ന്യൂദല്‍ഹി: ഗ്യാന്‍ വാപിയില്‍ ഹിന്ദു ആരാധനാ മൂര്‍ത്തികളുടെ 59ഓളം കല്‍ശില്‍പങ്ങള്‍ കണ്ടെടുത്തതായി പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ട്. മുന്‍പ് അവിടെ നിലനിന്നിരുന്ന ഒരു ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ ഗ്യാന്‍വാപി പള്ളി പണിതിരിക്കുന്നത് എന്ന വസ്തുത കണ്ടെത്താന്‍ വാരണാസി ജില്ലാ കോടതി ആവശ്യപ്പെട്ടതനുസരിച്ച് പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്രയും ഹിന്ദു ആരാധനാമൂര്‍ത്തികളുടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.
ഇതില്‍ 15 എണ്ണത്തോളം ശിവലിംഗങ്ങളാണ്. മൂന്നെണ്ണം വിഷ്ണുവിന്റെ ശില്‍പങ്ങളാണ്. ഗണപതിയുടെ രണ്ട് വിഗ്രഹങ്ങളും നന്ദിയുടെ രണ്ട് വിഗ്രഹങ്ങളുമുണ്ട്. രണ്ടെണ്ണം കൃഷ്ണന്‍റേതാണെങ്കില്‍ അഞ്ചെണ്ണം ഹനുമാന്‍റേതാണ്.മണല്‍ക്കല്ലുകൊണ്ടാണ് കൃഷ്ണവിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. ഇത് മധ്യാകാലഘട്ടത്തിലെ പദാര്‍ത്ഥമാണ്. കിഴക്ക് ഭാഗത്ത് എസ്2 എന്ന അറയ്‌ക്കടുത്താണ് ഈ കൃഷ്ണവിഗ്രഹം കണ്ടെത്തിയത്. 15 സെന്‍റിമീറ്റര്‍ ഉയരവും എട്ട് സെന്‍റിമീറ്റര്‍ വീതിയും അഞ്ച് സെന്‍റിമീറ്റര്‍ കട്ടിയുമാണ് ഈ വിഗ്രഹത്തിനുള്ളത്.
ഒരു മകര കല്‍ വിഗ്രഹം, ഒരു ദ്വാരപാലകന്‍, ഒരു അപസ്മാര പുരുഷന്‍, ഒരു പ്രതിജ്ഞാസാഫള്യത്തിന്റെ ഭാഗമായി ഉയര്‍ത്തിയ ആരാധനാലയം, 14 വിഗ്രഹനുറുങ്ങുകള്‍, ഏഴ് മറ്റ് വിഭാഗങ്ങളില്‍ പെട്ട വിഗ്രഹങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
17ാം നൂറ്റാണ്ടില്‍ ഇവിടെ നിലനിന്നിരുന്ന ഒരു ക്ഷേത്രം ഔറംഗസേബ് എന്ന മുഗള്‍ ചക്രവര്‍ത്തി തകര്‍ത്ത ശേഷമാണ് അവിടെ പള്ളി പണിതതെന്ന് പുരാവസ്തുവകുപ്പ് പറയുന്നു. പുരാവസ്തുവകുപ്പ് തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് നാല് വാല്യങ്ങളിലായാണ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതിയില്‍ പരാതി നല്‍കിയ മുസ്ലിം, ഹിന്ദു വിഭാഗങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ട് നല്‍കിയ ശേഷം ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: