സാന്റിയാഗോ : ചിലിയിൽ ഉണ്ടായ കാട്ടുതീയിൽ 19 പേർ കൊല്ലപ്പെടുകയും 1,100 ഓളം വീടുകൾ നശിക്കുകയും ചെയ്തതായി ചിലിയൻ ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
രാജ്യത്തിന്റെ മധ്യഭാഗത്തും തെക്കുഭാഗത്തുമായി നിലവിൽ 92 കാട്ടുതീ പടരുന്നുണ്ടെന്നും ഈ ആഴ്ച താപനില അസാധാരണമായി ഉയർന്ന നിലയിലാണെന്നും ചിലിയുടെ ആഭ്യന്തര മന്ത്രി കരോലിന തോഹ പറഞ്ഞു.
കൊല്ലപ്പെട്ട 19 പേരുടെ വിശദാംശങ്ങളൊന്നും തോഹ വെളിപ്പെടുത്തിയിട്ടില്ല. ക്വിൽപ്യൂ, വില്ല അലമന പട്ടണങ്ങൾക്ക് സമീപമുള്ള രണ്ട് തീപിടിത്തങ്ങൾ വെള്ളിയാഴ്ച മുതൽ കുറഞ്ഞത് 19,770 ഏക്കർ വന ഭൂമി കത്തിനശിച്ചതായി അവർ പറഞ്ഞു.
തീപിടുത്തങ്ങളിലൊന്ന് തീരദേശ റിസോർട്ട് നഗരമായ വിന ഡെൽ മാറിയിലായിരുന്നു. വാൽപാറൈസോ മേഖലയിലാണ് തീപിടിത്തം ഏറ്റവും മാരകമായത്. ഇതേ തുടർന്ന് ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അഭ്യർത്ഥിച്ചു. ജനങ്ങൾ കൂട്ടം കൂടാത്ത സാഹചര്യത്തിൽ ഫയർട്രക്കുകൾക്കും ആംബുലൻസുകൾക്കും മറ്റ് എമർജൻസി വാഹനങ്ങൾക്കും കൂടുതൽ എളുപ്പത്തിൽ സഞ്ചരിക്കാനാകുമെന്ന് അവർ പറഞ്ഞു.
വാൽപാറൈസോ മേഖലയിൽ മൂന്ന് ഷെൽട്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. രക്ഷാസംഘങ്ങൾക്ക് ഏറ്റവും കൂടുതൽ തീ ബാധിച്ച പ്രദേശങ്ങളിൽ എത്താൻ ഇപ്പോഴും പാടുപെടുകയാണെന്ന് തോഹ പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കാൻ 19 ഹെലികോപ്റ്ററുകളും 450 ലധികം അഗ്നിശമന സേനാംഗങ്ങളും പ്രദേശത്ത് എത്തിച്ചതായി തോഹ പറഞ്ഞു.
എൽ നിനോ കാലാവസ്ഥാ രീതി ഈ വർഷം തെക്കേ അമേരിക്കയുടെ പടിഞ്ഞാറ് ഭാഗത്ത് വരൾച്ചയും സാധാരണ താപനിലയേക്കാൾ ചൂടും സൃഷ്ടിച്ചു. ഇത് കാട്ടുതീയുടെ അപകടസാധ്യത വർദ്ധിപ്പിക്കുകയായിരുന്നു. ജനുവരിയിൽ, കൊളംബിയയിൽ 17,000 ഹെക്ടറിലധികം വനങ്ങൾ ആഴ്ചകളോളം വരണ്ട കാലാവസ്ഥയെ തുടർന്നുണ്ടായ തീപിടുത്തത്തിൽ നശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: