ന്യൂദല്‍ഹി :സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ശ്രീലങ്കന്‍ മത്സ്യബന്ധന കപ്പല്‍ മോചിപ്പിച്ച് ഇന്ത്യന്‍ നാവിക സേന. സീഷെല്‍സ് പ്രതിരോധ സേനയുടെയും ശ്രീലങ്കന്‍ നാവികസേനയുടെയും സഹകരണത്തോടെയാണ് മത്സ്യബന്ധന കപ്പല്‍ മോചിപ്പിച്ചതെന്ന് നാവികസേന ചൊവ്വാഴ്ച അറിയിച്ചു.
മൂന്ന് കടല്‍ക്കൊള്ളക്കാര്‍ സീഷെല്‍സ് കോസ്റ്റ് ഗാര്‍ഡിന് കീഴടങ്ങിയതായും ആറ് ജീവനക്കാരും സുരക്ഷിതരാണെന്നും കപ്പല്‍ സീഷെല്‍സിലെ മാഹിയിലേക്ക് കൊണ്ടുപോകുകയാണെന്നും നാവികസേന അറിയിച്ചു.
സൊമാലിയയിലെ മൊഗാദിഷുവില്‍ നിന്ന് ഏകദേശം 955 നോട്ടിക്കല്‍ മൈല്‍ കിഴക്കായി ശ്രീലങ്കന്‍ പതാക വഹിക്കുന്ന മത്സ്യബന്ധന കപ്പല്‍ ലൊറെന്‍സോ പുത്ത കടല്‍ക്കൊളളക്കാര്‍ പിടിച്ചെടുത്തത് ഈ മാസം27 നാണ്. മൂന്ന് കടല്‍ക്കൊള്ളക്കാരാണ് മത്സ്യബന്ധന കപ്പലില്‍ കടന്നുകയറിയത്. തുടര്‍ന്ന് 28ന് നാവികസേന ഐഎന്‍എസ് ഷര്ദയെ വിന്യസിച്ചു.
കൂടാതെ, ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്ററിലക്ക് ശ്രീലങ്ക, സീഷെല്‍സ് ഇന്റര്‍നാഷണല്‍ ലെയ്സണ്‍ ഓഫീസര്‍മാര്‍ വിവരം നല്കി. തുടര്‍ന്ന് ഇന്ന് സീഷെല്‍സ് എക്സ്ക്ലൂസീവ് ഇക്കണോമിക് സോണില്‍ മത്സ്യബന്ധന കപ്പല്‍ തടഞ്ഞു. പിന്നാലെ കടല്‍ക്കൊളളക്കാരെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇന്ത്യന്‍ നാവികസേന കടല്‍ക്കൊളളക്കാരില്‍ നിന്ന് മോചിപ്പിക്കുന്ന മൂന്നാമത്തെ കപ്പലാണിത്.
തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന കപ്പലായ അല്‍ നഈമിയില്‍ നടത്തിയ ഓപ്പറേഷനില്‍ സൊമാലിയന്‍ കടല്‍ക്കൊളളക്കാരില്‍ നിന്ന് 19 പാകിസ്ഥാന് പൗരന്മാരെ രക്ഷപ്പെടുത്തിയതായി നാവികസേന കഴിഞ്ഞ ദിവസം അറിയിച്ചു. നേരത്തേ ഇറാനിയന്‍ പതാക വഹിക്കുന്ന മത്സ്യബന്ധന കപ്പല്‍ എഫ്വി ഇമാനിലെ കടല്‍ക്കൊള്ള ശ്രമം പരാജയപ്പെടുത്തി, അതിലെ 17 ജീവനക്കാരെയും മോചിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: