ഇറ്റാനഗർ: പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരു പോലെ സന്തോഷം നൽകി അരുണാചൽ പ്രദേശിലെ ഷിയോമി ജില്ലയിലെ മെചുഖ താഴ്‌വരയിൽ ശനിയാഴ്ച ആദ്യ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. വെള്ളിയാഴ്‌ച രാത്രി ആരംഭിച്ച മഞ്ഞുവീഴ്‌ച ശനിയാഴ്ച രാവിലെ വരെ തുടർന്നു.
നഗരം മുഴുവൻ മഞ്ഞിന്റെ വെളുത്ത പാളി പുതച്ച നിലയിലായിരുന്നു. പർവതങ്ങളും മരങ്ങളും കെട്ടിടങ്ങളും എല്ലാം തന്നെ മഞ്ഞിൽ മൂടിയ നിലയിലായിരുന്നു. മെചുഖകയിൽ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയിൽ മുഖ്യമന്ത്രി പേമ ഖണ്ഡു സന്തോഷം പ്രകടിപ്പിച്ചു.
“മനോഹരമായ മെചുഖ! വെളുത്ത മഞ്ഞു പരവതാനി വിരിച്ച ഷി യോമി ജില്ലയിലെ ഭൂപ്രകൃതി നല്ലൊരു പ്രകൃതി രമണീയമായ മഞ്ഞിന്റെ അദ്ഭുത ലോകം സമ്മാനിക്കുന്നു” അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ എണ്ണമറ്റ സമ്മാനങ്ങൾ നിങ്ങളുടെ അഭിനന്ദനങ്ങൾക്കായി കാത്തിരിക്കുകയാണ്, അരുണാചൽ പ്രദേശ് സന്ദർശിക്കൂ,” അദ്ദേഹം എക്‌സിൽ പറഞ്ഞു. ഇതിനു പുറമെ ദിബാംഗ് വാലി ജില്ലയിലെ അനിനിയിൽ ഉണ്ടായ മഞ്ഞുവീഴ്ചയുടെ ഏതാനും ചിത്രങ്ങളും മുഖ്യമന്ത്രി മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവച്ചു.
വടക്കുകിഴക്കൻ സംസ്ഥാനത്തെ തവാങ് ജില്ലയിലും കനത്ത മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥൻ പറഞ്ഞു. ജില്ലയിലെ സെല ചുരത്തിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: