കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ നടന്ന യുവജനോൽസവ പരിപാടിയിലെ സ്റ്റേജുകൾക്ക് അനുമതി വാങ്ങാതെ SFI യുടെ നേതൃത്വത്തിൽ ബാബറി, പാലസ്തീൻ, മണിപ്പൂർ എന്നീ പേരുകൾ ഇരുട്ടിന്റെ മറവിൽ രേഖപ്പെടുത്തിയപ്പോൾ അവയോട് ക്ഷണനേരത്തിൽ പ്രതികരിക്കുകയും പോസ്റ്ററുകൾ നീക്കം ചെയ്യുകയും ചെയ്ത പ്രിൻസിപ്പലിന്റെയും കോളേജ് അധികൃതരുടേയും നടപടി ശ്ലാഘനീയമാണെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി.
സമൂഹത്തിൽ പുലർന്നു വരുന്ന മത സൗഹാർദ്ദത്തെ ഏതു വിധേനയും തച്ചുതകർത്ത് കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നത് ഒരു സ്ഥിരം കമ്മ്യൂണിസ്റ്റ് അജണ്ടയാണ്. പരമോന്നത നീതി പീഠം തീർപ്പുകൽപ്പിച്ച് വിഷയത്തിൽ, എതിർ കക്ഷികൾ പോലും അനുകൂലികളായി മാറുന്ന ഈ സാഹചര്യത്തിൽ രാമക്ഷേത്രമെന്ന സമസ്ത ഹിന്ദുക്കളുടേയും ചിരകാല സ്വപ്നത്തെ കേവലം രാഷ്‌ട്രീയ വൽക്കരിക്കുകയും, കാലങ്ങളായി നിലനിൽക്കുന്ന ഗോത്ര കലഹങ്ങളെ ഏക പക്ഷീയ അക്രമണങ്ങളായി ചിത്രീകരിക്കുകയും ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് കാപട്യത്തിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മധ്യപൂർവ്വേഷ്യയിൽ യുദ്ധത്തിന് വഴിമരുന്നിട്ട് ആയിര കണക്കിന് ഇസ്രായേലികളെ ക്രൂരമായി വധിക്കുകയും സ്ത്രീകളെ നഗ്നരാക്കി തെരുവോരങ്ങളിലൂടെ ഹമാസ് തീവ്രവാദികൾ വലിച്ചിഴച്ചപ്പോൾ ഗൂഢമായി ആനന്ദിച്ചവർ അതിനു തിരിച്ചടി ലഭിച്ചപ്പോൾ അലറി വിളിക്കുകയും ഇരവാദം മുഴക്കുകയും ചെയ്യുന്നത് ചില പ്രത്യേക മതത്തോടുള്ള പ്രീണനം മാത്രമായേ കാണാൻ കഴിയു. ഈ തീവ്രവാദികളുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ മലയാളി നേഴ്‌സിന് മാന്യമായ ഒരു അന്തിമോപചാരം പോലും അർപ്പിക്കാൻ കഴിയാത്ത വിധത്തിൽ കേരളത്തെ ഇവർ പ്രീണനം കൊണ്ട് ഇരുൾ അടഞ്ഞ നൂറ്റാണ്ടിലേയ്‌ക്ക് ആനയിക്കുന്നു. ബാബറിയും, മണിപ്പൂരും, പാലസ്തീനും വന്ന വേദിയിൽ ഹാഗിയ സോഫിയ വരാതിരുന്നത് കേവലം യാദൃശ്‌ചികമായി കാണാൻ സാധിക്കില്ല. ആടുകളെ തമ്മിൽ കൂട്ടിയിടിപ്പിച്ച് ചോര കുടിച്ച പഴയ കഥയിലെ കുറുക്കന്റെ അന്ത്യം ഈ അവസരത്തിൽ ഓർത്തുവയ്‌ക്കുന്നത് നല്ലതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: