പിക്കണമെന്ന് കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിലെ അഭിഭാഷകര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇത്തവണത്തെ ബജറ്റിലും ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നുള്ളത് പ്രതിഷേധാര്‍ഹമാണ്. കൊല്ലം, കോട്ടയം ജില്ലാ കോടതി സമുച്ചയങ്ങള്‍ക്ക് വേണ്ടിയും ഒരു തുകയും വകയിരുത്തിയിട്ടില്ല. സര്‍ക്കാരിന്റെ ഇത്തരം നിഷേധാത്മക നിലപാടിനെതിരെ അഭിഭാഷക പരിഷത്ത് ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: