ന്യൂദല്‍ഹി: ഒരു കിലോയ്ക്ക് 29 രൂപ വിലയുള്ള ഭാരത് അരി കേന്ദ്രസര്‍ക്കാര്‍ വിപണിയിലിറക്കി. അഞ്ചു കിലോ, പത്തു കിലോ പായ്ക്കുകളില്‍ ഭാരത് ബ്രാന്‍ഡ് അരി ലഭിയ്ക്കും. കേന്ദ്രീയ ഭണ്ഡാര്‍, നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ (നാഫെഡ്), നാഷണല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (എന്‍ സിസിഎഫ്) എന്നി വയുടെ എല്ലാ കടകളിലും മൊബൈല്‍ ഔട്ട്ലെറ്റുകളിലും ഭാരത് അരി ലഭിക്കും. മറ്റ് റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ഇ – വാണിജ്യ പ്ലാറ്റ്ഫോമുകളിലും അധികം വൈകാതെ അരിയെത്തും.
ആട്ട, പരിപ്പ് എന്നിവയുടെ വില നിയന്ത്രിക്കുന്നതിനായി ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവയുടെ വില്പന കേന്ദ്രം നേരത്തെ ആരംഭിച്ചിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഭാരത് അരിയുടെ വില്പനയും ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ രണ്ടായിരം കേന്ദ്രങ്ങളിലാണ് ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവയുടെ വില്പന നടത്തുന്നത്.
ദല്‍ഹി കര്‍ത്തവ്യ പഥില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ ആണ് ഭാരത് അരി വിപണിയിലിറക്കിയത്. ഭാരത് അരി വില്പന നടത്തുന്ന നൂറു മൊബൈല്‍ വാനുകള്‍ മന്ത്രി ഫഌഗ് ഓഫ് ചെയ്തു. രാജ്യത്തെ ജനങ്ങളുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: