വാരാണസി: ജ്ഞാന്‍വാപി സമുച്ചയത്തിലെ വ്യാസ നിലവറയില്‍ ഇന്നു മുതല്‍ പഞ്ച ആരതി. ശ്രീകാശി വിശ്വനാഥ ക്ഷേത്രത്തിലേതിനു സമാനമായ വിഗ്രഹാരാധനയായിരിക്കും നടത്തുക. അവിടത്തേതു പോലെ അഞ്ചു നേരം ആരതിയുണ്ടാകും, പുലര്‍ച്ചെ 3.30, ഉച്ചയ്‌ക്ക് 12.00, വൈകിട്ട് 4.00, 7.00, രാത്രി 10.30. നിലവില്‍ വാരാണസി വിശ്വനാഥ ക്ഷേത്രത്തിലെ ആരതിക്കു ശേഷമാണ് വ്യാസ നിലവറയില്‍ പൂജ. ആവശ്യമെങ്കില്‍ ക്ഷേത്രത്തില്‍ പ്രത്യേകം പൂജാരിയെ നിയമിക്കുമെന്നു കാശി വിശ്വനാഥ് ട്രസ്റ്റ് ബോര്‍ഡ് അറിയിച്ചു.
ജ്ഞാന്‍വാപി മസ്ജിദിന്റെ തെക്കേ അറയില്‍ ഹിന്ദുക്കള്‍ക്ക് ആരാധനയും പ്രാര്‍ത്ഥനയും നടത്താന്‍ അനുമതി നല്കിയ വാരാണസി ജില്ലാ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹാബാദ് ഹൈക്കോടതി പരിഗണിച്ചില്ല. മസ്ജിദിന്റെ റിസീവറായി ജനുവരി 17ന് ജില്ലാ മജിസ്‌ട്രേറ്റിനെ നിയോഗിച്ചിരുന്നു, ഇതാണ് വ്യാസ നിലവറയില്‍ പൂജ നടത്താമെന്ന വിധിയിലേക്കു വഴിവച്ചത്. അതിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടതെന്ന് നിര്‍ദേശിച്ചാണ് ഹര്‍ജി പരിഗണിക്കാതിരുന്നത്.
ഹര്‍ജിയില്‍ മാറ്റം വരുത്താന്‍ ഹൈക്കോടതി ഈ മാസം ആറു വരെ മസ്ജിദ് കമ്മിറ്റിക്കു സമയം നല്കിയിട്ടുണ്ട്. ഹര്‍ജി വീണ്ടും പരിഗണിക്കും. ജ്ഞാന്‍വാപി മസ്ജിദിന്റെ വ്യാസ നിലവറയില്‍ ഹിന്ദുക്കള്‍ക്കു പൂജ നടത്താമെന്ന വാരാണസി കോടതിയുടെ വിധി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവു നല്കണമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ജില്ലാ മജിസ്‌ട്രേറ്റിനെ റിസീവറായി നിയമിച്ചത് ചോദ്യം ചെയ്യുമെന്നും പൂജയ്‌ക്ക് അനുമതിയേകി ജനുവരി 31ന് കോടതി ഉത്തരവിട്ടത് അപ്രതീക്ഷിതമായിരുന്നെന്നും കോടതി ഏഴു ദിവസം കൊടുത്തിട്ടും അന്നു രാത്രി തന്നെ വ്യാസ നിലവറയില്‍ ഹിന്ദുക്കള്‍ പൂജ ആരംഭിക്കുകയായിരുന്നെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടി. നിലവറയില്‍ പൂജയ്‌ക്ക് അനുമതിയേകിയ വാരാണസി കോടതി ഉത്തരവിനെതിരേയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി അന്നു തന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിക്കുകയും അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
അതേസമയം കേസിന്റെ പശ്ചാത്തലത്തില്‍ വാരാണസിയില്‍ ഇന്നലെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. മസ്ജിദിന്റെ നിലവറയില്‍ പ്രാര്‍ത്ഥന നടത്താന്‍ കോടതി ഉത്തരവ് വന്ന ശേഷമുള്ള മാസാദ്യ വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. നമാസിനായി ധാരാളം പേര്‍ മസ്ജിദിലെത്തുമ്പോള്‍ സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനാണ് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്കിയത്. മസ്ജിദ് കമ്മിറ്റി നഗരത്തില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. നിലവില്‍ പ്രദേശം പോലീസിന്റെ കനത്ത സുരക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: