തൃശൂര്‍ : ഇഷ്ടക്കാര്‍ക്ക് വാരിക്കോരി, അല്ലാത്തവര്‍ക്ക് പിച്ചക്കാശ്. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തിയ എഴുത്തുകാരെ അപമാനിച്ചതില്‍ വ്യാപക പ്രതിഷേധം. ബാലചന്ദ്രന്‍ ചുള്ളിക്കാട് പരസ്യമായി പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെ ഒട്ടേറെ എഴുത്തുകാരാണ് സമാനമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.
വണ്ടിക്കൂലി പോലും നല്‍കിയില്ലെന്ന് പലരും പരാതിപ്പെട്ടു. രണ്ടാം നിരയിലും മൂന്നാം നിരയിലുമുള്ള ഒട്ടേറെ എഴുത്തുകാരെയും യുവപ്രതിഭകളെയും പരിപാടിക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് വണ്ടിക്കൂലി പോലും നല്‍കിയില്ല.
അതേസമയം പ്രകാശ് രാജിനെ പോലെയുള്ള മോദി വിരുദ്ധരെ പതിനായിരങ്ങള്‍ ചെലവഴിച്ചാണ് വേദിയില്‍ എത്തിച്ചത്. വിമാനക്കൂലിയും സ്റ്റാര്‍ ഹോട്ടലിലെ താമസവും ഉള്‍പ്പെടെ വന്‍ തുകയാണ് ഇവര്‍ക്ക് വേണ്ടി ചെലവഴിച്ചത്. പരിപാടിക്കായി ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ രണ്ടു കോടിയോളം സ്‌പോണ്‍സര്‍മാരില്‍ നിന്നും മറ്റും പിരിച്ചെടുത്തതായാണ് വിവരം.
ഈ തുക എന്ത് ചെയ്തു എന്ന് ചോദ്യത്തിന് ഉത്തരമില്ല. സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്ന പുസ്തകോത്സവത്തില്‍ പങ്കെടുത്ത പ്രസാധകരില്‍ നിന്നെല്ലാം തറവാടക ഈടാക്കിയിട്ടുണ്ട്. അതിന് പുറമേ പരിപാടിയില്‍ ഡെലിഗേറ്റ് ഫീസ് എന്ന ഇനത്തില്‍ വന്‍ തുകയും പിരിച്ചെടുത്തിട്ടുണ്ട്. ഹാള്‍ വാടക ഇനത്തില്‍ ഒരു രൂപ പോലും ചെലവില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെ കേരളത്തിലെ ഏറ്റവും പ്രശസ്തനായ കവിക്ക് പോലും 2400 രൂപയാണ് കൊടുത്തത്. ബാക്കിയുള്ളവരുടെ കാര്യം അതിലും ദയനീയം.
വന്‍ സാമ്പത്തിക വെട്ടിപ്പാണ് സാഹിത്യോത്സവത്തിന്റെ മറവില്‍ നടന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് ഇതിനു മുന്‍പും പുസ്തകോത്സവങ്ങളും സാഹിത്യോത്സവങ്ങളും നടത്തിയതിന്റെ പേരില്‍ ക്രമക്കേടുകള്‍ അന്വേഷണ വിധേയമായിട്ടുണ്ട്.
ഏകപക്ഷീയമായി സിപിഎമ്മിനെ പിന്തുണയ്‌ക്കുന്ന ആളുകളെ മാത്രമാണ് വേദിയില്‍ എത്തിച്ചത്. മറ്റ് മുന്‍നിര എഴുത്തുകാരെ പോലും അവഗണിക്കുകയായിരുന്നു. സിപിഎമ്മിനെതിരെ സംസാരിക്കാന്‍ സാധ്യതയുള്ള മുഴുവന്‍ എഴുത്തുകാരെയും ഒഴിവാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ഫലത്തില്‍ സിപിഎമ്മിനു വേണ്ടിയുള്ള കുഴലൂത്തായി മാറി അക്കാദമിയുടെ സാഹിത്യോത്സവം.
അതിനു പിന്നാലെ പ്രതിഫലത്തെ ചൊല്ലി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെ പ്രശസ്തരായവര്‍തന്നെ രംഗത്തുവന്നതോടെ സാഹിത്യോത്സവം നാണക്കേടില്‍ കലാശിക്കുകയും ചെയ്തു. ഇനി അറിയാനുള്ളത് എത്ര തുകയുടെ വെട്ടിപ്പാണ് ഇതിന്റെ മറവില്‍ സിപിഎം നേതാക്കളും സഹയാത്രികരുമായ ഇടതു സാംസ്‌കാരിക പ്രവര്‍ത്തകര്‍ നടത്തിയത് എന്ന് മാത്രമാണ്.
അതേസമയം ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇന്നും പ്രതികരണവുമായി രംഗത്തെത്തി. സാഹിത്യ അക്കാദമി എനിക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതെനിക്കാവശ്യമില്ല.
കാരണം പണമോ സാഹിത്യ അക്കാദമിയോ സച്ചിദാനന്ദൻമാഷോ ഒന്നും ആയിരുന്നില്ല എന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം.
മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സീരിയൽ- സിനിമാതാരങ്ങൾക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണ് പരിപാടികൾക്കു പ്രതിഫലമായി സമൂഹം നൽകുന്നത്. സർക്കാരും സമൂഹവും ഞങ്ങളെപ്പോലുള്ള കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും എന്റെ അക്കാദമി അനുഭവത്തെ മുൻനിർത്തി
വെളിപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. എനിക്കു വ്യക്തിപരമായി നഷ്ടപരിഹാരം നൽകി പരിഹരിക്കാവുന്ന പ്രശ്നമല്ല അത്.
സാഹിത്യസമ്പർക്കത്തിന്റെ വിശാലമേഖലകൾ തുറക്കുന്ന അന്താരാഷ്‌ട്ര സാഹിത്യോൽസവത്തെയും പ്രിയകവി സച്ചിദാനന്ദൻ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്നത്തെയും ഞാൻ ആദരിക്കുന്നു.
സർക്കാരും സമൂഹവും ഞങ്ങൾ കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. അല്ലാതെ എനിക്കു നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: