കാഞ്ഞങ്ങാട്: പത്ത് ഡിഗ്രിയും അതിനുതാഴേക്കും താപനിലയാകുമ്പോഴും അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയില് ഷര്ട്ട്പോലുമിടാതെ പഞ്ചവാദ്യം അവതരിപ്പിക്കുന്നത് കാഞ്ഞങ്ങാട്ടെ കലാസംഘം. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള പ്രഥമ ഉത്സവത്തിന് പഞ്ചവാദ്യം അവതരിപ്പിക്കുന്നത് കാഞ്ഞങ്ങാട്ടെ മഡിയന്‍ രാധാകൃഷ്ണ മാരാരും സംഘവും.
ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് അംഗം ഉഡുപ്പി പേജാവാര്‍ മഠാധിപതി ശ്രീ വിശ്വപ്രസന്ന തീര്‍ത്ഥരുടെ കാര്‍മ്മികത്വത്തില്‍ 48 ദിവസങ്ങില്‍ അയോദ്ധ്യയില്‍ നടക്കുന്ന പല്ലക്ക് ഉത്സവത്തിനാണ് മഡിയന്‍ രാധാകൃഷ്ണ മാരാരും സംഘവും വാദ്യമേളം ഒരുക്കുന്നത്. ജനുവരി 22 ന് നടന്ന പ്രാണ പ്രതിഷ്ഠ മുതല്‍ മാര്‍ച്ച് 8,9,10 ദിനങ്ങളില്‍ നടക്കുന്ന ബ്രഹ്മകലശോത്സവത്തോടെ പല്ലക്കി ഉത്സവം സമാപിക്കും.
കേരളത്തില്‍ നിന്ന് 12 അംഗ സംഘമാണ് അയോദ്ധ്യയില്‍ രാംലല്ലയ്ക്ക് പഞ്ചവാദ്യാര്പ്പണം നടത്തുന്നത്. രാവിലെ തത്വഹോമം, തത്വകലശാഭിഷേകം എന്നീ ചടങ്ങുകള്‍ ക്ഷേത്രത്തില്‍ നടക്കും. വൈകുന്നേരം ഗര്‍ഭഗൃഹത്തിലെ ബലിബിംബം പല്ലക്കില്‍ എഴുന്നള്ളിച്ച് വാദ്യമേള ഘോഷത്തോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വയ്ക്കുന്നതാണ് പല്ലക്ക് ഉത്സവം.
തിമിലയില്‍ മഡിയന്‍ രാധാകൃഷ്ണ മാരാര്‍, കലാമണ്ഡലം രാഹുല്‍, ഗോപിപള്ളിപ്പുറം, ശശിപള്ളിപ്പുറം, സേതുമാധവന് പള്ളിപ്പുറം, തിരുവമ്പാടി വിനീഷ് മാരാര്‍ (ഇടയ്ക്ക), പ്രദീപ് പള്ളിപ്പുറം (മദ്ദളം), ബാബുപയ്യന്നൂര്‍, രതീഷ്പയ്യന്നൂര്, ശ്രീരാഗ് കാഞ്ഞങ്ങാട് (കൊമ്പ്), വിനോദ് വാണിയംങ്കുളം, സുരേഷ് പള്ളിപ്പുറം (ഇലത്താളം) എന്നിവര്‍ ചേര്‍ന്നാണ് നാദവിസ്മയമൊരുക്കുന്നത്. മൂന്ന് ഡിഗ്രി തണുപ്പിലും ഭഗവാന്റെ മുന്നില്‍ മേളം അവതരിപ്പിക്കാന്‍ സാധിക്കുന്നത് ജന്മസുകൃതവും ഗുരുനാഥന്മാരുടെ അനുഗ്രഹവുമാണെന്ന് രാധാകൃഷ്ണ മാരാര്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: