ലക്നൗ: ഉത്തർപ്രദേശിലെ മുസ്ലീം സമുദായങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് കൂടെ നിർത്തി വോട്ട് ഭദ്രമാക്കാനുറപ്പിച്ച് ബിജെപി. പ്രത്യേകിച്ച് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മുസ്ലീം ആധിപത്യമുള്ള ലോക്സഭാ മണ്ഡലങ്ങളിലെ ന്യൂനപക്ഷ സമുദായത്തിലെ വോട്ടർമാരുമായി ബന്ധപ്പെടാൻ ബിജെപിയുടെ ന്യൂനപക്ഷ മോർച്ച മുന്നണി 4,100 ലധികം ഗ്രാമങ്ങളിൽ ‘ ഖൗമി ചൗപൽ’ എന്ന പരിപാടി സംഘടിപ്പിക്കാനും അവരെ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഒരുങ്ങുകയാണ്.
ഫെബ്രുവരി 10ന് മുസാഫർനഗർ ജില്ലയിലെ കസർവ ഗ്രാമത്തിൽ നിന്നാണ് പ്രചാരണം ആരംഭിക്കുന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 23 ലോക്സഭാ മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന ‘ഖൗമി ചൗപാൽ പരിപാടിക്കായി ബിജെപിയുടെ ന്യൂനപക്ഷ മോർച്ച ലോക്സഭാ മണ്ഡലം തിരിച്ചുള്ള ചുമതലക്കാരെ നിയോഗിക്കും.
സഹാറൻപൂർ, മുസാഫർനഗർ, കൈരാന, മീററ്റ്, ബാഗ്പത്, ബുലന്ദ്ഷഹർ, ബിജ്നോർ, അംറോഹ, രാംപൂർ, ബറേലി, ആഗ്ര, അലിഗഡ് എന്നിവയുൾപ്പെടെ മുസ്ലീം ആധിപത്യമുള്ള 23 ലോക്സഭാ മണ്ഡലങ്ങളാണ് മോർച്ച തിരഞ്ഞെടുത്തതെന്ന് ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ഉത്തർപ്രദേശ് യൂണിറ്റ് പ്രസിഡൻ്റ് കുൻവർ ബാസിത് അലി പിടിഐയോട് പറഞ്ഞു.
‘ഖൗമി ചൗപാൽ’ പ്രവർത്തന രീതി നിർണായകമാകും
മോർച്ചാ നേതാക്കൾ മുസ്ലീം ഭൂരിപക്ഷ ഗ്രാമങ്ങൾ സന്ദർശിക്കുകയും സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചും ന്യൂനപക്ഷങ്ങൾക്കായി സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്യും. സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ മനസ്സിലാക്കാനും മോർച്ച ശ്രമിക്കും.
കൂടുതൽ മുസ്ലീങ്ങളെ ബിജെപിയുമായി ബന്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് അലി പറഞ്ഞു. ഗ്രാമത്തിലെ പ്രമുഖ വ്യക്തികളുടെ വീടുകളിലോ മദ്രസകളിലോ ആയിരിക്കും ഈ ചൗപാലുകൾ സംഘടിപ്പിക്കുക. തങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു പാർട്ടിയെ അന്വേഷിക്കുന്ന മുസ്ലിം വിഭാഗവുമായി ബന്ധപ്പെടാനാണ് മോർച്ചയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഭാഗം മുസ്ലിംകൾ ബിജെപിയിൽ ചേരുമ്പോൾ, അവർ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യും, അതോടൊപ്പം പാർട്ടിയുമായി ബന്ധം നിലനിർത്താനാകും. 23 ലോക്സഭാ മണ്ഡലങ്ങളിലും ഖൗമി ചൗപാലുകളെ സംഘടിപ്പിക്കുന്നതിനായി മോർച്ചയുടെ ഒരു നേതാവിനെ നിയോഗിക്കുമെന്നും അദ്ദേഹം തന്റെ ചുമതലയിലുള്ള പ്രദേശത്ത് 10 ദിവസമെങ്കിലും തങ്ങുകയും മുസ്ലിം ഗ്രാമവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. ഇത് മുഖാന്തിരം അവരുടെ പ്രശ്നങ്ങൾ അറിയാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമായും പുരുഷ വോട്ടർമാരിലേക്ക് എത്തിച്ചേരാനും അവരെ ബിജെപിയുമായി ബന്ധിപ്പിക്കാനുമുള്ള ഒരു അഭ്യാസമാണ് ഖൗമി ചൗപാൽ. അതേ സമയം മോർച്ചയുടെ ‘ശുക്രിയാ മോദി ഭായ് ജാൻ’ പരിപാടിയും നടക്കുന്നുണ്ടെന്നും എന്നാൽ അത് മുസ്ലീം സ്ത്രീകളെ കേന്ദ്രീകരിച്ചാണെന്നും അലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: