ലഖ്നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് ക്ഷണിക്കാത്തതില്‍ വീണ്ടും നീരസം പ്രകടിപ്പിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി ഇന്‍ഡി മുന്നണി തകര്‍ന്നടിഞ്ഞ അവസ്ഥയില്‍ നിലനില്‍ക്കെയാണ് അഖിലേഷിന്റെ പ്രസ്താവന.
യാത്ര ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുമ്പോള്‍ പങ്കെടുക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കോണ്‍ഗ്രസ് പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും ഞങ്ങളെ ക്ഷണിക്കാറില്ലെന്നായിരുന്നു മറുപടി. അഖിലേഷിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തെത്തി.
ന്യായ് യാത്രയുടെ അന്തിമ ചാര്‍ട്ട് ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും സഖ്യകക്ഷികളെ ക്ഷണിക്കാന്‍ പാര്‍ട്ടി തയാറാണെന്നും അഖിലേഷിന്റെ സാന്നിധ്യം ന്യായ് യാത്രയെ ശക്തിപ്പെടുത്തുമെന്നും ജയ്റാം രമേശ് പറഞ്ഞു.
എന്‍ഡിഎയിലേക്ക് ജെഡിയു ചേക്കേറിയതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സീറ്റു വിഭജനത്തെച്ചൊല്ലി ഇടഞ്ഞുനില്‍ക്കുകയാണ്. അഖിലേഷിനെ കൂടി പിണക്കുന്നത് അപകടമാണെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ്. മണിപ്പൂരില്‍ നിന്നാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര ഇപ്പോള്‍ ഝാര്‍ഖണ്ഡിലാണ് പര്യടനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: