മാലെ: മാലദ്വീപ് പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് നേരെ അജ്ഞാതരുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഹുസൈൻ എഡികെ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ തലസ്ഥാനമായ മാലെയിലെ ഒരു തെരുവിൽ വച്ചായിരുന്നു ആക്രമണം.
ആക്രമണത്തിൽ ഷമീമിന് ഗുരുതരമായി പരിക്കേറ്റതായി മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി മാലദ്വീപ് പാര്‍ലമെന്റ് അംഗങ്ങളെ ഗുണ്ടാസംഘങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ സര്‍ക്കാര്‍ നയിച്ചിരുന്ന ഇന്ത്യ അനുകൂല ‘മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി’യാണ് ഷമീമിനെ നിയമിച്ചത്.
അതേസമയം, പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനും അദ്ദേഹത്തിന്റെ സർക്കാരിനുമെതിരെ ഇംപീച്ച്മെൻ്റ് നടപടികൾ ആരംഭിക്കുന്നതിന് അവിശ്വാസ പ്രമേയം ആരംഭിക്കുന്നതിന് ആവശ്യമായ ഒപ്പുകൾ ശേഖരിച്ചതായി എംഡിപി അറിയിച്ചു. ചൈനയെ അനുകൂലിക്കുന്ന പ്രസിഡൻ്റിനെതിരെ ഇംപീച്ച്മെൻ്റ് പ്രമേയം ഉടൻ പാർലമെൻ്റിൽ അവതരിപ്പിച്ചേക്കും.
ഇംപീച്ച്മെൻ്റ് ഒഴിവാക്കാൻ മുഹമ്മദ് മുയിസു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇന്ത്യ അനുകൂല മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിക്കും സഖ്യത്തിനും പാർലമെൻ്റിൽ ഭൂരിപക്ഷമുള്ളതിനാൽ മുഹമ്മദ് മുയിസുവിനെ പ്രസിഡൻ്റ് സ്ഥാനത്തുനിന്നും മാറ്റാനുള്ള സാധ്യത കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: