ന്യൂദൽഹി: ജനപക്ഷം നേതാവ് പി സി ജോർജ് ബിജെപിയിൽ ചേർന്നു. ദൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഉച്ചയ്‌ക്ക് രണ്ട് മണിയോടെ നടന്ന ചടങ്ങിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, ഒപ്പം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. വൈകിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
കേരളത്തിലെ കരുത്തനായ നേതാവാണ് പി സി ജോർജെന്നും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പോരാടുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിൻ്റേതെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.
ജനപക്ഷം സെക്കുലർ പാർട്ടി നേതാവും പൂഞ്ഞാർ എംഎൽഎയുമായിരുന്ന പി.സി ജോർജ് കഴിഞ്ഞ ദിവസമാണ് ബിജെപിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പിന്തുണ നൽകുന്നതാണ് ശരിയെന്നായിരുന്നു പി.സി ജോർജിന്റെ പ്രഖ്യാപനം. താനടക്കമുള്ള ജനപക്ഷം അംഗങ്ങൾ ബിജെപിയോട് ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. അംഗത്വമെടുത്ത് ഔദ്യോഗിക ബിജെപി അംഗമാകാൻ തന്നെയാണ് എല്ലാ ജനപക്ഷം അംഗങ്ങളും താത്പര്യപ്പെടുന്നതെന്നും പി.സി ജോർജ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: