ന്യൂദൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്ക് കേന്ദ്ര ധനമന്ത്രി നിർമല സീതരാമനാണ് ബജറ്റ് അവതരിപ്പിക്കുക. ഇടക്കാല ബജറ്റ് കൂടെ അവതരിപ്പിക്കുന്നതോടെ ആറു ബജറ്റുകൾ അവതരിപ്പിച്ച ആദ്യ വനിത ധനമന്ത്രിയായി നിർമ്മല സീതാരാമൻ മാറും.
സ്ത്രീപക്ഷ ബജറ്റാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സൂചന നൽകിയിരുന്നു. തെരഞ്ഞെടുപ്പിനുശേഷം സമ്പൂർണ ബജറ്റ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ആദായ നികുതി ഇളവുകൾ, ക്ഷേമപദ്ധതികൾ, സ്ത്രീകൾക്കും കർഷകർക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യത. ഇടക്കാല ബജറ്റുകളിൽ സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചേക്കും.
ബജറ്റ് പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള വോട്ട് ഓൺ അക്കൗണ്ട് മാത്രമായിരിക്കുമെന്നാണ് സൂചന. എങ്കിലും ആദായ നികുതിയിൽ വലിയ ഇളവുകൾക്ക് സാധ്യത നിലനിൽക്കുന്നുണ്ട്. 2024 ൽ പാരീസ് ഒളിംപിക്സ് നടക്കാനിരിക്കുന്നത് കണക്കിലെടുത്ത് കായികരംഗത്തും പ്രഖ്യാപനങ്ങൾ വന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: