നാഭിഷേകോ ന സംസ്ക്കാരോ
സിംഹസ്യ ക്രിയതേ വനേ
വിക്രമാര്‍ജ്ജിത സ്വത്വസ്യ
സ്വയമേവ മൃഗേന്ദ്രതാ
ശ്രീ ലാല്‍കൃഷ്ണ അദ്വാനിയ്ക്ക് ഭാരതരത്ന സമ്മാനിക്കുവാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം അറിഞ്ഞപ്പോള്‍ പ്രസിദ്ധമായ ഈ സുഭാഷിതമാണോര്മ്മ വന്നത്. ഭാരതീയ ജനസംഘത്തിന്റെ അധ്യക്ഷസ്ഥാനത്ത് അദ്ദേഹം അവരോധിതനായ ദശകങ്ങളിലെ കേരളപര്യടനാവസരങ്ങളിലെല്ലാം തന്നെ അനുഗമിക്കാനും പ്രഭാഷണങ്ങള്‍ തര്‍ജ്ജിമ ചെയ്യാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പിന്നീട് ജനസംഘത്തിലെയും ഭാരതീയ ജനതാപാര്‍ട്ടിയിലും ചുമതലകള്‍ വഹിക്കുന്നതില്‍ നിന്നൊഴിവായി ജന്മഭൂമിയിലായിരുന്നപ്പോഴും ഞാനാണ് ആ കൃത്യം നിര്‍വഹിച്ചിരുന്നത്.
അയോദ്ധ്യാ പ്രക്ഷോഭ കാലത്ത് അദ്ദേഹം നയിച്ച സോമനാഥ് – അയോദ്ധ്യാ രഥയാത്രയുടെ പ്രധാന സംഘാടകരിലൊരാള്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നല്ലോ. അതിന്റെ പ്രക്ഷുബ്ധമായ നാള്‍വഴികള്‍ ഇന്നും നമ്മുടെ ഓര്‍മ്മകളിലുണ്ട്. സമസ്തിപൂരില്‍ വച്ച് അദ്വാനിയെ അറസ്റ്റു ചെയ്തതും തുടര്‍ന്നുണ്ടായ സംഘര്‍ഷഭരിത ദിനങ്ങളും ഇന്നും തത്പര കക്ഷികള്‍ പൊടിപ്പും തൊങ്ങലും വച്ച് ആഘോഷിച്ചു വരുന്നുണ്ട്.
അക്കാലത്തൊരിക്കല്‍ അദ്ദേഹം തിരുവനന്തപുരത്ത് വന്നു. ശ്രീപദ്മനാഭസ്വാമിയുടെ തിരുനടയ്ക്ക് മുന്നില്‍, കിഴക്കേക്കോട്ടയില്‍ അദ്വാനി നടത്തിയ പ്രഭാഷണം വിവര്‍ത്തനം ചെയ്യാന്‍ എനിക്കവസരം ലഭിച്ചിരുന്നു. സ്വതേ പ്രഭാഷണങ്ങളില്‍ മിതത്വവും സന്തുലനവും പാലിച്ചു വന്ന അദ്ദേഹത്തിന്റെ പ്രഭാഷണം അന്ന് ‘ഉഗ്രരൂപം’ പൂണ്ടതായിരുന്നു. അതവസാനിച്ചത് ‘മന്ദിര്‍ വഹിം ബനായേംഗേ’ എന്ന പ്രതിജ്ഞയോടെയായിരുന്നു. അതദ്ദേഹം മൂന്ന് തവണ ആവര്‍ത്തിച്ചു.
മുഗള്‍ ആക്രമണകാരികളുടെ പിന്തുടര്ച്ച അവകാശപ്പെടുന്ന മുസ്ലീംങ്ങള്‍ സ്വമേധയാ തര്‍ക്കമന്ദിരം പൊളിച്ചു മാറ്റി ആ സ്ഥലം ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മസ്ജിദ് എന്നവകാശപ്പെടുന്ന സ്ഥലം അതേപടി മാറ്റി സ്ഥാപിച്ച പാരമ്പര്യം തുര്‍ക്കിയിലും ഓര്‍ത്തഡോക്സ് സഭക്കാരുടെ പള്ളി അതേപടി കത്തോലിക്കാ കത്തീഡ്രലാക്കിയ ചരിത്രം പോളണ്ടിലുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജന്മസ്ഥാന് മസ്ജിദ് അതേ മാതൃകയില്‍ മാറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കിലുള്ള മാര്‍ഗ്ഗം കോടതി വിധിയാണ്. കേന്ദ്രസര്‍ക്കാരോ ഉത്തര്‍പ്രദേശ് സര്‍ക്കാരോ അലഹബാദ് ഹൈക്കോടതിയുടെയോ സുപ്രീം കോടതിയുടയോ മുന്നില്‍ പ്രശ്നം അവതരിപ്പിച്ച് തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഒടുവില്‍ അയോദ്ധ്യാ പ്രശ്നത്തിന് പരിഹാരമുണ്ടായത് സുപ്രീംകോടതി വിധിയിലൂടെയാണ്. ഇത് അദ്വാനിയുടെ ദീര്ഘവീക്ഷണത്തെയും കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കാനുള്ള ചിന്താഗതിയുടെ ഔന്നിത്യത്തെയും കാണിക്കുന്നു.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആണവ കരാറില്‍ ലോകസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ എല്‍. കെ. അദ്വാനി നടത്തിയ പ്രസംഗം അന്താരാഷ്ട്ര പ്രശസ്തി നേടിയിരുന്നു. നിലവിലെ കരാറിന്റെ പോരായ്മകളെ ശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഈ കരാര്‍ ഇന്ത്യയുടെ താത്പര്യങ്ങള്നുസരിച്ച് എങ്ങിനെ മാറ്റുമെന്ന് വിശദീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഒടുവില്‍ നരേന്ദ്രമോദി അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തു.
1927 നവംബര്‍ എട്ടിന് അന്നത്തെ ഇന്ത്യയിലെ ഏറ്റവും ആസൂത്രിത നഗരമായ കറാച്ചിയിലാണ് ലാല്‍ കൃഷ്ണ അദ്വാനി ജനിച്ചത്. സ്കൂള്‍ പഠനകാലത്ത് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ആകൃഷ്ടനാവുകയും അതിന്റെ പ്രവര്‍ത്തനത്തില്‍ വരികയും ചെയ്തു. വിദ്യാര്‍ത്ഥിയെന്ന നിലയില്‍ മിടുമിടുക്കനായിരുന്ന അദ്ദേഹം സ്കൂളില്‍ ഒന്നാമനായിരുന്നു. രാജ്യവിഭജന സമയത്ത് രാജസ്ഥാനില്‍ സംഘപ്രചാരകനായിരിക്കെ അദ്ദേഹം കറാച്ചിയില്‍ നിന്ന് നിരവധി ഹിന്ദുക്കളെ രക്ഷപ്പെടുത്തി. അക്കാലത്ത് രാമകൃഷ്ണമഠത്തിന്റെ രാജ്യത്തെ ഏറ്റവും വലിയ ആശ്രമം കറാച്ചിയിലായിരുന്നു. രണ്ടാം വിവേകാനന്ദന് എന്ന പ്രശസ്തിയാര്‍ജ്ജിച്ച ശ്രീ രംഗനാഥാനന്ദ സ്വാമിയുടെ സത്സംഗത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അന്ന് അദ്വാനി.
അദ്വാനിജി ജനതാ മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ മന്ത്രിയായിരിക്കെയും പിന്നീട് ബിജെപി ദേശീയ അധ്യക്ഷനായിരിക്കെയും കറാച്ചി സന്ദര്‍ശിച്ചിരുന്നു. താന്‍ പഠിച്ച സെന്റ് പാട്രിക് സ്കൂളും അദ്ദേഹം സന്ദര്‍ശിച്ചു. സ്കൂളധികൃതര്‍ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ഒരുക്കിയത്. മികച്ച വിദ്യാര്‍ഥിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പേരുള്ള മെറിറ്റ് ലിസ്റ്റ് അവര്‍ സമ്മാനിച്ചു. ആ ലിസ്റ്റ് പ്രകാരം എല്ലാ ക്ലാസുകളിലും ഒന്നാമന് ലാല്‍ കൃഷ്ണ അദ്വാനിയായിരുന്നു.
2008 ല്‍ കുടുംബസമേതം അദ്ദേഹത്തെ ദല്‍ഹിയില്‍ സന്ദര്‍ശിക്കാനവസരം ലഭിച്ചു. ഹൃദ്യവും ഊഷ്മളവുമായിരുന്നു പെരുമാറ്റം. ജന്മഭൂമിയുടെ കാര്യം പ്രത്യേക താത്പര്യത്തോടെ അന്വേഷിച്ചു. സഹധര്‍മ്മിണിയെയും മകളെയും പരിചയപ്പെടുത്താനും മറന്നില്ല.
വാജ്പേയി മന്ത്രിസഭയിലെ ശക്തന് അദ്ദേഹമാണെന്നെല്ലാവരും പറയുമായിരുന്നു. എന്നാല്‍ നേട്ടങ്ങള്‍ക്കെല്ലാം ചുമതലക്കാരന് അടല്‍ജി തന്നെയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് അദ്ദേഹം വിനയാന്വിതനായി. ഏറ്റവും അര്‍ഹതപ്പെട്ടയാള്‍ക്ക് തന്നെ ഭാരതരത്ന നല്‍കാനെടുത്ത തീരുമാനത്തില്‍ ഏറെ സന്തോഷം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: