ഹൈദരാബാദ്: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയെ മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അഭിനന്ദിച്ചു. അദ്വാനി മതേതരത്വത്തെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പുനര്‍നിര്‍വചിക്കുകയും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് പൊതുജനാഭിപ്രായം ഉയര്‍ത്തുകയും ചെയ്തുവെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
എല്‍കെ അദ്വാനി മതേതരത്വത്തെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പുനര്‍നിര്‍വചിച്ചു, അത് ആരെയും തൃപ്തിപ്പെടുത്താനല്ല പകരം എല്ലാവര്ക്കും നീതി ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു. അയോധ്യയിലെ ശ്രീരാമന്റെ ജന്മഭൂമിയില് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി അദ്ദേഹം പൊതുജനാഭിപ്രായം ഉയര്‍ത്തുകയും സമാഹരിക്കുകയും ചെയ്തു. രാജ്യത്തിന്റെ പരമോന്നത ബഹുമതി അദ്ദേഹത്തിന് നല്‍കാനുള്ള ഈ തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സര്‍ക്കാരിനും നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അദേഹം പറഞ്ഞു.
രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്കി ആദരിക്കുന്നതിനേക്കാള്‍ അദ്വാനിയെ ഭാരതരത്നയ്ക്ക് നാമകരണം ചെയ്തതില്‍ സന്തോഷമുണ്ടെന്ന് നായിഡു പറഞ്ഞു. അദ്വാനിജിക്ക് ഭാരതരത്നം നല്കപ്പെടുന്നതില് ഞാന്‍ അതിയായി സന്തോഷിക്കുന്നു. അദ്ദേഹം ഇന്ത്യന്‍ സംസ്കാരവും രാഷ്ട്രീയത്തിന്റെ പരമോന്നത പാരമ്പര്യങ്ങളും ഉള്‍ക്കൊള്ളുന്നു. കുറ്റപ്പെടുത്താനാകാത്ത വ്യക്തിനിഷ്ഠതയ്ക്ക് ആഗോളതലത്തില്‍ പ്രശസ്തനായ അദ്ദേഹം മൂല്യാധിഷ്ഠിതമായ രാഷ്ട്രീയം ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: