ന്യൂദല്‍ഹി: പ്രാണ പ്രതിഷ്ഠയ്ക്ക് പിന്നാലെ രാംലല്ല വിഗ്രഹത്തില്‍ എന്തോ മാറ്റം ഉണ്ടായതായി തോന്നിയെന്ന് ശില്പി അരുണ്‍ യോഗിരാജ്. ഒരു ദേശിയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യയിലെ ക്ഷേത്രത്തിലെ ഗര്ഭഗൃഹത്തിനുള്ളില് സ്ഥാപിച്ചിരിക്കുന്ന ശ്രീരാമന്റെ വിഗ്രഹം തന്റെതല്ലെന്നും, താന്‍ കേവലം ഒരു ഉപകരണമാണെന്നും അദേഹം പറഞ്ഞു.
ഞാന്‍ രാം ലല്ലയുടെ പ്രതിമയുടെ എല്ലാ കോണുകളില്‍ നിന്നുള്ള ഫോട്ടോകള്‍ എടുത്തിട്ടുണ്ട്. വിഗ്രഹം ഗര്‍ഭഗൃഹത്തിലേക്ക് മാറ്റിയ ശേഷവും ഞാന്‍ അവിടെ 10-12 മണിക്കൂര്‍ ചെറിയ ചില ജോലികള്‍ ചെയ്തു. എന്നാല്‍ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ഞാന്‍ വിഗ്രഹത്തില്‍ കണ്ടത് ഒരു മാറ്റമാണ്. അത് തികച്ചും വ്യത്യസ്തമായി കാണപ്പെട്ടു. അപ്പോഴാണ് ഞാന്‍ ഇതിന് ഒരു ഉപകരണം മാത്രമായിരുന്നുവെന്ന് തോന്നിയതെന്നും അരുണ്‍ പറഞ്ഞു.
തന്റെ അടുത്ത പ്രോജക്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍, കഴിഞ്ഞ ഒമ്പത് മാസമായി എല്ലാതരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്നും തനിക്ക് ഇതുവരെ ഫോണ്‍ കോളുകളൊന്നും ലഭിച്ചിട്ടില്ലെന്നും അരുണ്‍ യോഗിരാജ് പറഞ്ഞു. ഞാന്‍ ചെയ്തതില്‍ ഞാന്‍ ശരിക്കും സന്തുഷ്ടനാണ് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: