ന്യൂദല്‍ഹി: ഇടക്കാല ബജറ്റ് ഭരണത്തുടര്‍ച്ചയുടെ ആത്മവിശ്വാസം ഉള്‍ക്കൊള്ളുന്നതെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ അവതരിപ്പിച്ചത് ഇടക്കാല ബജറ്റ് മാത്രമല്ല, എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്നതും നൂതനവുമായ ബജറ്റ് കൂടിയാണ്. യുവജനങ്ങള്‍, പാവപ്പെട്ടവര്‍, സ്ത്രീകള്‍, കര്‍ഷകര്‍ തുടങ്ങി വികസിത ഭാരതത്തിന്റെ എല്ലാ സ്തൂപങ്ങളെയും ബജറ്റ് ശാക്തീകരിക്കും, ധനമന്ത്രി നിര്‍മല സീതാരാമന്റെ കാഴ്ചപ്പാടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. 2047ല്‍ വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്ന ഉറപ്പാണ് ഈ ബജറ്റ് നല്‍കുന്നത്. യുവഭാരതത്തിന്റെ അഭിലാഷങ്ങളുടെ പ്രതിഫലനം കാണാനായി. ഗവേഷണത്തിനും നവീകരണത്തിനുമായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചതും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതി ഇളവുകളുടെ വിപുലീകരണവും തെളിയിക്കുന്നത് ഇതാണ്. ധനക്കമ്മി നിയന്ത്രണത്തിലാക്കി, 21-ാം നൂറ്റാണ്ടിലെ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം യുവാക്കള്‍ക്ക് ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളുണ്ടാക്കും.
വന്ദേ ഭാരത് നിലവാരത്തില്‍ 40,000 ആധുനിക ബോഗികള്‍ നിര്‍മിക്കുകയും അവ ജനറല്‍, പാസഞ്ചര്‍ ട്രെയിനുകളില്‍ സ്ഥാപിക്കുകയും ചെയ്യുന്നത് രാജ്യത്തെ വിവിധ റെയില്‍വെ റൂട്ടുകളിലെ കോടിക്കണക്കിന് യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകും.
നാം ഒരു വലിയ ലക്ഷ്യംവച്ചു, അത് നേടിയെടുക്കുന്നു, എന്നിട്ട് അതിലും വലിയ ലക്ഷ്യം സ്വയം മുന്നോട്ടു വയ്ക്കുന്നു. നഗര-ഗ്രാമങ്ങളില്‍ രണ്ടു കോടി വീടുകള്‍ കൂടി നിര്‍മിക്കാനുള്ള പ്രഖ്യാപനവും മൂന്നുകോടി ലക്ഷാധിപതി വനിതകളെ സൃഷ്ടിക്കാനുള്ള പദ്ധതിയും ഇതിന്റെ ഭാഗമാണ്. ആയുഷ്മാന്‍ ഭാരത് യോജനയുടെ ആനുകൂല്യങ്ങള്‍ അങ്കണവാടികള്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും വ്യാപിപ്പിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിച്ച് അവരെ ശാക്തീകരിക്കാനുള്ള സര്‍ക്കാരിന്റെ മുന്‍ഗണന പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പുരപ്പുറ സൗരോര്‍ജ്ജ കാമ്പയിനിലൂടെ ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി ലഭിക്കുമെന്നും അധിക വൈദ്യുതി സര്‍ക്കാരിന് വിറ്റ് പ്രതിവര്‍ഷം 15,000 മുതല്‍ 18,000 രൂപ വരെ ഓരോ കുടുംബത്തിനും വരുമാനം നേടാമെന്നും അദ്ദേഹം പറഞ്ഞു.
മധ്യവര്‍ഗത്തില്‍പ്പെട്ട ഒരു കോടിയോളം പൗരന്മാര്ക്ക് ആശ്വാസം നല്കുന്ന ആദായ നികുതി ഇളവ് പദ്ധതി പ്രധാനമന്ത്രി പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: